InternationalLatestSports

ക്രിക്കറ്റ് : ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും

“Manju”

ന്യൂഡല്‍ഹി : ഓസ്ട്രേലിയക്കെതിരെ കടുത്ത പോരാട്ടം നടത്തിയതിന്റെ ക്ഷീണം പൂര്‍ണമായും മാറിയിട്ടില്ല ഇന്ത്യൻ ടീമിന്.  24 മണിക്കൂര്‍ കഴിയുമ്ബോഴേക്കും ചെന്നൈയില്‍നിന്ന്  അവര്‍ അടുത്ത മാച്ചിനായി ഡല്‍ഹിയിലെത്തി. ഇന്ന് അഫ്ഗാനിസ്ഥാനെതിരെ ഇറങ്ങുമ്പോള്‍ ക്ഷീണം തീര്‍ക്കണം. സിക്സറുകളുടെ മൈതാനമാണ് ഡല്‍ഹി. മൂന്നുദിവസംമുമ്പ് ദക്ഷിണാഫ്രിക്ക–ശ്രീലങ്ക മത്സരത്തില്‍ പറന്നത് 31 സിക്സറുകളായിരുന്നു. ഇരുടീമുകളും അടിച്ചുകൂട്ടിയത് 754 റണ്‍. ലോകകപ്പിലെ അതിവേഗ സെഞ്ചുറിയും ഇവിടെ പിറന്നു.
ഓസീസിനെതിരെ ബാറ്റിങ് നിരയുടെ പരീക്ഷണമായിരുന്നു. അത് അതിജീവിക്കാനായി. എങ്കിലും ക്യാപ്റ്റൻ രോഹിത് ശര്‍മയ്ക്ക് ബാറ്റര്‍ എന്ന നിലയില്‍ നിരാശയായിരുന്നു ഈ മത്സരം. ഇഷാൻ കിഷനും ശ്രേയസ് അയ്യരും ആദ്യകളിയിലെ ഞെട്ടലില്‍നിന്ന് തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ്. വിരാട് കോഹ്ലി–കെ എല്‍ രാഹുല്‍ സഖ്യമായിരുന്നു ഓസീസിനെതിരെ ജയമൊരുക്കിയത്. ഇരുവര്‍ക്കും സമ്മര്‍ദമില്ലാതെ ബാറ്റ് ചെയ്യാനുള്ള അവസരംകൂടിയാണ് ഇന്ന്.
അഫ്ഗാൻ ആദ്യകളിയില്‍ തോറ്റു. ബംഗ്ലാദേശിനോട് 156 റണ്ണിനാണ് പുറത്തായത്. ബാറ്റിങ് നിരയില്‍ വിശ്വാസംപോര അവര്‍ക്ക്. ഹഷ്മത്തുള്ള ഷാഹിദിയാണ് ക്യാപ്റ്റൻ. മൂന്ന് സിക്സര്‍കൂടി നേടിയാല്‍ രോഹിത് രാജ്യാന്തര ക്രിക്കറ്റിലെ ഒന്നാമനാകും. രോഹിതിന് 551 സിക്സറാണ്. ഒന്നാമതുള്ള വെസ്റ്റിൻഡീസിന്റെ ക്രിസ് ഗെയ്ലിന് 553ഉം.
ശുഭ്മാൻ ഗില്ലിന്റെ അഭാവത്തില്‍ ഇഷാൻ കിഷൻതന്നെ ഓപ്പണറായി തുടരും. സ്പിന്നര്‍മാരാണ് അഫ്ഗാന്റെ കരുത്ത്. റാഷിദ് ഖാൻ, മുജീബ് ഉര്‍ റഹ്മാൻ, മുഹമ്മദ് നബി എന്നിവരാണ് സ്പിൻ വകുപ്പില്‍. പേസര്‍മാരെ കടന്നാക്രമിക്കാനായിരിക്കും ഇന്ത്യൻ ബാറ്റര്‍മാരുടെ ശ്രമം. ശ്രേയസിന് സ്പിന്നമാര്‍ക്കെതിരെ മികച്ച റെക്കോഡുണ്ട്. പേസര്‍മാര്‍ക്ക് ഗുണംകിട്ടുന്ന പിച്ചില്‍ ആര്‍ അശ്വിൻ–-രവീന്ദ്ര ജഡേജ–-കുല്‍ദീപ് യാദവ് സ്പിൻ ത്രയത്തില്‍ ഒരാളെ പുറത്തിരുത്താൻ സാധ്യതയുണ്ട്. അങ്ങനെയാണെങ്കില്‍ അശ്വിനാകും ഒഴിവാകുക. പേസര്‍ മുഹമ്മ് ഷമി നാലുവര്‍ഷംമുമ്ബ് അഫ്ഗാനെതിരെ ഹാട്രിക് നേടിയിരുന്നു. പക്ഷെ, ഷമിയെ ഉള്‍പ്പെടുത്തിയാല്‍ ബാറ്റിങ് കരുത്ത് കുറയും. ഈ സാഹചര്യത്തില്‍ ശാര്‍ദുല്‍ ഠാക്കൂറിനായിരിക്കും സാധ്യത. ഇന്ത്യൻ നിരയില്‍ അഫ്ഗാനിസ്ഥാനെതിരെ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ബൗളര്‍ ജഡേജയാണ്.
ഇന്ത്യൻ ടീം: രോഹിത് ശര്‍മ, ഇഷാൻ കിഷൻ, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിൻ/ശാര്‍ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.
അഫ്ഗാനിസ്ഥാൻ ടീം: റഹ്മത്തുള്ള ഗുര്‍ബാസ്, ഇബ്രാഹിം സദ്രാൻ, റഹ്മത് ഷാ, ഹഷ്മത്തുള്ള ഷാഹിദി, നജീബുള്ള സദ്രാൻ, മുഹമ്മദ് നബി, അഷ്മത്തുള്ള ഒമര്‍സായി, റാഷിദ് ഖാൻ, മുജീബ് ഉര്‍ റഹ്മാൻ, നവീൻ ഉള്‍ ഹഖ്, ഫസല്‍ഹഖ് ഫാറൂഖി.
ന്യൂസിലൻഡ് മുന്നില്‍ , നോട്ടം റണ്‍നിരക്കില്‍
ടീമുകള്‍ പരസ്പരം ഏറ്റുമുട്ടുന്ന മത്സരക്രമമായതിനാല്‍ ഈ ലോകകപ്പില്‍ റണ്‍നിരക്ക് നിര്‍ണായക ഘടകമാകും. ഇന്ന് ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ അഫ്ഗാനിസ്ഥാനെതിരെ ഇറങ്ങുമ്ബോള്‍ ഇന്ത്യൻ ടീമിന്റെ ശ്രദ്ധ ഇതിലാണ്. നിലവില്‍ റണ്‍നിരക്കില്‍ ദക്ഷിണാഫ്രിക്കയാണ് മുന്നില്‍.
പോയിന്റ് പട്ടികയില്‍ മൂന്നാമതുള്ള ദക്ഷിണാഫ്രിക്കയുടെ റണ്‍നിരക്ക് 2.040 ആണ്. രണ്ട് കളിയില്‍ നാല് പോയിന്റുമായി ഒന്നാമതുള്ള കിവികളുടേത് 1.958. പാകിസ്ഥാൻ (0.927) രണ്ടാമതാണ്. ഇന്ത്യയുടേത് 0.883, ഇംഗ്ലണ്ടിന്റെ -0.533. ഡല്‍ഹിയിലെ ബാറ്റിങ് പിച്ചില്‍ വലിയ സ്കോര്‍ നേടി മുന്നേറാനാകും ഇന്ത്യ ശ്രമിക്കുക.

Related Articles

Back to top button