IndiaKeralaLatest

മൊബൈല്‍ ആപ്പുകളുടെ നിരോധനത്തെ എതിര്‍ത്ത് ചൈന

“Manju”

സിന്ധുമോള്‍ ആര്‍
മൊബൈല്‍ ആപ്പുകള്‍ നിരോധിച്ച ഇന്ത്യയുടെ നടപടിയെ ശക്തമായി എതിര്‍ത്തു ചൈന. ഇന്ത്യയുടെ നടപടി ചൈനീസ് നിക്ഷേപകരുടെയും സേവന ദാതാക്കളുടെയും നിയമപരമായ താല്‍പ്പര്യങ്ങള്‍ ലംഘിക്കുന്നതാണെന്നു ചൈനീസ് വാണിജ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇന്ത്യ തെറ്റ് തിരുത്തണമെന്നും ചൈന ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസമാണ് സുരക്ഷാ പ്രശ്‌നം മുന്‍നിര്‍ത്തി പബ്‌ജി ഉള്‍പ്പടെ 118 ആപ്പുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്.
നിരോധിച്ച അപ്പുകളില്‍ ഏറിയ പങ്കും ചൈനീസ് കമ്ബനികളുടേതാണ്. പട്ടികയില്‍ ബൈഡുവും ഷവോമിയുടെ ഷെയര്‍ സേവും ഉള്‍പ്പെട്ടിട്ടുണ്ട്. ലഡാക്കില്‍ ചൈനീസ് കടന്നുകയറ്റമുണ്ടായതിനു പിന്നാലെയാണ് ആപ്പുകള്‍ നിരോധിച്ചത്. ഇന്ത്യയുടെ പരമാധികാരം, പ്രതിരോധം, രാജ്യത്തിന്റെ സുരക്ഷ, പൊതുനിയമം എന്നിവ മുന്‍നിര്‍ത്തിയാണ് ആപ്പുകള്‍ നിരോധിക്കുന്നതെന്നു ഐടി മന്ത്രാലയം പ്രസ്‌താവനയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ പബ്‌ജി ഡൗണ്‍ലോഡ് ചെയ്‌തത്‌ ഇന്ത്യയിലാണ്. ഇന്ത്യയില്‍ 3.3 കോടിയോളം പേര്‍ പബ്‌ജി ഉപയോഗിക്കുന്നതായും കരുതപ്പെടുന്നു.
നേരത്തെ ജനപ്രിയ ആപ്പുകളില്‍ ഒന്നായ ടിക് ടോക്, യുസി ബ്രൗസര്‍ ഉള്‍പ്പടെ 59 ചൈനീസ് അപ്പുകള്‍ ഇന്ത്യ നിരോധിച്ചിരുന്നു. ചൈനയിലുള്ളതോ ചൈനക്കാര്‍ക്കു മുതല്‍മുടക്കുള്ളതോ ആയ കമ്പനികളുടെ ആപ്പുകളാണ് നിരോധിച്ചത്. ചൈനയുമായി ഉള്ള അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചൈനയ്ക്ക് കനത്ത തിരിച്ചടി നല്‍കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ജൂണില്‍ ആപ്പുകള്‍ നിരോധിച്ചത്. ആപ്പുകള്‍ നിരോധിച്ചതോടെ ചൈനയില്‍ നിരവധി കമ്പനികളുടെ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ നിലച്ചതായി റിപ്പോര്‍ട്ടുണ്ട്. ഇതേ തുടര്‍ന്ന് അടുത്ത ആറ് മാസമെങ്കിലും ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതുമായി ബന്ധപ്പെട്ട പദ്ധതികള്‍ നിര്‍ത്തിവെക്കാന്‍ ജാക്ക് മായുടെ അലിബാബ ഗ്രൂപ്പ് നിര്‍ബന്ധിതരായിട്ടുണ്ടെന്നും റോയിട്ടേഴ്‌സ് ഓഗസ്റ്റില്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.

Related Articles

Back to top button