InternationalLatestSports

ലോകകപ്പിന് നാളെ കൊടിയേറും

“Manju”

ദോഹ: അറബ് മണ്ണില്‍ വിരുന്നെത്തിയ ലോകകപ്പ് ഫുട്ബോള്‍ ചാമ്ബ്യന്‍ഷിപ്പിന് നാളെ ദോഹയില്‍ തുടക്കം. ഇന്ത്യന്‍ സമയം രാത്രി 9.30ന് ആതിഥേയരായ ഖത്തര്‍-ഇക്വഡോറുമായി ഏറ്റുമുട്ടുന്നതോടെ 22-ാം ലോകകപ്പിന് തുടക്കം.അല്‍ഖോറിലെ അല്‍ ബെയ്ത്ത് സ്റ്റേഡിയമാണ് ഉദ്ഘാടന മത്സരത്തിന്റെ വേദി. ലുസൈല്‍ സ്റ്റേഡിയം കഴിഞ്ഞാല്‍ ലോകകപ്പിനായി ഖത്തര്‍ ഒരുക്കിയിരിക്കുന്ന രണ്ടാമത്തെ വലിയ സ്റ്റേഡിയമാണിത്. 60,000 കാണികളെ ഇവിടെ ഉള്‍ക്കൊള്ളാം.
ഉദ്ഘാടന മത്സരത്തിന് മുന്‍പായി ഇന്ത്യന്‍ സമയം രാത്രി 7.30ന് ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കമാകുമെങ്കിലും കലാപരിപാടകള്‍ തുടങ്ങുന്നത് എട്ട് മണിയോടെ. ഖത്തറിന്റെ ചരിത്രവും പാരമ്ബര്യവും തനിമയും ഉള്‍പ്പെടുന്ന കലാരൂപങ്ങള്‍ ഉദ്ഘാടന ചടങ്ങില്‍ അവതരിപ്പിക്കും. അവയെന്തൊക്കെയാണെന്നത് സസ്‌പെന്‍സായി നിലനിര്‍ത്തിയിരിക്കുകയാണ് സംഘാടകര്‍.
കിക്കോഫിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ, അല്‍ ബിദ്ദ പാര്‍ക്കിലെ ഫിഫ ഫാന്‍ ഫെസ്റ്റിവല്‍ വേദി കഴിഞ്ഞ ദിവസം ആരാധകര്‍ക്കായി തുറന്നു. ഇന്ന് മുതല്‍ സജീവമാകുന്ന ഫിഫ ഫാന്‍സോണിന്റെ തയ്യാറെടുപ്പുകളും സുരക്ഷാ പരിശോധനയും വിലയിരുത്തുന്നതിനായ കഴിഞ്ഞ ദിവസം പരീക്ഷണ പരിപാടിയും സംഘടിപ്പിച്ചു. ഈ നിമിഷത്തിനായി കാത്തിരുന്ന ഫുട്ബോള്‍ ആരാധകര്‍ ഫാന്‍ സോണിലെ 188 ഹെക്ടറില്‍ പരന്നു കിടക്കുന്ന അല്‍ ബിദ്ദയിലേക്ക് ഒഴുകിയെത്തി. ഹയ്യാ കാര്‍ഡുള്ളവര്‍ക്കായിരുന്നു കര്‍ശന പരിശോധനയിലൂടെ പാര്‍ക്കിനുള്ളിലേക്ക് പ്രവേശനം അനുവദിച്ചത്.
ആകാശം തൊടുന്ന ഉയരത്തില്‍ കൂറ്റന്‍ സ്‌ക്രീനില്‍ അപ്പോഴേക്കും പാട്ടും ഡാന്‍സും തുടങ്ങിയിരുന്നു. തൊട്ടു താഴെയുള്ള വേദിയില്‍ നിറഞ്ഞാടുന്ന കാലകാരന്മാര്‍ക്ക് മുമ്ബാകെ പലദേശക്കാര്‍ നിറഞ്ഞു. മെക്സിക്കോ, ടുണീഷ്യ, അര്‍ജന്റീന, ബ്രസീല്‍, ഇംഗ്ലണ്ട്, ഫ്രാന്‍സ് തുടങ്ങി ലോകകപ്പില്‍ മാറ്റുരയ്ക്കുന്ന ടീമുകളുടെ ആരാധകര്‍ ഓരോ ഇടത്തായി കേന്ദ്രീകരിച്ച്‌ പാട്ടിനൊപ്പം ചുവടുവച്ചു. 20,000 പേര്‍ പ്രവേശിച്ചതോടെ ഗേറ്റുകള്‍ അടഞ്ഞു. എങ്കിലും വൈകാതെ അകത്തു കയറാന്‍ കഴിയുമെന്ന കാത്തിരിപ്പില്‍ കോര്‍ണിഷിലെ തെരുവിലും അല്‍ ബിദ്ദ പാര്‍ക്കിന് പുറത്തുമായി ആയിരങ്ങള്‍ തടിച്ചുകൂടിയിരുന്നു. തിരക്ക് നിയന്ത്രിച്ച ശേഷം, കൂടുതല്‍ പേരെ പ്രവേശിപ്പിച്ച്‌ ഫാന്‍ ഫെസ്റ്റിന്റെ ആഘോഷത്തിന് കൊടിയേറ്റമായി.
പോപ് സംഗീത ലോകത്തെ രാജാവ് മൈക്കല്‍ ജാക്സനുള്ള ആദരവായാണ് സംഗീത പരിപാടി അരങ്ങേറിയത്. മൈക്കല്‍ ജാക്സന്‍ ഷോകളിലൂടെ ലോകപ്രശസ്തിയാര്‍ജിച്ച റോഡ്രിഗോ ടീസറായിരുന്നു ‘ജാക്സ്ണ്‍ ട്രിബ്യൂട്ടിന്’ നേതൃത്വം നല്‍കിയത്. ഇന്ന് മുതല്‍ ഡിസംബര്‍ 18 വരെ രാവിലെ 10 മുതല്‍ രാത്രി 10 വരെ ഫാന്‍ എന്‍ഗേജ്മെന്റ് സെന്റര്‍ പ്രവര്‍ത്തിക്കും. ലോകകപ്പില്‍ ആദ്യമായാണ് ഫിഫ ഹോസ്റ്റ് കണ്‍ട്രി ഫാന്‍ എന്‍ഗേജ്മെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്. 60 രാജ്യങ്ങളില്‍നിന്നായി 400ലധികം ഫാന്‍ ലീഡര്‍ ഇതിന്റെ ഭാഗമാണ്.
ഇന്നലെ ബെല്‍ജിയം, സ്പെയിന്‍, ജപ്പാന്‍, ക്രൊയേഷ്യ, ഘാന, കോസ്റ്ററിക്ക ടീമുകള്‍ ലോകകപ്പിനായി ദോഹയിലെ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെത്തി. ഇന്ന് ബ്രസീല്‍, കാമറൂണ്‍, പോര്‍ച്ചുഗല്‍, സെര്‍ബിയ, ഉറുഗ്വെ ടീമുകളും എത്തും.

Related Articles

Back to top button