India

മംഗലാപുരത്ത് നിന്ന് ആദ്യ ബാർജ് ലക്ഷ്യദ്വീപിലെത്തി

“Manju”

അഗത്തി: മംഗലാപുരം തുറമുഖത്തു നിന്ന് അവശ്യ സാധനങ്ങളുമായി ബാർജ് ലക്ഷദ്വീപിലെത്തി. തിണ്ണക്കര എന്ന ബാർജാണ് ദ്വീപിലെത്തിയത്. ഇതാദ്യമായാണു ഭരണകൂടത്തിന്റെ ഉടമസ്ഥതയിലുള്ള ബാർജ് മംഗലാപുരം തുറമുഖത്തു നിന്നു ലക്ഷദ്വീപിലേക്ക് സാധനങ്ങൾ എത്തിക്കുന്നത്. ലക്ഷദ്വീപിന്റെ വടക്കേയറ്റത്തുള്ള കടമത്ത്, കിൽത്താൻ, ചെത്‌ലത്ത് എന്നീ ദ്വീപുകളിലേക്കാണു ബാർജിൽ സാധനങ്ങൾ എത്തിച്ചത്. ബേപ്പൂർ തുറമുഖത്തെ ഒഴിവാക്കുന്നുവെന്ന വികാരം ദ്വീപിൽ ശക്തി പ്രാപിക്കുന്നതിനിടെയാണു തിണ്ണക്കര ബാർജ് മംഗലാപുരത്തുനിന്നുള്ള കന്നിയാത്ര പൂർത്തിയാക്കിയത്.

അവശ്യ സാധനങ്ങൾക്കായി ദ്വീപുകാർ ബേപ്പൂരിനെയാണു പ്രധാനമായും ആശ്രയിച്ചിരുന്നത്. കൊച്ചിയിൽ നിന്നു ബാർജുകളിൽ ഇവ എത്തിക്കാറുണ്ടെങ്കിലും ദൂരക്കൂടുതലുള്ളതിനാൽ ബേപ്പൂരിനായിരുന്നു പ്രഥമ പരിഗണന. എന്നാൽ, സ്ഥലപരിമിതി, ബെർത്ത് ലഭ്യതക്കുറവ് എന്നിവയുൾപ്പെടെ ബേപ്പൂർ തുറമുഖത്തെ അസൗകര്യങ്ങൾ ബാർജുകളിലെ ചരക്കു കയറ്റിറക്കത്തെ ബാധിച്ചിരുന്നു.

വടക്കൻ ദ്വീപുകളിൽ നിന്നുള്ള ദൂരം പരിഗണിക്കുമ്പോൾ ബേപ്പൂർ തുറമുഖത്തേക്കാൾ കൂടുതൽ അടുത്താണു മംഗലാപുരമെന്നതിനാൽ യാത്രാദൂരത്തിലും കയറ്റിറക്കു സമയത്തിലുമുള്ള ലാഭം ചരക്കു നീക്കത്തിന്റെ വേഗം വർധിപ്പിക്കുമെന്നതാണു മംഗലാപുരം തുറമുഖത്തെ കൂടുതലായി ആശ്രയിക്കാനുള്ള തീരുമാനത്തിനു പിന്നിലെന്ന് അധികൃതർ വ്യക്തമാക്കി.

ബേപ്പൂരിൽ ചരക്കു കയറ്റിറക്കിന് 6–7 ദിവസം വേണ്ടിവന്നിരുന്ന സ്ഥാനത്തു കേവലം 17 മണിക്കൂർ കൊണ്ടു പൂർത്തിയാക്കി ബാർജ് പുറപ്പെടാനായെന്ന് അധികൃതർ പറയുന്നു. 200 മെട്രിക് ടൺ ഇന്ധനവും 15–20 മണിക്കൂർ സമയവുമാണു കന്നി യാത്രയിലെ ലാഭം.

കൂടാതെ, ബേപൂരിനേക്കാൾ കൂടുതൽ അടിസ്ഥാന സൗകര്യങ്ങളും സുരക്ഷയും മംഗളൂരു വാഗ്ദാനം ചെയ്യുന്നു. അതേസമയം, ദ്വീപുകൾക്കും മംഗളൂരുവിനും ഇടയിൽ യാത്രാ കപ്പൽ സർവീസ് ആരംഭിക്കാൻ ലക്ഷദ്വീപ് ഭരണകൂടം ഒരുങ്ങുകയാണ്.

Related Articles

Back to top button