KeralaLatest

കെ.ജി. ജോര്‍ജിന്റെ സംസ്‌കാരം നാളെ വൈകിട്ട്

“Manju”

കൊച്ചി: അന്തരിച്ച മുന്‍ സംവിധായകന്‍ കെജി ജോര്‍ജിന്റെ സംസ്‌കാരം നാളെ വൈകീട്ട് നാലരയ്ക്ക്. കൊച്ചിയിലെ രവിപുരം ശ്മശശാനത്തിലാണ് സംസ്‌കാരം നടക്കുകയെന്ന് ഫെഫ്ക ഭാരവാഹികള്‍ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ പതിനൊന്നു മുതല്‍ വൈകീട്ട് മൂന്ന് മണിവരെ എറണാകുളം ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. വൈകീട്ട് ആറിന് മാക്ടയും ഫെഫ്കയും സംയുക്തമായി അനുസ്മരണം സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
ഇന്നലെ രാവിലെ കാക്കനാട്ടെ വയോജന കേന്ദ്രത്തില്‍വച്ചായിരുന്നു അന്ത്യം. പക്ഷാഘാതത്തെത്തുടര്‍ന്ന് 6 വര്‍ഷമായി ഇവിടെയായിരുന്നു താമസം. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നു സംവിധാനം പഠിച്ചു. പ്രശസ്ത സംവിധായകന്‍ രാമു കാര്യാട്ടിന്റെ സംവിധാന സഹായിയായാണു സിനിമയിലെത്തിയത്. ആദ്യമായി സംവിധാനം ചെയ്ത ‘സ്വപ്നാടന’ത്തിന് 1976ല്‍ മികച്ച മലയാള ചിത്രത്തിനുള്ള ദേശീയപുരസ്‌കാരം ലഭിച്ചു. ഉള്‍ക്കടല്‍, മേള, യവനിക, ലേഖയുടെ മരണം ഒരു ഫ്‌ലാഷ്ബാക്ക്, ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം, ഇരകള്‍, മറ്റൊരാള്‍, ഇലവങ്കോടുദേശം തുടങ്ങി 40 വര്‍ഷത്തെ സിനിമാജീവിതത്തില്‍ 19 സിനിമകള്‍ സംവിധാനം ചെയ്തു.
1945 മേയ് 24നു തിരുവല്ലയില്‍ സാമുവലിന്റെയും അന്നമ്മയുടെയും മകനായാണ് കുളക്കാട്ടില്‍ ഗീവര്‍ഗീസ് ജോര്‍ജിന്റെ ജനനം. ദേശീയ ഫിലിം അവാര്‍ഡ് ജൂറി അംഗം, സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി അധ്യക്ഷന്‍, കെഎസ്‌എഫ്ഡിസി അധ്യക്ഷന്‍, മാക്ട ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങളും വഹിച്ചു. 2016ല്‍ ജെ.സി.ഡാനിയേല്‍ പുരസ്‌കാരത്തിന് അര്‍ഹനായി. ആദാമിന്റെ വാരിയെല്ല്, ഇരകള്‍ എന്നീ ചിത്രങ്ങളിലൂടെ തിരക്കഥയ്ക്കുള്ള സംസ്ഥാന പുരസ്‌കാരവും നേടി.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങി സാമൂഹികരംഗത്തെ നിരവധിപേര്‍ അനുശോചനം രേഖപ്പെടുത്തി. സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്തതിലൂടെ ആസ്വാദക ഹൃദയത്തില്‍ ഇടംപിടിച്ച സംവിധായകനാണ് കെജി ജോര്‍ജെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
പാപ്പുക്കുട്ടി ഭാഗവതരുടെ മകളും ഗായികയുമായ സെല്‍മയാണു ഭാര്യ. മക്കള്‍: അരുണ്‍ ജോര്‍ജ് (കോര്‍പറേറ്റ് കമ്യൂണിക്കേഷന്‍, പനാഷെ അക്കാദമി, ഗോവ), താര (ഖത്തര്‍ എയര്‍വേയ്‌സ്, ദോഹ). മരുമകള്‍: നിഷ.

Related Articles

Back to top button