KeralaLatest

ലോകത്തിലെ ഏറ്റവും മികച്ച ബീച്ചുകളില്‍ ഇടം പിടിച്ച് കാപ്പാട്

“Manju”

കൊയിലാണ്ടി: മുഖം മിനുക്കി മോടി കൂട്ടി കാപ്പാട് കടല്‍ത്തീരം കോഴിക്കോടിന് അഭിമാനമാകുകയാണ്. അത്രയ്ക്കും മാറിയിരിക്കുന്നു ഈ ചരിത്രതീരം. ലോകത്തിലെ ഏറ്റവും മികച്ച ബീച്ചുകളെ തിരഞ്ഞടുക്കുന്ന പദ്ധതിയായ ബ്ലൂ ഫ്ളാഗ് പ്രോഗ്രാമിന്റെ കീഴില്‍ കാപ്പാട് ബീച്ചും ഉള്‍പ്പെട്ടിരിക്കുകയാണ്.

കാപ്പാട് ബീച്ചിന് വീണ്ടും എഫ്ഇഇ (ഫൗണ്ടേഷന്‍ ഫോര്‍ എന്‍വയോണ്‍മെന്റല്‍ എഡ്യുക്കേഷന്‍) ഡെന്മാര്‍ക്കിന്റെ ബ്ലൂഫ്‌ലാഗ് സര്‍ട്ടിഫിക്കേഷന് അര്‍ഹമായത്. സംസ്ഥാനത്ത് ബ്ലൂഫ്‌ലാഗ് സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്ന ആദ്യ ബീച്ചാണിത്. 2020ലാണ് രാജ്യത്തെ മറ്റു ഏഴ് ബീച്ചുകള്‍ക്കൊപ്പം കാപ്പാടിന് ആദ്യമായി ബ്ലൂഫ്‌ലാഗ് പദവി ലഭിച്ചത്. പരിസ്ഥിതി സൗഹൃദ സമീപനം, സൗരോര്‍ജത്തിന്റെ വിനിയോഗം, കാര്യക്ഷമമായ മാലിന്യ സംസ്‌കരണ രീതികള്‍, പ്രാദേശിക ജൈവവൈവിധ്യ സംരക്ഷണം തുടങ്ങിയവ കണക്കിലെടുത്താണ് കാപ്പാടിന് ഇത്തവണയും ബ്ലൂഫ്‌ലാഗ് ലഭിച്ചത്.

കഴിഞ്ഞ തവണ ഗുജറാത്തിലെ ശിവരാജ്പൂര്‍, ദിയുവിലെ ഗോഗ്ല, കര്‍ണാടകത്തിലെ കാസര്‍കോട്, പടുബിദ്രി, ആന്ധ്രാപ്രദേശിലെ റുഷിക്കൊണ്ട, ഒഡീഷയിലെ ഗോള്‍ഡന്‍, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ രാധാനഗര്‍ എന്നീ ബീച്ചുകള്‍ക്കൊപ്പമാണ് കാപ്പാടിന് സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചത്. ‘ലോകത്തിലെ ഏറ്റവും വൃത്തിയുള്ള കടല്‍ത്തീരങ്ങളിലൊന്ന്’ എന്ന കാപ്പാടിന്റെ പദവിയെയാണ് അംഗീകാരം സൂചിപ്പിക്കുന്നത്.

എഫ്ഇഇയും ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചറും ചേര്‍ന്നാണ് ലോകത്തിലെ പ്രധാന കടല്‍ത്തീരങ്ങളെ പരിശോധിച്ച് പദവി നല്‍കുന്നത്. വൃത്തിയുള്ള മണല്‍, കുളിക്കുന്ന വെള്ളത്തിന്റെ ഗുണനിലവാരം, പരിസ്ഥിതി മാനേജ്‌മെന്റ് തുടങ്ങി 33 കര്‍ശനമായ മാനദണ്ഡങ്ങള്‍ പരിശോധിച്ചാണ് പദവി നല്‍കുന്നത്. അംഗീകാരത്തിന്റെ ഭാഗമായി ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ തവണ നടത്തിയിട്ടുണ്ട്. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലാണ് തീരം നിയന്ത്രിക്കുന്നത്. ഈ പദവി ലഭിച്ച തീരങ്ങള്‍ തേടി ലോകത്തിന്റെ വിവിധ രാജ്യങ്ങളിലെ വിനോദസഞ്ചാരികള്‍ എത്തിച്ചേരാറുണ്ടെന്നത് വിനോദ സഞ്ചാര മേഖലയില്‍ കാപ്പാടിന്റെ സ്ഥാനം വീണ്ടുമുയരാന്‍ കാരണമാകും.

Related Articles

Back to top button