Alappuzha

വീട്ടിലേക്കുള്ള വഴി മറന്നു; അർധരാത്രിയിൽ അലഞ്ഞ അമ്മയ്ക്ക് വഴികാട്ടിയായി പൊലീസ്

“Manju”

മാവേലിക്കര : വീട്ടിലേക്കുള്ള വഴി മറന്ന് അർധരാത്രിയിൽ നഗരത്തിലൂടെ അലഞ്ഞ അമ്മയ്ക്ക് വഴികാട്ടിയായി പോലീസ്. നരേന്ദ്രപ്രസാദ് ഫൗണ്ടേഷൻ സംഘടിപ്പിച്ച ചടങ്ങിനെത്തിയ കുറത്തികാട് വരേണിക്കൽ കാർത്തിക് ഭവനം ചന്ദ്രമതിയമ്മയെയാണ് എസ്ഐ. എം .എസ് എബിയുടെ നേതൃത്വത്തില്‍ പോലീസ് വീട്ടിലെത്തിച്ചത്. ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ളയെ കണ്ടു നിവേദനം നൽകാനാണു ചന്ദ്രമതിയമ്മ എത്തിയത്.

ഔദ്യോഗിക ചടങ്ങിനു ശേഷം ചന്ദ്രമതിയമ്മ വീട്ടിലേക്ക് പോകാനായി റോഡില്‍ എത്തിയെങ്കിലും വഴി തെറ്റി. കല്ലുമല–ബുദ്ധ ജംക്‌ഷൻ റോഡിലൂടെ ഇന്നലെ രാത്രി ഒരുമണിയോടെ നടന്നു പോകുന്ന ചന്ദ്രമതിയമ്മയെ പട്രോളിങ്ങിനിറങ്ങിയ പൊലീസ് സംഘം കാണുകയായിരുന്നു.  അസമയത്തു റോഡിൽ കണ്ട വയോധികയോട് പൊലീസ് വിവരങ്ങൾ അന്വേഷിച്ചു. വീട് കുറത്തികാട് ആണ്, വഴി തെറ്റി, നേരം പുലരുന്നതു വരെ വൃത്തിയുള്ള കടത്തിണ്ണയിൽ വിശ്രമിക്കാമെന്നു കരുതി നടക്കുകയാണെന്നു അവര്‍ വ്യക്തമാക്കി.

പട്രോളിങ് സംഘം ഉടൻ തന്നെ എസ്എച്ച്ഒ സി.ശ്രീജിത്തിനെ വിവരം അറിയിച്ചു. പൊലീസ് സ്റ്റേഷൻ അതിർത്തി പരിഗണിക്കാതെ വീടു കണ്ടെത്തി അമ്മയെ സുരക്ഷിതമായി എത്തിക്കാൻ ശ്രീജിത് നിർദേശിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എസ്ഐ എം എസ് എബി, സീനിയർ സിവിൽ പൊലീസ് ഓഫിസർ എസ്. റുക്‌സർ, സിവിൽ പൊലീസ് ഓഫിസർ ജി.കാർത്തിക് മോഹൻ, ഹോം ഗാർഡ് സുരേഷ് എന്നിവർ അമ്മയുമായി കുറത്തികാട്ടെത്തി. വഴി കൃത്യമായി അറിയാത്തതിനാൽ രാത്രിയിൽ പ്രദേശത്തെ പല വീടുകളിലുമെത്തി അന്വേഷിച്ചാണ് അവസാനം വീട് കണ്ടെത്തിയത്. മകൻ മാനസിക അസ്വാസ്ഥ്യം ബാധിച്ചു വിവിധയിടങ്ങളിൽ അലഞ്ഞുതിരിഞ്ഞു നടക്കുകയാണ്, ഒറ്റയ്ക്കാണ് താമസമെന്നും ചന്ദ്രമതിയമ്മ പോലീസിനോടു പറഞ്ഞു.


Related Articles

Back to top button