IndiaInternationalLatest

യുഎസിൽ ഇന്ത്യൻ വിദ്യാർഥി മരിച്ച നിലയിൽ

“Manju”

 

ന്യൂഡൽഹി∙ ഇന്ത്യൻ വിദ്യാർഥിയെ യുഎസിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒഹായോ ലിൻഡർ സ്കൂൾ ഓഫ് ബിസിനസ്സിലെ വിദ്യാർഥി ശ്രേയസ് റെഡ്ഡി ബെനിഗറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ വർഷം ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യുന്ന നാലാമത്തെ സംഭവമാണിത്.

ശ്രേയസ്സിന്റെ മരണത്തിൽ ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് അതിയായ ദുഃഖം രേഖപ്പെടുത്തി. ‘‘ശ്രേയസിന്റെ ദൗർഭാഗ്യകരമായ മരണത്തിൽ അതീവ ദുഃഖിതനാണ്. പൊലീസ് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. സംഭവത്തിൽ എന്തെങ്കിലും തരത്തിലുള്ള ദുരൂഹത ഉള്ളതായി നിലവിൽ സംശയിക്കുന്നില്ല. ശ്രേയസ്സിന്റെ വീട്ടുകാർക്ക് ആവശ്യമായ എല്ലാ സഹായവും ചെയ്തുനൽകും’’ – ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് തങ്ങളുടെ ഔദ്യോഗിക എക്സ് ഹാൻഡിലിൽ പോസ്റ്റ് ചെയ്തു.

ഈ ആഴ്ച ആദ്യമാണ് ഇന്ത്യൻ വിദ്യാർഥിയായ നീൽ ആചാര്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പർഡ്യൂ സർവകലാശാലയിലെ വിദ്യാർഥി ആയിരുന്നു നീൽ. ഞായറാഴ്ചയാണ് നീലിനെ കാണാതാകുന്നത്. മകനെ കാണാനില്ലെന്ന് കാണിച്ച് നീലിന്റെ അമ്മ സാമൂഹ്യമാധ്യമത്തിൽ പോസ്റ്റിട്ടിരുന്നു. ഇതിനു തൊട്ടുപിറകേയാണ് നീൽ മരണപ്പെട്ടതായി സ്ഥിരീകരിക്കുന്നത്. സർവകലാശാല ക്യാംപസിൽനിന്നാണ് മൃതദേഹം കണ്ടെത്തിയത്.
ഹരിയാന പഞ്ചഗുള സ്വദേശിയായ വിവേക് സെയ്നി കൊല്ലപ്പെട്ടതും ദിവസങ്ങൾക്കു മുമ്പാണ്. ഒരു യാചകന്റെ ചുറ്റിക ആക്രമണത്തിലാണ് വിവേക് മരിച്ചത്. ജോർജിയയിൽ എംബിഎ വിദ്യാർഥിയായിരുന്നു വിവേക്.

മരണപ്പെട്ട നിലയിൽ കണ്ടെത്തിയ മറ്റൊരു വിദ്യാർഥി അകുൽ ധവാനായിരുന്നു. ഹൈപ്പോതെർമിയ മൂലമാണ് അകുൽ മരണപ്പെട്ടതെന്നു മൃതദേഹ പരിശോധനയിൽ കണ്ടെത്തിയെങ്കിലും വിദ്യാർഥിയെ കാണാതായതുമുതൽ പൊലീസ് വേണ്ട രീതിയിൽ അന്വേഷണം നടത്തിയില്ലെന്നു കാണിച്ച് അകുലിന്റെ മാതാപിതാക്കൾ കേസ് ഫയൽ ചെയ്തിട്ടുണ്ട്.

Related Articles

Back to top button