KeralaLatest

സ്കൂൾ ഏകീകരണം പൂർണമായി നടപ്പാക്കാനൊരുങ്ങി

“Manju”

തിരുവനന്തപുരം: ഖാദർ കമ്മിറ്റി റിപ്പോർട്ടിൽ ശുപാർശ ചെയ്ത ഹൈസ്കൂൾ – ഹയർ സെക്കൻഡറി ഏകീകരണം പൂർണമായി നടപ്പാക്കാനൊരുങ്ങി സർക്കാർ. ഇപ്പോഴുള്ളപോലെ സെക്കൻഡറി, ഹയർ സെക്കൻഡറി വേർതിരിവുണ്ടാകില്ല. പകരം, ദേശീയ വിദ്യാഭ്യാസനയത്തിന് അനുസൃതമായി ഒമ്പതുമുതൽ 12വരെ ക്ലാസുകൾ ഒന്നിച്ച് സെക്കൻഡറി എന്ന തലത്തിലേക്കു മാറും. ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ നിയോഗിച്ച കോർകമ്മിറ്റിയുടെ റിപ്പോർട്ടും പ്രത്യേക ചട്ടത്തിന്റെ കരടും മന്ത്രി വി. ശിവൻകുട്ടിക്ക് കൈമാറി.

നിലവിൽ കേരളത്തിൽ എട്ടാം ക്ലാസ് ഹൈസ്കൂൾ വിദ്യാഭ്യാസത്തിന്റെ ഭാഗമാണ്. ഏകീകരണം നടപ്പായാൽ എട്ടാം ക്ലാസിനെ ഒറ്റയടിക്കു വിഭജിക്കില്ല. നിലവിലുള്ള സ്കൂളിന്റെ പ്രവർത്തനത്തെയും അധ്യാപകരുടെ സർവീസിനെയും ബാധിക്കാത്ത വിധത്തിലാവും അതു നടപ്പാക്കുക.
ഭാവിയിൽ സെക്കൻഡറിയിലേക്ക് പ്രത്യേക കേഡർ എന്ന നിലയിൽ അധ്യാപകനിയമനം പരിവർത്തനം ചെയ്യപ്പെടും. ഇപ്പോഴുള്ള ഹയർ സെക്കൻഡറി ജൂനിയർ അധ്യാപകർ ഒമ്പത്, പത്ത് ക്ലാസുകളിൽ പഠിപ്പിക്കാൻ സന്നദ്ധരായാൽ അവർക്ക് സീനിയർ പ്രമോഷൻ നൽകാൻ കോർ കമ്മിറ്റി റിപ്പോർട്ടിൽ ശുപാർശ ചെയ്തതായി അറിയുന്നു. ഇത് നിർബന്ധിത വ്യവസ്ഥയല്ല. സ്വയം സന്നദ്ധരാകുന്നവർക്ക് ഒമ്പത്, പത്ത് ക്ലാസുകളിലെ പീരിയഡ് കണക്കാക്കി സീനിയറായി സ്ഥാനക്കയറ്റം നൽകും. സയൻസ്, കൊമേഴ്‌സ്, ഇംഗ്ലീഷ് വിഷയങ്ങളിലായിരിക്കും പ്രധാനമായും ഈ മാറ്റം.
ഏകീകരണം പൂർണമായി സെക്കൻഡറി കേഡർ വരുന്നതോടെ, ഭാവിയിൽ സീനീയർ തസ്തിക ഉണ്ടായേക്കില്ല. അധ്യാപക കോഴ്‌സുകളിലും പരിശീലനത്തിലുമൊക്കെ സർക്കാർ പരിഷ്കാരങ്ങൾ നടപ്പാക്കുമെന്ന് വിദ്യാഭ്യാസവകുപ്പ് അധികൃതർ പറഞ്ഞു.  അതേസമയം, കോർ കമ്മിറ്റി ശുപാർശ ഇതുവരെ സർക്കാർ പരസ്യപ്പെടുത്തിയിട്ടില്ല. സേവന വ്യവസ്ഥകളിൽ മാറ്റം നിർദേശിക്കുന്ന കരടുചട്ടം ചർച്ചയ്ക്കായി അധ്യാപക സംഘടനകൾക്കും കൈമാറിയിട്ടില്ല. സ്കൂൾ സമയമാറ്റം നിർദേശിച്ചിട്ടുള്ള ഖാദർ കമ്മിറ്റി റിപ്പോർട്ടിന്റെ രണ്ടാംഭാഗവും സർക്കാർ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. ശുപാർശകൾ എന്നു മുതൽ നടപ്പാക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടില്ല.

Related Articles

Back to top button