KeralaLatest

കാലാവസ്ഥ മാറുന്ന കേരളം

നമ്മുടെ കാലാവസ്ഥ തകിടംമറിയുന്നു

“Manju”

തിരുവനന്തപുരം: കാലാവസ്ഥ ആകെ മാറുകയാണ്. ഏത് നിമിഷവും ഇവിടെ പേമാരി പെയ്തിറങ്ങാം.ഏതു മാസവും മഴ പെയ്യാം. മിന്നല്‍ കടലാക്രമണം ഉണ്ടാകാം. വേനലും അതികഠിനമാവാം.

ലോകത്തെ വിവിധ പഠനങ്ങള്‍ ആധാരമാക്കി ഐ.പി.സി.സി (ഇന്റര്‍നാഷണല്‍ പ്രോട്ടോക്കോള്‍സ് ഓഫ് ക്ളൈമറ്റ് ചേയ്ഞ്ച്) തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഈ മുന്നറിയിപ്പുകള്‍.

കുറച്ചുകാലമായി കാലാവസ്ഥ മാറുന്നുണ്ട്. ഈ മാറ്റം തീവ്രമാവും. പത്തു വര്‍ഷം കഴിയുമ്ബോള്‍ ഇപ്പോഴത്തെ കാലാവസ്ഥ ആവില്ല. ഇപ്പോള്‍ അടിക്കടി പെയ്യുന്ന മഴയും പെട്ടെന്ന് ഉയരുന്ന അന്തരീഷ ഊഷ്മാവും ഇത് ശരിവയ്‌ക്കുന്നതായി കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയുടെ പഠനങ്ങളും അടിവരയിടുന്നു.

അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡയോക്സൈ‌ഡ് ക്രമാതീതമായി വര്‍ദ്ധിച്ചതാണ് കാലാവസ്ഥാ മാറ്റത്തിന് പ്രധാന കാരണം. സുരക്ഷിത അളവ് 300 പി.പി.എം (പാര്‍ട്ട്സ് പെര്‍ മില്യണ്‍) ആണ്. അതിപ്പോള്‍ 412 ആയി വര്‍ദ്ധിച്ചു. കാര്‍ബണ്‍ഡയോക്സൈഡ് കൂടുമ്ബോള്‍ അന്തരീക്ഷ താപം കൂടും. ജലാശയങ്ങളില്‍ കൂടുതല്‍ കാര്‍ബണ്‍ ഡയോക്സൈഡ് കലരുമ്ബോള്‍ വെള്ളത്തിന്റെ പി.എച്ച്‌ മൂല്യം കുറഞ്ഞ് അസിഡിറ്റി കൂടും. ഓക്സിജൻ കുറയും. കടലില്‍ നിന്ന് മീഥെയിൻ വാതകവും നൈട്രസ് ഓക്സൈഡും അന്തരീക്ഷത്തില്‍ കലരും. കാര്‍ബണ്‍ ഡയോക്സൈഡ് കൂടുന്നതിനേക്കാള്‍ പത്ത് മടങ്ങാണ് ഇതിന്റെ ദോഷമെന്ന് കുസാറ്റ് പഠനം വ്യക്തമാക്കുന്നു.

കുസാറ്റിലെ ഡോ. അഭിലാഷ്, ഡോ. ബിജോയ് നന്ദൻ, ഡോ. ഷാജു എസ്.എസുമാണ് പഠനങ്ങള്‍ നടത്തിയത്.

അറബിക്കടലില്‍ മുൻപ് ചുഴലിക്കാറ്ര് നാമമാത്രമായിരുന്നു. എപ്പോള്‍ വേണമെങ്കിലും ചുഴലിക്കാറ്ര് രൂപപ്പെടുന്ന സ്ഥിതിയാണിപ്പോള്‍. കടലിലെ മാറ്റങ്ങളാണ് ഇതിന് കാരണമെന്ന് ഗോരഖ്പപൂര്‍ ഐ.എെ.ടിയുടെ പഠനത്തിലും വ്യക്തമായിരുന്നു.

കാലാവസ്ഥ മാറുമ്പോള്‍ കൃഷി രീതിയും മാറും. ലോകത്താകെയുണ്ടാകുന്ന മാറ്റത്തിന്റെ ഭാഗമാണ് കേരളത്തിലെ കാലാവസ്ഥാ മാറ്റം.ഇത് ഇവിടത്തെ കൃഷിയെ മാത്രമല്ല, വരുമാനമേറെയുള്ള ടൂറിസത്തേയും ബാധിക്കും.

തണ്ണീര്‍ത്തട സംരക്ഷണം പ്രധാനം

കാര്‍ബണ്‍ പുറത്തേക്കു വിടാതെ സൂക്ഷിക്കുന്ന തണ്ണീര്‍ത്തട ആവാസവ്യവസ്ഥകളുടെ സംരക്ഷണം പ്രധാനമാണ്. കല്‍ക്കരി ഉപയോഗം കുറയ്ക്കുക, സോളാര്‍ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുക, വൈദ്യുതി ഉപയോഗം കുറയ്ക്കുന്ന ഉപകരണങ്ങള്‍ തുടങ്ങിയ മാര്‍ഗങ്ങള്‍ അന്തരീക്ഷ സംരക്ഷണത്തിന് അനിവാര്യമാണ്. അടുത്ത വര്‍ഷം യു..ഇയില്‍ നടക്കുന്ന കാലവസ്ഥാ ഉച്ചകോടി ( കോപ്പ് ) അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്സൈഡ് കുറയ്‌ക്കാനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യും.

പ്രകൃതിയില്‍ മനുഷ്യരുടെ ഇടപെടലുകള്‍ കരയിലെ അന്തരീക്ഷത്തെ ബാധിക്കും. അത് കടലിലെ അന്തരീക്ഷവും മാറ്റും. ആ മാറ്റങ്ങള്‍ കരയിലേക്കു തന്നെ എത്തും. കോപ് ഉച്ചകോടിയെ ലോകരാജ്യങ്ങള്‍ പ്രതീക്ഷയോടെയാണ് കാണുന്നത്

ഡോ. ഷാജു എസ്.എസ്,

കെമിക്കല്‍ ഓഷ്യനോഗ്രാഫി വിഭാഗം മേധാവി

കുസാറ്റ്.

Related Articles

Back to top button