KeralaLatest

4 മസാല ദോശയ്ക്ക് 360 രൂപ; അധിക വിലയില്‍ പിഴ ഈടാക്കാൻ കലക്ടറുടെ നിർദേശം

“Manju”

ശബരിമല: സന്നിധാനത്തെ ഹോട്ടലുകളിലും പാത്രക്കടകളിലും തീർഥാടകരോട് തോന്നിയ വില ഈടാക്കുന്നതായി ജില്ലാ കലക്ടർ എ.ഷിബുവിന്റെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിൽ കണ്ടെത്തി. സന്നിധാനത്തെ ഒരു ഹോട്ടലിൽ 4 മസാല ദോശ വാങ്ങിയ തീർഥാടകരോട് 360 രൂപ രൂപ വാങ്ങി. യഥാർഥത്തിൽ 228 രൂപ മാത്രമേ വാങ്ങാവൂ. എന്തുകൊണ്ടാണ് ഇങ്ങനെ ബില്ലു കൊടുത്തതെന്നു കലക്ടർ തിരക്കിയപ്പോൾ മസാലദോശയ്ക്കു കൂട്ടാനായി ചമ്മന്തി നൽകി എന്നായിരുന്നു മറുപടി. ഈ ഹോട്ടലിനു പിഴ ഈടാക്കാനും നോട്ടിസ് നൽകാനും കലക്ടർ നിർദേശം നൽകി.

പിന്നീട് മറ്റു ഹോട്ടലുകളിൽ എത്തിയപ്പോൾ തീർഥാടകരിൽ നിന്നു ബില്ലുകൾ വാങ്ങി പരിശോധിച്ചു. പരിശോധനയില്‍ കൂടിയ വില ഈടാക്കിയതായി കണ്ടു. നെയ്റോസ്റ്റിന് 49 രൂപയാണ് വില എങ്കിലും 75 രൂപ വാങ്ങി. ഗ്രീന്‍പീസ് കറിക്ക് 48 രൂപയുടെ സ്ഥാനത്ത് 60 രൂപ വാങ്ങി. പാലപ്പത്തിനു 14 രൂപയാണെങ്കിലും 20 രൂപ വാങ്ങി. പൊറോട്ട 15 രൂപയാണെങ്കിലും 20 രൂപ ഈടാക്കി.

പാത്രക്കടകളിലും ഇഷ്ടമുള്ള വില ഈടാക്കുന്നതായി കണ്ടു. തുടർച്ചയായി രണ്ടാം ദിവസമാണ് ജില്ലാ കലക്ടർ സന്നിധാനത്തെ കടകളിൽ പരിശോധന നടത്തിയത്. കടകളിൽ ശുചിത്വം ഇല്ലാത്തതും, ഗുണമേന്മ ഇല്ലാത്ത ഭക്ഷണ വിതരണം ചെയ്യുന്നതും ശ്രദ്ധയി‍ൽപെട്ടു. അമിത വിലയ്ക്ക് പിഴ ഈടാക്കാനും നോട്ടിസ് നൽകാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഇതനുസരിച്ചു 3 കടകൾക്ക് നോട്ടിസ് നൽകി. പാണ്ടിത്താവളത്തിൽ തീർഥാടകർക്ക് ഒരുക്കിയ സൗകര്യങ്ങളും കലക്ടർ വിലയിരുത്തി. ഡപ്യൂട്ടി തഹസിൽദാർമാരായ ബി പ്രദീപ്, സുനിൽ കുമാർ എന്നിവരും കലക്ടർക്ക് ഒപ്പം പങ്കെടുത്തു.

Related Articles

Back to top button