KeralaLatest

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; തൃശ്ശൂരില്‍‍ നാളെ ഗതാഗത നിയന്ത്രണം, പ്രാദേശിക അവധി

“Manju”

തൃശ്ശൂര്‍: പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശത്തോടനുബന്ധിച്ച് നാളെ തൃശ്ശൂരില്‍ ഗതാഗത നിയന്ത്രണം. നാളെ രാവിലെ മുതല്‍ നഗരങ്ങളിലും പരിസര പ്രദേശങ്ങളിലുമാണ് ഗതാഗതം നിയന്ത്രണമുണ്ടാകുക. സ്വരാജ് റൗണ്ടിലും തേക്കിന്‍ക്കാട് മൈതാനിയിലും സമീപ റോഡുകളിലും വാഹന പാര്‍ക്കിങ്ങും അനുവദിക്കില്ല. കെ.എസ്. ആര്‍. ടി .സി പോലുള്ള പൊതുഗതാഗത വാഹനങ്ങള്‍ റൗണ്ടില്‍ പ്രവേശിപ്പിക്കാതെ വഴി തിരിച്ചു വിടും. വാഹനങ്ങള്‍ റോഡില്‍ പാര്‍ക്ക് ചെയ്ത് ഗതാഗത തടസ്സമുണ്ടാക്കിയാല്‍ കര്‍ശ്ശന നടപടിയുണ്ടാകുമെന്ന് ട്രാഫിക് പോലീസ് സ്റ്റേഷന്‍ എസ് എച്ച് ഒ അറിയിച്ചു. പൊതുജനങ്ങള്‍ ത്യാവശ്യഘട്ടങ്ങളല്ലെങ്കില്‍ നഗരത്തിലേക്ക് സ്വകാര്യ വാഹനങ്ങള്‍ കൊണ്ടുവരുന്നത് ഒഴിവാക്കണം.

പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ ഇറങ്ങേണ്ട സ്ഥലം, പാര്‍ക്കിങ് സ്ഥലം

ഒറ്റപ്പാലം,ചേലക്കര, പഴന്നൂര്‍, തിരുവില്വാമല ഭാഗത്തു നിന്നു വരുന്നവര്‍ വടക്കേ സ്റ്റാന്‍ഡില്‍ കോലത്തുംപാടം, അക്വാട്ടിക് കോംപ്ലക്സ്, ഇന്‍ഡോര് സ്റ്റേഡിയം,പള്ളിത്താമം ഗ്രൗണ്ട്, വടക്കേ സ്റ്റാന്‍ഡിലെ താത്കാലിക ബസ്സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യാം.

കോഴിക്കോട്, മലപ്പുറം, കുന്നംകുളം ഭാഗത്തു നിന്ന് വരുന്നവര്‍ ശങ്കരയ്യ റോഡില്‍ പൂങ്കുന്നം ശിവക്ഷേത്രം മൈതാനം, എം എല്‍ എ റോഡ് പാറമേക്കാവ് സ്കൂള്‍, കോളേജ് ഗ്രൗണ്ടുകള്‍, പഞ്ചിക്കല്‍ അമൃതാന്ദമയി സ്കൂള്‍ ഗ്രൗണ്ട് എന്നിവിടങ്ങളിലും പാര്‍ക്ക് ചെയ്യാം.

തൃപ്രയാർ, വാടാനപ്പിള്ളി, കാഞ്ഞാണി ഭാഗത്തുനിന്നും വരുന്നവർ പടിഞ്ഞാറേക്കോട്ടയിൽ നേതാജി ഗ്രൗണ്ട്, നേതാജി ഗ്രൗണ്ട് റോഡ്, ഒളരിക്കര ക്ഷേത്രം ഗ്രൗണ്ട് എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യാം.

കൊല്ലം, ആലപ്പുഴ, എറണാകുളം ഭാഗത്തുനിന്നും വരുന്നവർ ശക്തൻ നഗറിൽ ശക്തൻ സ്റ്റാൻഡിലെ കോർപറേഷൻ ഗ്രൗണ്ട്, മനോരമയ്ക്കു സമീപം ജോസ് ആലുക്കാസ് ഗ്രൗണ്ട്, ശക്തൻനഗർ പെട്രോൾ പമ്പിന് എതിർവശത്തെ റോഡില്‍ പാര്‍ക്ക് ചെയ്യാം.

കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട ഭാഗത്തുനിന്നും വരുന്നവർ ശക്തൻ നഗറിൽ സൺ ഹോസ്പിറ്റൽ റോഡ്, ശക്തൻ സ്റ്റാൻഡിലെ കോർപറേഷൻ ഗ്രൗണ്ട്, ശക്തൻനഗർ പെട്രോൾ പമ്പിനു എതിർവശത്തെ റോഡ്, മനോരമയ്ക്കു സമീപം ജോസ് ആലുക്കാസ് ഗ്രൗണ്ട് എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യാം.

പാലക്കാട്, മണ്ണുത്തി ഭാഗത്തു നിന്നും വരുന്നവർ കിഴക്കേക്കോട്ട ജംക്ഷനിൽ. മണ്ണുത്തി വെറ്ററിനറി കോളജ് ക്യാംപസ് ഗ്രൗണ്ട്, കാർഷിക സർവകലാശാല ക്യാംപസ് എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യാം.

നാളെ തൃശൂർ താലൂക്കിൽ പ്രാദേശിക അവധി

തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് നാളെ തൃശൂർ താലൂക്ക് പരിധിയിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയ പ്രകാരമുള്ള പൊതു പരീക്ഷകൾക്കും കേന്ദ്രസംസ്ഥാന അർധ സർക്കാർ സ്ഥാപനങ്ങളിലേക്കു നിയമനത്തിനായി നടത്തുന്ന പരീക്ഷകൾക്കും അവധി ബാധകമല്ല. ഈ അവധിക്കു പകരമായി ഏതെങ്കിലും ശനിയാഴ്ച പ്രവൃത്തി ദിനമായിരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.

Related Articles

Back to top button