InternationalLatest

ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഹിന്ദു ക്ഷേത്രം ന്യൂജേഴ്‌സിയില്‍ ഒരുങ്ങുന്നു.

“Manju”

ന്യൂജേഴ്സി: ലോകത്തെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രങ്ങളിലൊന്ന് ന്യൂജേഴ്‌സിയില്‍ ഒരുങ്ങുകയാണ്. ഭാരതത്തിന് പുറത്തുള്ള ഏറ്റവും വലിയ രണ്ടാമത്തെ ഹിന്ദു ക്ഷേത്രമെന്ന ഖ്യാതിയാണ് ന്യൂജേഴ്‌സിയിലെ സ്വാമിനാരായണ്‍ അക്ഷര്‍ധാം ക്ഷേത്രം സ്വന്തമാക്കുക. ഒക്ടോബര്‍ എട്ടിനാണ് ക്ഷേത്രം ഔദ്യോഗികമായി നാടിന് സമര്‍പ്പിക്കുന്നത്.

ന്യൂയോര്‍ക്കിലെ ടൈം സ്‌ക്വയറില്‍ നിന്നും 90 കിലോ മീറ്റര്‍ അകലെയും വാഷിംഗ്ടണ്‍ ഡിസിയില്‍ നിന്നും 289 കിലോ മീറ്റര്‍ അകലെയുമായാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ന്യൂജേഴ്‌സിയിലെ റോബിൻസ്വില്ലേ ടൗണ്‍ഷിപ്പിലാണ് ബാപ്‌സ് സ്വാമിനാരായണ്‍ ഹിന്ദുക്ഷേത്രമുള്ളത്. കഴിഞ്ഞ 12 വര്‍ഷത്തോളമായി ഇതിന്റെ പണി പുരോഗമിക്കുകയാണ്. 2011 മുതലാണ് ക്ഷേത്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ഇന്ത്യയില്‍ നിന്നടക്കമുള്ള 12,500 തൊഴിലാളികള്‍ ചേര്‍ന്നാണിത് നിര്‍മിക്കുന്നത്. 2014 ഓഗസ്റ്റ് 10ന് ക്ഷേത്രത്തിന്റെ പ്രധാന ഭാഗങ്ങളുടെ നിര്‍മാണം പൂര്‍ത്തിയായതോടെ ഭക്തര്‍ക്കായി തുറന്നുകൊടുത്തു.

ലോകത്തിന്റെ വിവിധയിടങ്ങളില്‍ നിന്നും നിരവധി പേര്‍ ഇതിനോടകം തന്നെ ക്ഷേത്ര ദര്‍ശനത്തിനായി ഇവിടേക്ക് എത്തുന്നുണ്ട്. ഏകദേശം 183 ഏക്കറിലധികം പ്രദേശത്താണ് ഈ ക്ഷേത്രം വ്യാപിച്ചുകിടക്കുന്നത്. ഹിന്ദു സംസ്‌കാരവും പുരാതന ഹിന്ദു ഗ്രന്ഥങ്ങളും അടിസ്ഥാനമാക്കിയാണ് ക്ഷേത്രത്തിന്റെ രൂപകല്‍പന. അതിവിശിഷ്ടമായ കൊത്തുപണികളും ക്ഷേത്രചുവരുകളില്‍ തീര്‍ത്തിട്ടുണ്ട്. ആയിരം വര്‍ഷം നീണ്ടുനില്‍ക്കുന്ന തരത്തിലാണ് ക്ഷേത്രം രൂപകല്‍പന ചെയ്തിരിക്കുന്നത്.

അക്ഷര്‍ധാമിലെ ഓരോ കല്ലിനും സവിശേഷതയുണ്ട്. തിരഞ്ഞെടുത്ത നാല് തരം കല്ലുകളില്‍ ലൈംസ്റ്റോണ്‍, പിങ്ക് സാൻഡ്സ്റ്റോണ്‍, മാര്‍ബിള്‍, ഗ്രാനൈറ്റ് എന്നിവ ഉള്‍പ്പെടുന്നു. ഇതിന് കടുത്ത ചൂടും തണുപ്പും നേരിടാൻ കഴിയും. ഒക്ടോബര്‍ 8ന് ബാപ്‌സ് ആത്മീയ ആചാര്യൻ മഹന്ത് സ്വാമി മഹാരാജിന്റെ നേതൃത്വത്തില്‍ ഔപചാരികമായി ക്ഷേത്രം ഉദ്ഘാടനം ചെയ്യും. ഒക്ടോബര്‍ 18 മുതല്‍ ഇത് ഭക്തര്‍ക്കായി തുറന്നുകൊടുക്കും.

ലോകത്തേറ്റവും വലിയ ഹിന്ദു ക്ഷേത്രമായ അങ്കോര്‍ വാട്ട്കംബോഡിയയിലാണ് സ്ഥിതിചെയ്യുന്നത്. നിലവില്‍ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടംപിടിച്ച ഈ ക്ഷേത്രം 500 ഏക്കറോളം വിസ്തൃതിയിലാണ് വ്യാപിച്ചുകിടക്കുന്നത്. സ്വാമിനാരായണ്‍ അക്ഷര്‍ധാം ക്ഷേത്രത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാകുന്നതോടെ ലോകത്തേറ്റവും വലിയ രണ്ടാമത്തെ ഹിന്ദുക്ഷേത്രമാകും സ്വാമിനാരായണ്‍ അക്ഷര്‍ധാം ക്ഷേത്രം. അതേസമയം ആധുനിക കാലഘട്ടത്തില്‍ നിര്‍മ്മിച്ച ഏറ്റവും വലിയ ക്ഷേത്രമെന്ന ബഹുമതി സ്വാമിനാരായണ്‍ അക്ഷര്‍ധാമിന് തന്നെയാകും. 2005 നവംബറില്‍ പൊതുജനങ്ങള്‍ക്കായി തുറന്ന ഡല്‍ഹിയിലെ അക്ഷര്‍ധാം ക്ഷേത്രം 100 ഏക്കറിലാണ് പരന്നുകിടക്കുന്നത്.

 

Related Articles

Back to top button