AlappuzhaKeralaLatest

വയോധികയുടെ മരണ ശേഷം കോവിഡ് സ്ഥിരീകരിച്ചു മൃതദേഹം സംസ്കരിച്ചതിനെ ചൊല്ലി തർക്കം

“Manju”

അനൂപ് എം. സി.

മാവേലിക്കര- സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച വയോധികയ്ക്ക് മരണത്തിന് ശേഷം നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. കൊച്ചിക്കൽ തൊമ്മൻ പറമ്പിൽ പി.ജെ ജോണിന്റെ ഭാര്യ കുഞ്ഞമ്മ (82) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. മൃതദേഹം വിട്ടു നൽകുന്നതിന് മുന്നോടിയായി സ്വകാര്യ ആശുപത്രി അധികൃതർ നടത്തിയ ആന്റിജൻ പരിശോധനയിലാണ് കോവിഡ‍് സ്ഥിരീകരിച്ചത്. കോവി‍‍ഡ് സ്ഥിരീകരിച്ചതിനെ തുടർന്നു മാനദണ്ഡങ്ങൾ പാലിച്ച് കുഞ്ഞമ്മയുടെ മൃതദേഹം ഇന്നലെ പുലർച്ചെ കണ്ടിയൂർ കാളചന്തയ്ക്കു സമീപമുള്ള സെമിത്തേരിയിൽ അടക്കം ചെയ്തു.

വീട്ടമ്മയുടെ മൃതദേഹം മാനദണ്ഡങ്ങൾ പാലിക്കാതെയാണ് സെമിത്തേരിയിലെ കല്ലറയിൽ സംസ്കരിച്ചെതെന്ന് ആരോപിച്ചു നാട്ടുകാർ ഇന്നലെ രാവിലെ പ്രതിഷേധിച്ചു. പി.പി.ഇ കിറ്റിന്റെ ഭാഗങ്ങൾ സെമിത്തേരിക്ക് പുറത്ത് കിടക്കുന്നത് കണ്ടതാണ് നാട്ടുകാരെ പ്രകോപിപിച്ചത്. ഇതോടെ നാട്ടുകാർ സംഘടിച്ച് പ്രതിഷേധവുമായി രംഗത്തെത്തി. മൃതദേഹം പുറത്തെടുത്തു ദഹിപ്പിക്കണമെന്ന് ആവശ്യം ഉയർന്നു. നഗരസഭ കൗൺസിലർമാരായ ആർ.രാജേഷ് കുമാർ, സി.സുരേഷ്, രമേഷ് കുമാർ, സി.ഐ ബി.വിനോദ് കുമാർ എന്നിവർ സ്ഥലത്തെത്തി നാട്ടുകാരുമായി ചർച്ച നടത്തി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സംസ്കാരം നടത്തിയതെന്നു സി.ഐ വ്യക്തമാക്കി. പി.പി.ഇ കിറ്റിന്റെ ഭാഗങ്ങൾ പുറത്തിട്ടതും കല്ലറ ശരിക്ക് അടയ്ക്കാഞ്ഞതും ശരിയല്ലെന്നും ഇരുട്ടിൽ മൃതദേഹം മറവു ചെയ്തത് തെറ്റാണെന്നും ജനപ്രതിനിധികൾ പറഞ്ഞു. കല്ലറ സിമിന്റ് ഉപയോഗിച്ചു പ്ലാസ്റ്ററിംഗ് നടത്താമെന്നും പി.പി.ഇ കിറ്റുകൾ സുരക്ഷിതമായി മറവുചെയ്യാമെന്നും പ്രദേശത്ത് അണുനശീകരണം നടത്താമെന്നും ഉറപ്പ് ലഭിച്ചതിന് ശേഷമാണ് നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചത്.

Related Articles

Back to top button