IndiaLatest

ഭാരതത്തിലേയ്‌ക്ക് ആദ്യ C-295 ട്രാൻസ്‌പോര്‍ട്ട് വിമാനം

“Manju”

ഡല്‍ഹി: ഇന്ത്യൻ വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വി.ആര്‍ ചൗധരി ഇന്ന് സ്പെയിനില്‍ എത്തും. ഭാരതത്തിനായി ആഗോള വിമാന നിര്‍മ്മാതാക്കളായ എയര്‍ബസ് നിര്‍മ്മിച്ച ആദ്യത്തെ സി-295 ട്രാൻസ്‌പോര്‍ട്ട് വിമാനം ഏറ്റുവാങ്ങാനാണ് വ്യോമസേനാ മേധാവിയുടെ സ്പെയിൻ സന്ദര്‍ശനം.

56 വിമാനങ്ങള്‍ക്കായാണ് ഇന്ത്യൻ എയര്‍ഫോഴ്‌സ് കരാര്‍ ഒപ്പിട്ടിരിക്കുന്നത്. ഇതില്‍ 16 എണ്ണം സ്പെയിനിലും ബാക്കി 40 എണ്ണം ടാറ്റയുടെയും എയര്‍ബസിന്റെയും സംയുക്ത സംരംഭമായ ഗുജറാത്തിലെ വഡോദരയിലുമാണ് നിര്‍മ്മിക്കുന്നത്. ദിവസങ്ങള്‍ക്കുള്ളില്‍ C-295 ട്രാൻസ്പോര്‍ട്ട് എയര്‍ക്രാഫ്റ്റ് ഭാരതത്തിലെത്തും.

എയര്‍ബസില്‍ നിന്നുള്ള ആദ്യത്തെ വിമാനം ബുധനാഴ്ച സ്‌പെയിനിലെ സെവില്ലില്‍ നിന്നാണ് ഇന്ത്യൻ വ്യോമസേനാ മേധാവി ഏറ്റുവാങ്ങുന്നത്. ചടങ്ങിന് ശേഷം ഈ വിമാനത്തിലാണ് അദ്ദേഹം തിരികെ ഭാരതത്തിലേയ്‌ക്ക് എത്തുന്നത്. ഭാരതം ഓര്‍ഡര്‍ ചെയ്ത 16 വിമാനങ്ങളില്‍ ആദ്യത്തേതാണ് ഇത്. ഇന്ത്യൻ പ്രതിരോധ മന്ത്രാലയവും സ്പെയിനിലെ എയര്‍ബസ് ഡിഫൻസ് ആൻഡ് സ്പേസും 2021 സെപ്തംബറിലാണ് ഇന്ത്യൻ വ്യോമസേനയ്‌ക്കായി 56 സി-295 വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള കരാറില്‍ ഒപ്പുവച്ചത്. സി-295 മെഗാവാട്ട് വിമാനം 5-10 ടണ്‍ ശേഷിയുള്ള ഒരു ഗതാഗത വിമാനമാണ്. ഇന്ത്യൻ വ്യോമസേനയുടെ പഴകിയ അവ്രൊ വിമാനം മാറ്റി സി-295 ഉപയോഗിക്കും.

കരാര്‍ ഒപ്പിട്ട് 48 മാസത്തിനുള്ളില്‍ 16 വിമാനങ്ങള്‍ സ്പെയിനില്‍ നിന്ന് ഭാരതത്തില്‍ എത്തിക്കും. കരാര്‍ ഒപ്പിട്ട് പത്ത് വര്‍ഷത്തിനുള്ളില്‍ ടാറ്റ കണ്‍സോര്‍ഷ്യം നാല്‍പത് വിമാനങ്ങളും ഭാരതത്തില്‍ നിര്‍മ്മിക്കും. ഒരു സ്വകാര്യ കമ്പനി ഭാരതത്തില്‍ സൈനിക വിമാനം നിര്‍മ്മിക്കുന്ന ആദ്യ പദ്ധതിയാണിത്. 56 വിമാനങ്ങളിലും തദ്ദേശീയമായ ഇലക്‌ട്രോണിക് വാര്‍ഫെയര്‍ സ്യൂട്ടാണ് സ്ഥാപിക്കുന്നത്. ഈ പദ്ധതി ഇന്ത്യയിലെ എയ്‌റോസ്‌പേസ് ഇക്കോസിസ്റ്റത്തിന് ഉത്തേജനം നല്‍കും. രാജ്യത്തുടനീളം വ്യാപിച്ചുകിടക്കുന്ന നിരവധി എംഎസ്‌എംഇകള്‍ വിമാന ഭാഗങ്ങളുടെ നിര്‍മ്മാണത്തില്‍ ഏര്‍പ്പെടും.

Related Articles

Back to top button