InternationalLatest

സൈക്കിയിലേക്ക് പുറപ്പെടാനൊരുങ്ങി നാസ

“Manju”

 

ഒന്നും പിന്നെ ഒരു 15 പൂജ്യവും എഴുതിയാല്‍ ലഭിക്കുന്ന സംഖ്യ എന്തായിരിക്കുമെന്ന് ഊഹിക്കാമോ? അതേ, അത്രമാത്രം മൂല്യം വരുന്ന സ്വത്തുക്കളാണ് ഒരു ഛിന്നഗ്രഹത്തില്‍ ഒളിഞ്ഞിരിക്കുന്നത്. ആ ഛിന്നഗ്രഹത്തിലേക്ക് പുറപ്പെടാനുള്ള തയ്യാറെടുപ്പിലാണ് നാസയുടെ പേടകം.

ചൊവ്വയ്‌ക്കും വ്യാഴത്തിനും ഇടയിലുള്ള പ്രധാന ഛിന്നഗ്രഹ വലയത്തിന്റെ പുറംഭാഗത്തായാണ് സൈക്കി ഛിന്നഗ്രഹം സ്ഥിതി ചെയ്യുന്നത്. ഒക്ടോബര്‍ 12-ന് രാവിലെ പത്ത് മണിയോടെയാകും സൈക്കിയെ ലക്ഷ്യവെച്ച്‌ സൈക്കി പേടകംകുതിക്കുക. ഛിന്നഗ്രഹത്തിലെ പാറക്കൂട്ടങ്ങളെ വിശദമായി പഠിക്കുന്നത് വഴി ഗ്രഹങ്ങളുടെ കാമ്ബുകളെ കുറിച്ചും ഭൂമിയുടെ രൂപീകരണത്തെ കുറിച്ചുമുള്ള അതിനിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് വിവരം. ഗ്രഹങ്ങള്‍ എങ്ങനെ രൂപപ്പെട്ടിട്ടുണ്ടാകാമെന്ന ചോദ്യത്തിനുള്ള ഉത്തരം നല്‍കാൻ ഈ പര്യവേക്ഷണത്തിന് കഴിയുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ.

പാറയേക്കാളും ഐസിനേക്കാളും കൂടുതല്‍ ലോഹങ്ങളുള്ള ഒരു ഛിന്നഗ്രഹത്തെക്കുറിച്ച്‌ പഠിക്കാനുള്ള നാസയുടെ ആദ്യ ദൗത്യമാണിത്. ആഗോള സമ്ബദ് വ്യവസ്ഥയെ മറികടക്കാൻ സാധ്യതയുള്ള ആകാശഗോളത്തെ പര്യവേക്ഷണം ചെയ്യുകയാണ് ദൗത്യത്തിന്റെ ലക്ഷ്യമെന്ന് നാസ വ്യക്തമാക്കി. നിലവില്‍ ലോകത്തിന്റെ മൊത്തം ജിഡിപി 105 ട്രില്യണ്‍ ഡോളര്‍ ആണ്. എന്നാല്‍ ഈ ഛിന്നഗ്രഹത്തിന്റെ മൂല്യം 10,000 ക്വാഡ്രില്യണ്‍ ഡോളര്‍ ആണ്!

1852-ല്‍ ഇറ്റാലിയൻ വാനശാസ്ത്രജ്ഞനായ അനിബെലെ ഡി ഗ്യാസപാരിസ് ആണ് ഈ ഛിന്നഗ്രഹം കണ്ടെത്തിയത്. ഗ്രീക്ക് പുരാണപ്രകാരം ആത്മാവിന്റെ ദേവന്റെ പേരാണ് ഇതിന് നല്‍കിയിരിക്കുന്നത്. ലോഹങ്ങളാല്‍ സമ്ബുഷ്ടമാണ് സൈക്കി ഛിന്നഗ്രഹം. ഗ്രഹങ്ങളുടെ വിവിധ ഭാഗങ്ങള്‍ ചേര്‍ന്നാണ് ഇവ രൂപം കൊണ്ടത്. ഇവ ഒരു കുന്തത്തിന്റെ രൂപത്തിലായിരുന്നുവെങ്കില്‍ ഡല്‍ഹി മുതല്‍ ചണ്ഡീഗഡ് വരെയുള്ള ദൂരമുണ്ടാവുമായിരുന്നു ഇതിന്റെ നീളം. തമിഴ്നാട് സംസ്ഥാനത്തേക്കാള്‍ ദൂരമുണ്ടാവും ഈ ഛിന്നഗ്രഹം. അത്രയ്‌ക്കും വലുതാണിതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

ഭൂമിയുടെ അടിസ്ഥാന ശിലയെ പരിശോധിക്കുക അസാധ്യമായ കാര്യമാണ്. ഗുരുത്വാകര്‍ഷണ ഫലം ശക്തമായതിനാല്‍ അവിടേക്ക് എത്താൻ സാധിക്കില്ല. അതുകൊണ്ട് ഛിന്നഗ്രങ്ങളെ പരിശോധിക്കുകയാണ് മികച്ച മാര്‍ഗം. അതിനാലാണ് സൈക്കിയെ ഛിന്നഗ്രഹത്തിലേക്ക് അയക്കുന്നത്. പ്രപഞ്ചം ഉണ്ടായത് മുതലുള്ള കാര്യങ്ങള്‍ ഛിന്നഗ്രഹങ്ങളുടെ പ്രതലത്തില്‍ അടങ്ങിയിട്ടുണ്ടാവും. പാറക്കഷ്ണങ്ങളും, മണ്ണും പൊടിയുമെല്ലാം ഇതിന്റെ തെളിവുകളാണ്. ഇവ പരിശോധിക്കുന്നതിലൂടെ പ്രപഞ്ചം എങ്ങനെ സൃഷ്ടിക്കപ്പെട്ടു, ഭൂമി ഇന്നത്തെ അവസ്ഥയിലേക്ക് എങ്ങനെ എത്തി എന്നെല്ലാം മനസ്സിലാക്കാൻ സാധിക്കും. എങ്ങനെയാണ് ജീവജാലങ്ങള്‍ രൂപപ്പെട്ടതെന്നതിനെ കുറിച്ചെല്ലാം ഏകദേശം ധാരണയും ലഭിക്കും. ഇത് വലിയ വഴിത്തിരിവായി മാറും.

 

 

Related Articles

Back to top button