LatestThiruvananthapuram

ദാഹമകറ്റാന്‍ സൗജന്യ സേവനവുമായി ചാക്ക സ്വദേശി

“Manju”

തിരുവനന്തപുരം : വഴിയോരത്ത് ദാഹമകറ്റാന്‍ കടകളെ ആശ്രയിക്കേണ്ട സാഹചര്യത്തിലാണ് ഈ ബിസിനസ്‌കാരന്‍ പുതിയ ഒരു സംരംഭവുമായി എത്തിയത്. സാധനങ്ങള്‍ക്ക് ഒപ്പം ഇന്ന് കുടിവെളളത്തിനും മിനിമം 20 രൂപ കൊടുക്കേണ്ട സമയത്താണ് ഇദ്ദേഹം ഈ സൗജന്യ സേവനം നടത്തുന്നത്. ചാക്കയില്‍ എയര്‍പോര്‍ട്ട് റോഡിലൂടെ പോകുന്ന വഴിയാത്രികര്‍ക്ക് ദാഹമകറ്റാന്‍ ഏത് സമയവും വെള്ളം ഇവിടെയുണ്ട്, ചൂടുവെള്ളവും തണുത്തവെള്ളവും. ദുബായില്‍ ബിസിനസ് ചെയ്യുന്ന ചാക്ക സ്വദേശി സെയ്ദ് മുഹമ്മദ് സാദിഖ് (കുഞ്ഞുമോന്‍) ആണ് ഈ സൗകര്യമൊരുക്കിയത്.

മുക്കാല്‍ ലക്ഷത്തോളം രൂപ ചെലവായെങ്കിലും ആരും ദാഹിച്ചുവലയില്ലെന്നതാണ് ആശ്വാസം. ഒരു വര്‍ഷം മുമ്പാണ് ചാക്ക ഐടിഐക്ക് സമീപം പുതിയ വീടുവച്ചത്. മതിലില്‍ ചൂട് വെള്ളവും തണുത്ത വെള്ളവുമെടുക്കാന്‍ പ്രത്യേകം പൈപ്പുകളും കപ്പും തയ്യാറാക്കി. മതിലിന് പിന്നില്‍ വെള്ളം ശുദ്ധീകരിക്കാനുള്ള ഫില്‍റ്റര്‍ സംവിധാനവുമുണ്ട്.

ഗള്‍ഫില്‍ പലയിടത്തും ഇത്തരത്തില്‍ വെള്ളം നല്‍കുന്നത് കണ്ടാണ് വീട് നിര്‍മാണ ഘട്ടത്തില്‍ ഈ ആശയം പ്രാവര്‍ത്തികമാക്കിയതെന്ന് സാദിഖ് പറയുന്നു. നിരവധിയാളുകള്‍ കുപ്പിവെള്ളം വാങ്ങിയാണ് ദാഹമകറ്റുന്നത്. എന്നാല്‍, ഇതിന് സാധിക്കാത്തവരുമുണ്ട്. അവരെയുദ്ദേശിച്ചാണ് വിതരണം തുടങ്ങിയത്. വിദ്യാര്‍ഥികളും തൊഴിലാളികളും ഡ്രൈവര്‍മാരുമടക്കം നിരവധിയാളുകള്‍ ഈ സംവിധാനം പ്രയോജനപ്പെടുത്തുന്നുണ്ട്. സഹോദരന്‍ നാസറിന്റെ വീട്ടിലും നേരത്തെ ഇത്തരത്തില്‍ സൗകര്യമൊരുക്കിയിരുന്നു. ഭാര്യ സുല്‍ഫത്തും മക്കളായ നബിലും സബിലും എല്ലാ പിന്തുണയുമായി ഒപ്പമുണ്ട്.

Related Articles

Back to top button