InternationalLatest

മറമാടാൻ ഇടമില്ലാതെ ഗസ്സ; ‍ കൂട്ട ഖബറിടങ്ങള്‍

“Manju”

മറമാടാൻ ഇടമില്ലാതെ ഗസ്സയില്‍ കൂട്ട ഖബറിടങ്ങള്‍ ഒരുക്കുന്നു
ഗസ്സ:  ഗസ്സയില്‍ മരിച്ചുതീരുന്ന മനുഷ്യരെ മറമാടാൻ ഇടമില്ലാത്തതിനാല്‍ കൂട്ട ഖബറിടങ്ങള്‍ ഒരുക്കുന്നു.
ഇടതടവില്ലാതെ മൃതദേഹങ്ങള്‍ എത്തുന്നതിനാല്‍ ഖബര്‍സ്ഥാനുകള്‍ നിറഞ്ഞുകവിയുന്നു.  ഗസ്സയില്‍ പലയിടങ്ങളിലും കൂട്ട ഖബറുകള്‍ ഒരുക്കിയാണ് ഖബറടക്കം ചെയ്യുന്നതെന്ന് ഫലസ്തീനിലെ വഫ വാര്‍ത്ത ഏജൻസി റിപ്പോര്‍ട്ട് ചെയ്തു. ഒഴിഞ്ഞുപോകുന്നവര്‍ക്കു നേരെയും ബോംബിടുന്ന ഇസ്രായേല്‍ ക്രൂരതയില്‍ ഗസ്സയിലെ മരണസംഖ്യ 2300 കവിഞ്ഞു. ഇതില്‍ 725 കുട്ടികളെങ്കിലും ഉള്‍പ്പെടും. 8700ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
വടക്കൻ ഗസ്സയിലെ ജനങ്ങളോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടതിലൂടെ 10 ലക്ഷം പേര്‍ ജന്മനാട്ടില്‍നിന്ന് പുറന്തള്ളപ്പെട്ടതായി ഐക്യരാഷ്ട്രസഭയുടെ ഫലസ്തീൻ അഭയാര്‍ഥികാര്യ വിഭാഗം അറിയിച്ചു. ഫലസ്തീനുമേല്‍ ബോംബുവര്‍ഷം തുടരുന്നതിനിടയില്‍തന്നെ കര വഴിയുള്ള അധിനിവേശത്തിന് ഇസ്രായേല്‍ അവസാനവട്ട ഒരുക്കത്തിലാണ്. ഞായറാഴ്ച ഗസ്സ അതിര്‍ത്തി മതിലിനോടു ചേര്‍ന്ന് ടാങ്കുകള്‍ വിന്യസിച്ചുതുടങ്ങി. എന്നാല്‍, ദിവസങ്ങള്‍ കഴിഞ്ഞിട്ടും കരയാക്രമണം സംബന്ധിച്ച്‌ ഇസ്രായേല്‍ ഒന്നും വിട്ടുപറയുന്നില്ല. കരയാക്രമണം തുടങ്ങുമെന്ന ഭീഷണിയില്‍ ഞായറാഴ്ചയും വടക്കൻ ഗസ്സയില്‍നിന്ന് തെക്കൻ മേഖലയിലേക്ക് പലായനം തുടരുകയാണ്. ഖാൻ യൂനുസിലേക്ക് നിരവധി പേരാണ് എത്തുന്നത്. ഇവിടെയുള്ള യു.എൻ ക്യാമ്ബില്‍ 20,000 പേരാണുള്ളത്. 70 ശതമാനം ഗസ്സ നിവാസികള്‍ക്കും ഇപ്പോള്‍ ആരോഗ്യസേവനം കിട്ടുന്നില്ലെന്ന് ഫലസ്തീൻ ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
അതേസമയം, ഇസ്രായേല്‍ പദ്ധതികള്‍ നടപ്പാകുംവരെ മറ്റു രാഷ്ട്രങ്ങളുടെ ഇടപെടല്‍ ഉണ്ടാവില്ലെന്ന് ഉറപ്പിക്കുകയാണ് യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ ലക്ഷ്യമെന്ന് ആരോപണമുയര്‍ന്നു. ബ്ലിങ്കൻ ഇന്ന് വീണ്ടും ഇസ്രായേലില്‍ എത്തും. അതേസമയം, സൗദി അറേബ്യയുമായും ഖത്തറുമായും നടത്തിയ ചര്‍ച്ചകള്‍ ഏറെ ഫലപ്രദമാണെന്ന് ബ്ലിങ്കൻ അവകാശപ്പെട്ടു. എന്നാല്‍, നിരപരാധികളുടെ ജീവൻ അപഹരിക്കുന്ന ഗസ്സയിലെ സൈനികനടപടി ഉടൻ അവസാനിപ്പിക്കണമെന്നാണ്, റിയാദില്‍ ബ്ലിങ്കനുമായുള്ള കൂടിക്കാഴ്ചയില്‍ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിൻ സല്‍മാൻ ആവശ്യപ്പെട്ടത്.
ഇസ്രായേലിന് പിന്തുണയുമായി യു.എസിന്റെ രണ്ടാം വിമാനവാഹിനിക്കപ്പല്‍ മെഡിറ്ററേനിയൻ തീരത്തെത്തി. യു.എസ്.എസ് ഡ്വിറ്റ് ഡി. ഐസനോവറാണ് പശ്ചിമേഷ്യൻ തീരത്തെത്തിയത്. ബ്ലിങ്കൻ ഗസ്സയില്‍ വംശീയ ഉന്മൂലനത്തിന് സൗകര്യമൊരുക്കുകയാണെന്ന് മുതിര്‍ന്ന ഫലസ്തീൻ നയവിദഗ്ധൻ യാര ഹവാരി ആരോപിച്ചു. യുദ്ധക്കെടുതിയില്‍നിന്ന് രക്ഷപ്പെടാൻ മാനുഷിക ഇടനാഴി എന്ന ബ്ലിങ്കന്റെ വാചകം യഥാര്‍ഥത്തില്‍ ഗസ്സക്കാരെ ജന്മനാട്ടില്‍നിന്ന് എന്നെന്നേക്കുമായി പുറന്തള്ളാനുള്ള പദ്ധതിയാണെന്ന് സംശയിക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഗസ്സയില്‍ ഹമാസിനെ നാമാവശേഷമാക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ആവര്‍ത്തിച്ചു.

Related Articles

Back to top button