KeralaLatest

ക്യാമറമാന്‍ രാജേഷ് രത്‌നയ്ക്ക് കേരളാ പോലീസിന്റെ അഭിനന്ദനം

“Manju”

ശാന്തിഗിരി ന്യൂസ് മുന്‍ ക്യാമറമാന് കേരളാ പോലീസിന്റെ അഭിനന്ദനം. കേരളാ പോലീസ് നിര്‍മിച്ച ഓണ്‍ലൈന്‍ തട്ടിപ്പ് ബോധവത്ക്കരണ ഹ്രസ്വ ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ച രാജേഷ് രത്‌നയേയും സഹപ്രവര്‍ത്തകരെയുമാണ് കേരളാ പോലീസ് അഭിനന്ദിച്ചത്. ഹ്രസ്വചിത്രത്തിന്റെ സംവിധായകന്‍ അന്‍ഷാദും തിരക്കഥ സന്തോഷ് സരസ്വതിയുമാണ് ചെയ്തത്.

കേരളാ പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഡിജിപി ഷെയ്ഖ് ദര്‍വേസ് സാഹിബാണ് മൊമെന്റോ നല്‍കിയത്. ഹരിശങ്കര്‍ ഐപി എസ്, സ്‌റ്റേറ്റ് മീഡിയാ സെല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പ്രമോദ് കുമാര്‍ എന്നിവരും ചടങ്ങിന് സാക്ഷ്യം വഹിച്ചു. കഴിഞ്ഞ 15 വര്‍ഷമായി സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുകയാണ്.

സിനിമാ പശ്ചാത്തലമൊന്നുമില്ലാതെയാണ് രാജേഷ് രത്‌ന സിനിമാ മോഹവുമായി വളര്‍ന്നത്. പക്ഷേ സിനിമ നന്നായി കണ്ട് ആസ്വദിക്കുന്ന ഒരു പതിവ്  ഉണ്ടായിരുന്നു. ‘തേന്‍മാവിന്‍ കൊമ്പത്ത’് എന്ന സിനിമ കണ്ടതിന് ശേഷമാണ് സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിക്കണമെന്ന മോഹം  ഉള്ളിലുദിക്കുന്നത്. അതും ക്യാമറമാനായി തന്നെ. പിന്നീട്  ശ്രദ്ധ മുഴുവന്‍ സിനിമ എങ്ങനെയാണ്  ചലിപ്പിക്കുന്നതെന്നതിലേക്കായിരുന്നു. ഈ മോഹം കൂടിവന്നപ്പോള്‍ ശാന്തിഗിരി ആശ്രമത്തിലെത്തി ഗുരുവിനോട് ക്യാമറ പഠിക്കാനായി  അനുവാദം ചോദിച്ചു. ഗുരു അനുവാദം നല്‍കിയത് പ്രകാരം രാജേഷ് ക്യാമറയെ കുറിച്ച് പതുക്കെ പതുക്കെ പഠിച്ചു തുടങ്ങി. പിന്നീട് പതുക്കെ വിവാഹ ഫോട്ടോകളും വീഡിയോകളിലേക്കുമായുള്ള തിരക്കുകളിലായി. അതിനിടയ്ക്കാണ് ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി ശാന്തിഗിരിക്ക് സ്വന്തമായൊരു സ്റ്റുഡിയോ വേണമെന്ന ആഗ്രഹം പറയുന്നത്. പിന്നീട് അവിടെ ചെറിയ രീതിയിലുള്ള സ്റ്റുഡിയോയൊക്കെ ആരംഭിച്ചു. ആ സമയത്ത് സിനിമയിലും സീരിയലുമൊക്കെ ക്യാമറമാനായി പ്രവര്‍ത്തിക്കുന്ന ഇന്ദ്രജിത്ത് എന്ന വ്യക്തി ശാന്തിഗിരിയില്‍ വരാറുണ്ടായിരുന്നു. അദ്ദേഹവുമായുള്ള പരിചയം രാജേഷിനെ സിനിമയിലേക്കും എത്തിച്ചു. അദ്ദേഹം സ്വതന്ത്ര സിനിമാട്ടോഗ്രാഫറായി ചെയ്ത സിനിമയാണ് ആകാശവാണി. അതില്‍ അദ്ദേഹത്തിന്റെ സഹായിയായി പ്രവര്‍ത്തിച്ചു.

അതിനിടയില്‍ ചില ഷോര്‍ട്ട് ഫിലിമുകളും  ചെയ്തിരുന്നു. ‘ലിപ്സ്റ്റിക’് എന്ന ഷോര്‍ട്ട് ഫിലിമിടെ മൂന്ന് അവാര്‍ഡുകള്‍ രാജേഷിന് മാത്രമായി ലഭിച്ചിരുന്നു. പിന്നീട് ശാന്തിഗിരിയില്‍ നിന്ന് സംഘമിത്രന്‍ ചെയ്ത ‘രണ്ടാം പാഠം’ എന്ന ഹ്രസ്വചിത്രത്തിനും  ക്യാമറ ചലിപ്പിച്ചു. ‘ഒഴിവു ദിവസത്തെ കളി’, ആസിഫ് അലി നായകനായ ‘കാറ്റ്’ എന്നീ സിനിമകളിലും സഹായിയായി രാജേഷ് പ്രവര്‍ത്തിച്ചു. ‘ലിപ്സ്റ്റിക്’ എന്ന ഹ്രസ്വ ചിത്രം സംവിധാനം ചെയ്ത അതേ വ്യക്തി തന്നെയാണ് ‘തല’ എന്ന മലയാളം സിനിമയും ചെയ്യുന്നത്. അതിലൂടെ സ്വതന്ത്ര ക്യാമറാമാനാവുകയാണ് രാജേഷ്. ഐ എഫ് എഫ് കെ പോലുള്ള സിനിമാ മേളകളില്‍ രാജേഷ് സ്ഥിരം സാന്നിധ്യമാവാറുണ്ട്. തമിഴ് സിനിമയാണ്  അടുത്തതായി ചെയ്യുന്നത്.

രാജേഷിന്റെ സിനിമാ മോഹം അറിയുന്ന ഭാര്യ രമിതയും മക്കളായ ജ്യോതിപ്രിയയും ഗുരുപ്രിയയും കട്ട സപ്പോര്‍ട്ടുമായി കൂടെ തന്നെയുണ്ട്. കൊച്ചിയില്‍ പൗര്‍ണമി ഫിലിംസ് എന്ന സ്റ്റുഡിയോ ഉണ്ട്. സിനിമാ രംഗത്തേക്ക് കടന്നു വരുന്ന പുതിയ ആളുകള്‍ക്ക് വേണ്ടി മുഴുവന്‍ സൗകര്യത്തോടെയും ഷോര്‍ട്ട് ഫിലിമൊക്കെ രാജേഷ് ചെയ്തു കൊടുക്കുന്നുണ്ട്. അവര്‍ക്കൊരു പ്രോത്സാഹനമെന്നോണമാണിത്.

സിനിമാട്ടോഗ്രാഫറായ എസ് കുമാര്‍ ചെയ്ത ഫ്രെമിമുകളോട് രാജേഷിന് ഏറെ പ്രിയമാണ്. അദ്ദേഹത്തിന്റെ ഓരോ ഫ്രെമിം കണ്ണെടുക്കതെ  നോക്കിയിരിക്കാറുണ്ട്. അദ്ദേഹത്തെ പോലെ മികച്ച ഫ്രെമുകള്‍ തീര്‍ക്കാനാണ് രാജേഷിന്റെയും ആഗ്രഹം.

 

Related Articles

Back to top button