KeralaLatest

ഗുരുകാന്തിയുടെ അനുഗ്രഹമായി പ്രബല കുമാരി

“Manju”

നാടന്‍ കലകള്‍ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച കലാകാരിയാണ് 65 കാരിയായ പ്രബലകുമാരി. 12 ാം മത്തെ വയസ്സിലാണ് അച്ഛന്റെ കൈ പിടിച്ചുകൊണ്ട് പ്രബല കുമാരി ശാന്തിഗിരി ആശ്രമത്തില്‍ നവജ്യോതി ശ്രീകരുണാകര ഗുരുവിനെ കാണാനായി വരുന്നത്. ഗുരുവിനെ കണ്ടപ്പോള്‍ എന്തിനാണെന്ന് പോലും അറിയാതെ പ്രബല കുമാരി പൊട്ടിക്കരഞ്ഞു. ചികിത്സയുമായി ബന്ധപ്പെട്ട് അച്ഛന്‍ ഏറക്കാലമായി കലാരംഗത്ത് നിന്ന് മാറിനില്‍ക്കുകയായിരുന്നു. ഗുരുവാണ് അച്ഛനെ വീണ്ടും കലാരംഗത്തേക്ക് കൂട്ടികൊണ്ടുവരുന്നത്.

കേരള ഫോക്ലോര്‍ അക്കാദമി അവാര്‍ഡും കേരള സംഗീത നാടക അക്കാദമി അവാര്‍ഡും കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ ക്യാഷ് അവാര്‍ഡും ഉള്‍പ്പെടെ എണ്ണമറ്റ പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ അന്തരിച്ച ആട്ടുകാല്‍ കഴക്കുന്ന് വീട്ടില്‍ ഭാനു ആശാന്റെയും വാസന്തിയുടെയും മകളാണ് പ്രബല കുമാരി. അച്ഛന്റെ കലാരൂപങ്ങളെ ജനകീയമാക്കുക എന്നതായിരുന്നു പ്രബലകുമാരിയുടെയും ലക്ഷ്യം.

ഇരിയഞ്ചത്തെ വീട്ടില്‍ നിന്ന് ആശ്രമത്തിലേക്ക് വരാന്‍ വണ്ടിക്കൂലിക്ക് പോലും അച്ഛന് കാശുണ്ടാവാറില്ല. പലപ്പോഴും വീട്ടില്‍ നിന്നും അച്ഛന്‍ നടന്നാണ് ഗുരുവിനെ കാണാന്‍ വരുന്നത്. പ്രബല കുമാരിയടക്കം നാലുപേരായിരുന്നു മക്കള്‍. പഠിപ്പിക്കാന്‍ പ്രയാസമായതിനാല്‍ പ്രബലകുമാരിയുടെ പഠനം നിര്‍ത്തുകയാണെന്ന് അമ്മ ഒരു ദിവസം ഗുരുവിനോട് പറയുകയുണ്ടായി. ഗുരുവിന്റെ നിര്‍ദേശ പ്രകാരം പ്രബല കുമാരി പഠിച്ചു തുടങ്ങി. കായം കുളത്തിന് നിന്ന് അഗ്രികള്‍ച്ചര്‍ വരെ പാസ്സായി. അഞ്ചാം ക്ലാസ് മുതല്‍ അച്ഛനോടൊപ്പം കലയും അഭ്യസിക്കുന്നുണ്ടായിരുന്നു. ചരടു പിന്നിക്കളിയും മൊന്തയും താലവുമേന്തിക്കളി, കോലാട്ടക്കളി, തിരുവാതിരക്കളി എന്നിവയെല്ലാം അച്ഛനില്‍ നിന്ന് സ്വായത്വമാക്കി. അതിന് ശേഷം അച്ഛന്റെ ശിഷ്യയായ ഇളമ്പയില്‍ സുധര്‍മ്മിണിയില്‍ നിന്നും അവരുടെ ഭര്‍ത്താവ് ഓയൂര്‍ സതീഷ് കുമാറില്‍ നിന്നും നൃത്ത രംഗത്തേക്ക് വന്നു. ക്ലാസിക്കല്‍ ഡാന്‍സും നൃത്തനാടകങ്ങളുമാണ് അവരില്‍ നിന്ന് പഠിച്ചെടുത്തത്.

സ്‌കൂള്‍ അവധി കിട്ടുമ്പോഴൊക്കെ ഗുരുവിന്റെ അടുത്തേക്ക് പ്രബല കുമാരി ഓടി വരും. എസ് എസ് എല്‍ സിക്ക് പഠിക്കുന്ന സമയത്ത് ഒരു ദിവസം പ്രബല കുമാരി ഗുരുവിനെ കാണാനായി വന്നു. ആ സമയം ഗുരു വാത്സല്യത്തോടെ വിളിച്ചിട്ട് പറഞ്ഞു ‘നിനക്ക് അറിയാവുന്നത് നമ്മുടെ കുട്ടികള്‍ക്കും പറഞ്ഞുകൊടുക്കണം’ ശാന്തിഗിരി വിദ്യാഭവന്‍ സ്‌കൂള്‍ ആരംഭിച്ച സമയമായിരുന്നു അത്. ഗുരുവിന്റെ മുറിയോട് ചേര്‍ന്നുള്ള ഒരു ഷെഡ്ഡ് കല അഭ്യസിപ്പിക്കാനായി വിട്ടുതന്നു. അതു തന്നെയായിരുന്നു അന്നത്തെ ക്ലാസ് മുറിയും. ആ ഷെഡ്ഡില്‍ വച്ച് കുട്ടികളെ കലകള്‍ അഭ്യസിപ്പിച്ചു തുടങ്ങി. ആദ്യത്തെ ബാച്ചില്‍ ദീപ ടീച്ചറും (ഇന്നത്തെ ശാന്തിഗിരി വിദ്യാഭവന്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ദീപ എസ് എസ്) ടീമായിരുന്നു ഉണ്ടായിരുന്നത്.

വര്‍ഷങ്ങള്‍ക്കിപ്പുറം ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി മുഖേനെ രാഷ്ട്രപതി കെ ആര്‍ നാരായണന്റെ മുന്നില്‍ കലാരൂപം അവതരിപ്പിക്കാന്‍ അവസരം ലഭിച്ചു. രാഷ്ടപതിയുടെ മുന്നില്‍ നടത്തിയ പരിപാടി ഗുരുവിന്റെ മുന്നില്‍ നടത്തുവാനും കഴിഞ്ഞു. കേരളത്തിനകത്തും പുറത്തുമായി 1000ത്തില്‍ പരം വേദികളില്‍ പ്രബല കുമാരി കലാരൂപങ്ങള്‍ അവതരിപ്പിച്ചു. 2022 ലെ കേരള ഫോക്ലോര്‍ അക്കാദമി അവാര്‍ഡ് പ്രബല കുമാരിയുടെ പ്രയത്‌നത്തിന് ലഭിക്കുകയും ചെയ്തു.

കാക്കാരിശ്ശി നാടകം, ചെണ്ടമേളം, ശിങ്കാരി മേളം, തിരുവാതിരക്കളി വിവിധയിനം നൃത്തരൂപങ്ങള്‍, നൃത്തനാടകങ്ങള്‍, വയലിന്‍, പാട്ട് തുടങ്ങിയവ ഗുരു കൃപ നാടന്‍ കലാ പഠനകേന്ദ്രം എന്നസ്ഥാപനത്തില്‍ അഭ്യസിപ്പിക്കുന്നുണ്ട്.

അതോടൊപ്പം ശാന്തിഗിരി വിദ്യാഭവനില്‍ 13 വര്‍ഷത്തോളം കല അഭ്യസിപ്പിച്ചു. പിന്നീട് ജനനിയുടെ നിര്‍ദേശ പ്രകാരം ഗുരുകാന്തിയിലേക്ക് മാറി. ഗുരുകാന്തിയുടെ ചുമതലയുള്ള പ്രാര്‍ത്ഥന ജനനി, സുഹാസിനി ടീച്ചര്‍ കോസലം ടീച്ചര്‍ ഗുരുകാന്തി പ്രവര്‍ത്തകര്‍ എല്ലാവരുടെയും സഹകരണത്തോടെയാണ് അഭ്യസിപ്പിക്കുന്നത്. ഗുരുവിന്റെ അനുഗ്രഹവും ആരോഗ്യവും സമ്മതിക്കുന്നിടത്തോളം താന്‍ കല അഭ്യസിപ്പിക്കുമെന്ന് പ്രബല കുമാരി പറയുന്നു.

Related Articles

Back to top button