IndiaLatest

ഏഷ്യൻ ഗെയിംസില്‍ ചരിത്രമെഴുതി ബാഡ്മിന്റണ്‍ ഡബിള്‍സ് ടീം

“Manju”

ഹാങ്ചൗ: 2023 ഏഷ്യന്‍ ഗെയിംസില്‍ ചരിത്രമെഴുതി ഇന്ത്യയുടെ ബാഡ്മിന്റണ്‍ ഡബിള്‍സ് താരങ്ങളായ സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം. ഏഷ്യന്‍ ഗെയിംസ് പുരുഷ ബാഡ്മിന്റണ്‍ ഡബിള്‍സ് വിഭാഗത്തില്‍ ഫൈനലിലിടം നേടിയതോടെയാണ് ഇരുവരും ചരിത്രത്തിന്റെ ഭാഗമായത്. ഇതാദ്യമായാണ് പുരുഷ ഡബിള്‍സ് ബാഡ്മിന്റണില്‍ ഇന്ത്യന്‍ താരങ്ങള്‍ ഫൈനലിലെത്തുന്നത്.

സെമിയില്‍ മലേഷ്യയുടെ മുന്‍ ലോകചാമ്പ്യന്മാരായ ആരോണ്‍ ചിയ-സോഹ് വൂയി യിക് സഖ്യത്തെ അട്ടിമറിച്ചാണ് ഇന്ത്യന്‍ ടീം ഫൈനലിലെത്തിയത്. നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സാത്വിക്-ചിരാഗ് സഖ്യത്തിന്റെ വിജയം. സ്‌കോര്‍: 21-17, 21-12. വെറും 45 മിനിറ്റ് കൊണ്ട് മത്സരം അവസാനിച്ചു. ഫൈനലില്‍ ദക്ഷിണകൊറിയയുടെ കിം വോണ്‍ ഹോ-ചോയ് സോള്‍ഗ്യു സഖ്യമാണ് ഇന്ത്യന്‍ സഖ്യത്തിന്റെ എതിരാളി.

ഇതോടെ ഈ ഇനത്തില്‍ ഇന്ത്യ ചുരുങ്ങിയത് വെള്ളി മെഡലെങ്കിലും സ്വന്തമാക്കും. സ്വര്‍ണം നേടിയാല്‍ അത് ചരിത്രമാണ്. ഏഷ്യന്‍ ഗെയിംസില്‍ ബാഡ്മിന്റണില്‍ ഇന്ത്യ ഇതുവരെ സ്വര്‍ണം നേടിയിട്ടില്ല. ഇത്തവണ ബാഡ്മിന്റണ്‍ ടീം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. പുരുഷ സിംഗിള്‍സില്‍ മലയാളി താരം എച്ച് എസ് പ്രണോയ് വെങ്കലം നേടിയപ്പോള്‍ പുരുഷ ടീം വെള്ളി നേടിയിരുന്നു.

Related Articles

Back to top button