IndiaLatest

ശരിയായ വിധത്തില്‍ മാസ്‌ക് ധരിക്കാത്ത യാത്രക്കാരെ വിമാനത്തില്‍ നിന്നു പുറത്താക്കണം

“Manju”

ഡല്‍ഹി: ശരിയായ വിധത്തില്‍ മാസ്‌ക് ധരിക്കാത്ത യാത്രക്കാരെ വിമാനത്തില്‍നിന്നു പുറത്താക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി. സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ പുറപ്പെടുവിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ വിമാന കമ്പനികള്‍ക്കു കോടതി നിര്‍ദേശം നല്‍കി.

കൊല്‍ക്കത്തയില്‍നിന്നു ഡല്‍ഹിയിലേക്കുള്ള പറക്കലിനിടെ പല യാത്രക്കാരും ശരിയായ വിധത്തിലല്ല മാസ്‌ക് ധരിച്ചതെന്നു കണ്ട അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ ജസ്റ്റിസ് സി ഹരിശങ്കറാണ് സ്വമേധയാ നടപടിയെടുത്തത്. പല യാത്രക്കാരും മാസ്‌ക് താടിയിലാണ് ധരിച്ചിരുന്നതെന്ന് കോടതി ഓര്‍മിച്ചു. ഇക്കാര്യം കാബിന്‍ ക്യൂവിനോട് ആരാഞ്ഞപ്പോള്‍ തങ്ങള്‍ നിര്‍ദേശിച്ചിട്ടും യാത്രക്കാര്‍ അനുസരിക്കുന്നില്ലെന്നായിരുന്നു പ്രതികരണം. സര്‍ക്കാര്‍ നിര്‍ദേശിച്ച പ്രകാരം മൂക്കും വായും മൂടുന്ന വിധത്തില്‍ വേണം മാസ്‌ക് ധരിക്കേണ്ടതെന്ന് കോടതി പറഞ്ഞു. വായ് മാത്രം മൂടും വിധത്തിലോ താടിയിലോ മാസ്‌ക് ധരിക്കുന്നതു കൊണ്ടു കാര്യമില്ല. പുറപ്പെടുന്നതിനു മുമ്പ് യാത്രക്കാരെ ഇക്കാര്യം ധരിപ്പിക്കണം. അനുസരിക്കാത്തവരെ വിമാനത്തില്‍നിന്ന് ഇറക്കിവിടണമെന്ന് കോടതി പറഞ്ഞു.

ആവര്‍ത്തിച്ചു തെറ്റു ചെയ്യുന്ന യാത്രക്കാരെ കരിമ്ബട്ടികയില്‍ പെടുത്തണം. സ്ഥിരമായോ നിശ്ചിത കാലത്തേയ്‌ക്കോ ഇവരെ യാത്ര ചെയ്യാന്‍ അനുവദിക്കരുത്. യാത്രയ്ക്കിടെ പാലിക്കേണ്ട നിബന്ധനകള്‍ എന്തൊക്കെയെന്ന് ഡിജിസിഎ വ്യക്തമായി വിശദീകരിക്കണം. വെബ് സൈറ്റില്‍ പ്രാധാന്യത്തോടെ ഇക്കാര്യം പ്രസിദ്ധീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

Related Articles

Back to top button