KeralaLatest

ആലപ്പുഴ– തിരുവനന്തപുരം ട്രെയിൻ ക്ഷാമം

“Manju”

ആലപ്പുഴ ; തീരദേശ റെയിൽപാതയിലെ ട്രെയിൻ ക്ഷാമത്തിനു പരിഹാരം തേടി ഇന്നു റെയിൽവേ ബോർഡ് ചെയർമാനെ കാണുമെന്ന് എ.എം.ആരിഫ് എംപി അറിയിച്ചു. ഈ പാതയിലൂടെ വന്ദേ ഭാരത് അനുവദിക്കണം എന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ അവതരിപ്പിക്കും. രാവിലെ 6.35ന് ഗുരുവായൂർ – തിരുവനന്തപുരം ഇന്റർസിറ്റി ട്രെയിൻ ആലപ്പുഴ സ്റ്റേഷനിൽ നിന്നു പോയിക്കഴിഞ്ഞാൽ വൈകിട്ടു 3.35ന് നേത്രാവതി എക്സ്പ്രസ് എത്തുന്നതു വരെ ഈ റൂട്ടിൽ ട്രെയിനില്ല എന്നതു വലിയ പ്രശ്നമാണ്.

ഏതാണ്ട് 7 മണിക്കൂർ നേരമാണു തിരുവനന്തപുരം ഭാഗത്തേക്കു മറ്റൊരു പ്രതിദിന ട്രെയിനും ഇല്ലാത്തത്. ആലപ്പുഴയിൽ യാത്ര അവസാനിപ്പിക്കുന്ന ദീർഘദൂര ട്രെയിനുകൾ തിരുവനന്തപുരം വരെ നീട്ടുന്നതു യാത്രാക്ലേശം പരിഹരിക്കാൻ ഉപകരിക്കും. ഇക്കാര്യങ്ങളും ചർച്ചയിൽ ഉന്നയിക്കും.

കൂടുതൽ ട്രെയിനുകൾ ഈ പാതയിൽ ഓടിക്കണമെന്നു പലതവണ അധികൃതരോട് ആവശ്യപ്പെട്ടതാണെന്ന് ആരിഫ് പറഞ്ഞു. ഇപ്പോഴത്തെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ അമ്പലപ്പുഴ– എറണാകുളം പാത ഇരട്ടിപ്പിക്കാത്തതു വലിയ തടസ്സമാണ്. പല ട്രെയിനുകളും പിടിച്ചിടേണ്ടി വരുന്നു. പല ട്രെയിനുകളും വൈകുന്നു. യാത്ര ചെയ്തു കൊണ്ടിരിക്കുന്നവർക്ക് ഇതു വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുമുണ്ട്. എറണാകുളം– തുറവൂർ ഭാഗത്തു പാത ഇരട്ടിപ്പിക്കലിനുള്ള നടപടികൾ വേഗത്തിൽ നീങ്ങുന്നുണ്ട്. എന്നാൽ, തുറവൂർ – അമ്പലപ്പുഴ ഭാഗത്ത് അത്രയും പുരോഗതിയില്ല. ഇക്കാര്യങ്ങളും ബോർ‍ഡ് ചെയർമാന്റെ ശ്രദ്ധയിൽ പെടുത്തുമെന്ന് എംപി പറഞ്ഞു.

ട്രെയിൻ‍ നീട്ടലുമായി ബന്ധപ്പെട്ടു രണ്ടു സാധ്യതകൾ കൂടി റെയിൽവേ ബോർഡിനെ അറിയിക്കും. ആലപ്പുഴയിൽ യാത്ര അവസാനിപ്പിക്കുന്ന ചില മെമു ട്രെയിനുകൾ കുറച്ചു സമയം കഴിഞ്ഞു വേറെ നമ്പറിൽ കൊല്ലത്തേക്കും അവിടെ നിന്നു നാഗർകോവിലിലേക്കുമൊക്കെ പോകുന്നുണ്ട്. അവ ഒറ്റ ട്രെയിനായി ഓടിക്കാവുന്നതാണ്.

എറണാകുളത്തു യാത്ര അവസാനിപ്പിക്കുന്നവയിൽ ആലപ്പുഴ വഴി തിരുവനന്തപുരത്തേക്കു നീട്ടാവുന്ന ട്രെയിനുകളുണ്ട്. നിസാമുദ്ദീൻ – എറണാകുളം മംഗള എക്സ്പ്രസ്, പട്ന – എറണാകുളം പ്രതിവാര ട്രെയിൻ, കാരയ്ക്കൽ – എറണാകുളം എക്സ്പ്രസ്, ബറൂണി – എറണാകുളം എന്നിവ തിരുവനന്തപുരം വരെ നീട്ടാൻ കഴിയും

Related Articles

Back to top button