KeralaLatest

ഡോ. റുവൈസിനെ സസ്‌പെന്‍ഡ് ചെയ്ത് ആരോഗ്യവകുപ്പ്

“Manju”

തിരുവനന്തപുരം: ഡോ. ഷഹനയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ. റുവൈസ് സ്ത്രീധനം ചോദിച്ചതിന് തെളിവ് ലഭിച്ചതായി പോലീസ്. ഫോണ്‍ സന്ദേശങ്ങളില്‍നിന്ന് തെളിവ് ലഭിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇതനുസരിച്ച് സ്ത്രീധന നിരോധന നിയമം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങളാണ് റുവൈസിനെതിരെ ചുമത്തിയിട്ടുള്ളതെന്നും പോലീസ് പറഞ്ഞു.

അന്വേഷണത്തിന്റെ ഭാഗമായി റുവൈസിന്റെയും ഷഹനയുടെയും ഫോണുകള്‍ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. റുവൈസിന്റെ ഫോണിലെ പലസന്ദേശങ്ങളും നീക്കംചെയ്തനിലയിലായിരുന്നു. ഇത് വീണ്ടെടുക്കാന്‍ സൈബര്‍ ഫോറന്‍സിക് പരിശോധന നടത്തും. അതിനിടെ, തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പി.ജി. ഡോക്ടറായ ഇ.എ.റുവൈസിനെ ആരോഗ്യവകുപ്പ് സസ്‌പെന്‍ഡ് ചെയ്തു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലാണ് റുവൈസിനെതിരേ നടപടിയെടുത്തത്.

വിഷയത്തില്‍ അന്വേഷണം നടത്താന്‍ ആരോഗ്യമന്ത്രിയും കഴിഞ്ഞദിവസം നിര്‍ദേശം നല്‍കിയിരുന്നു. ഗൗരവതരമായ വിഷയമാണെന്നും ഇത് ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. സംഭവത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്കുമാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. ഇതിനുപിന്നാലെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടറെ സസ്പെന്‍ഡ് ചെയ്തത്.

ഡോ. ഷഹനയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ വ്യാഴാഴ്ച രാവിലെ 11.30-ഓടെ പ്രതി റുവൈസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. വൈദ്യപരിശോധനയ്ക്ക് ശേഷം വൈകിട്ടോടെ പ്രതിയെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.

Related Articles

Back to top button