IndiaLatest

നാല് കേന്ദ്രമന്ത്രിമാര്‍ക്ക് വിവിധ വകുപ്പുകളുടെ അധികച്ചുമതല

“Manju”

ന്യൂഡല്‍ഹി: മൂന്ന് മന്ത്രിമാര്‍ രാജിവച്ച്‌ സംസ്ഥാന രാഷ്ടീയത്തിലേക്ക് മടങ്ങിയതിന് പിന്നാലെ നാല് മന്ത്രിമാര്‍ക്ക് അധിക ചുമതല നല്‍കി കേന്ദ്ര സര്‍ക്കാര്‍. വനവാസി ക്ഷേമ വകുപ്പ് മന്ത്രി അര്‍ജ്ജുൻ മുണ്ട, കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍, കൃഷി സഹമന്ത്രി ശോഭ കരന്തലജെ, ആരോഗ്യ സഹമന്ത്രി ഡോ. ഭാരതി പ്രവീണ്‍ പവാര്‍ എന്നിവര്‍ക്കാണ് അധിക ചുമതല നല്‍കിയിരിക്കുന്നത്.

അര്‍ജ്ജുൻ മുണ്ടയ്‌ക്ക് നിലവിലെ വകുപ്പിനെ കൂടാതെ കൃഷി വകുപ്പിന്റെ അധിക ചുമതല നല്‍കി. രാജീവ് ചന്ദ്രശേഖറിന് ജല്‍ശക്തി വകുപ്പിന്റെയും ശോഭാ കരന്തലജെയ്‌ക്ക് ഭക്ഷ്യ സംസ്‌കരണ വകുപ്പിന്റെയും ചുമതല നല്‍കി. വനവാസി ക്ഷേമ വകുപ്പിന്റെ അധിക ചുമതലയാണ് ഡോ. ഭാരതി പ്രവീണ്‍ പവാറിന് ലഭിച്ചിരിക്കുന്നത്.

പ്രഹ്ലാദ് പട്ടേല്‍, നരേന്ദ്ര സിംഗ് തോമാര്‍, രേണുക സിംഗ് എന്നിവരാണ് മന്ത്രിസഭയില്‍ നിന്നും രാജിവച്ച്‌ സംസ്ഥാന രാഷ്‌ട്രീയത്തിലേക്ക് മടങ്ങിയ നേതാക്കള്‍. ഇവരുടെ രാജി രാഷ്‌ട്രപതി വ്യാഴാഴ്ച സ്വീകരിച്ചിരുന്നു. മന്ത്രിസഭയില്‍ കൃഷി വകുപ്പിന്റെ ചുമതല വഹിച്ചിരുന്നത് നരേന്ദ്ര സിംഗ് തോമാറായിരുന്നു. പ്രഹ്‌ളാദ് സിംഗ് ജലശക്തിയുടെയും രേണുക സിംഗ് വനവാസി ക്ഷേമ വകുപ്പിന്റെയും സഹചുമതലകളാണ് നിര്‍വഹിച്ചിരുന്നത്. മന്ത്രിമാര്‍ രാജിവച്ചതോടെ വന്ന ഒഴിവുകള്‍ നികത്താനാണ് ഇപ്പോള്‍ നിലവിലെ മന്ത്രിമാര്‍ക്ക് അധിക ചുമതല നല്‍കിയിരിക്കുന്നത്.

സംസ്ഥാന നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 12 എംപിമാരില്‍ 11 പേരും കഴിഞ്ഞ ദിവസങ്ങളില്‍ സമര്‍പ്പിച്ചിരുന്നു. നരേന്ദ്ര സിംഗ് തോമര്‍, പ്രഹ്ലാദ് സിംഗ് പട്ടേല്‍, രാകേഷ് സിംഗ്, ഉദയ് പ്രതാപ്, റിതി പഥക്, അരുണ്‍ സാവോഗോമതി സായി, രാജ്യവര്‍ദ്ധൻ സിംഗ് റാത്തോഡ്, ദിയാ കുമാരി, കിരോഡി ലാല്‍ മീണ എന്നിവര്‍ ബുധനാഴ്ചയും ബാബാ ബാലക്‌നാഥ് വ്യാഴാഴ്ചയുമാണ് രാജി സമര്‍പ്പിച്ചത്.

Related Articles

Back to top button