InternationalLatest

കോസ്മിക് കിരണങ്ങളേറ്റ് വളരുന്ന അന്യഗ്രഹതലമുറ

“Manju”

പ്രപഞ്ചം നമ്മുടെ ചിന്തകള്‍ക്കും വിശ്വാസങ്ങള്‍ക്കും അതീതമായ ഒരു സൃഷ്ടിയാണ്. നാം പരസ്പരം കാണുകയും ഇടപെഴകുകുയും ചെയ്യുന്ന മനുഷ്യരെപ്പോലും നമ്മുടെ മക്കളെ മാതാപിതാക്കളെ ആരെയും നമുക്ക് പരസ്പരം മനസ്സിലാക്കാന്‍ കഴിയുന്നില്ല. അപ്പോഴാണ് ഇടയ്ക്കിടയ്ക്ക് നാം അന്യഗ്രഹ ജീവികളെക്കുറിച്ച് കേള്‍ക്കുന്നത്. അന്യഗ്രഹങ്ങളില്‍ വായുവില്ല.. ജലമില്ലസൂര്യപ്രകാശം ഏല്‍ക്കുന്നയിടങ്ങളും ഏല്‍ക്കാത്ത സ്ഥലങ്ങളും ഉണ്ട്നമുക്ക് അപ്പൂപ്പന്‍ താടിപോലെ പറന്നു നടക്കാവുന്നയിടങ്ങള്‍ആകര്‍ഷണ വികര്‍ഷണങ്ങള്‍ ഇല്ലാത്തിയിടങ്ങള്‍.. ഇവിടെയും ജീവന്റെ സാന്നിദ്ധ്യം ഉണ്ടെന്നറിഞ്ഞാല്‍ നാം അംഗീകരിക്കുമോ..? അന്വേഷണത്തിലാണ് നമ്മള്‍…. പ്രപഞ്ചത്തിന്റെ സത്യങ്ങളുടെ നിജസ്ഥിതിയിലേക്കുള്ള അന്വേഷണം

2008ലാണ്. ദക്ഷിണാഫ്രിക്കയിലെ എംപോനെങ് സ്വർണഖനിയിലെ ഒരു പാറ വിണ്ടുകീറി വെള്ളമൊലിക്കാൻ തുടങ്ങി. ഗവേഷകരെത്തി. ഭൂമിക്ക് 2.8 കിലോമീറ്റർ താഴെ നിന്നു ലഭിച്ച ആ വെള്ളം ഗവേഷകരെത്തി ശേഖരിച്ചു. ലാബ് പരിശോധനയിലാണ് ഞെട്ടിപ്പോയത്. ആ വെള്ളം ഒരു പ്രത്യേകതരം സൂക്ഷ്മാണുവിനാൽ നിറഞ്ഞിരിക്കുന്നു.

ഇത്രയേറെ ആഴത്തിൽ ഇത്രയും ബാക്ടീരിയങ്ങളോ? നീളത്തിലുള്ള ആ ബാക്ടീരിയക്ക് ഡിസൾഫോറിഡീസ് ഓഡക്സായറ്റർ (Desulforudis audaxviator) എന്നായിരുന്നു ഗവേഷകർ നൽകിയ പേര്.

ദശലക്ഷക്കണക്കിനു വർഷങ്ങളായി സൂര്യപ്രകാശവുമായി യാതൊരു ബന്ധവുമില്ലാതെ സംഭരിക്കപ്പെട്ടതായിരുന്നു ആ വെള്ളം. അതിനകത്തു കണ്ട ബാക്ടീരിയയ്ക്കാകട്ടെ ഒരിക്കൽപോലും സൂര്യപ്രകാശം ഏറ്റിട്ടുമില്ല. നാം ഉപയോഗിക്കുന്ന തരം ജലം അവയ്ക്ക് ലഭിച്ചിട്ടില്ലെന്നു ചുരുക്കം. പിന്നെയെങ്ങനെ ഇത്രയും ആഴത്തിൽ അവയ്ക്ക് ജീവിക്കാനായി? ഭൂമിയിൽ ജീവനു തുണയാകുന്ന വെള്ളമോ വെളിച്ചമോ വായുവോ ഓക്സിജനോ കാർബണോ ഒന്നുമില്ലാതെ ഇത്രയും കാലം ജീവിക്കാനും പ്രത്യുൽപാദനം നടത്താനുമൊക്കെ എന്താണവയെ സഹായിച്ചത്?

അതിന് ശാസ്ത്രലോകം കണ്ടെത്തിയ ഉത്തരമാണിപ്പോൾ അന്യഗ്രഹജീവികളുടെ നിലനിൽപു സംബന്ധിച്ച ഒരു വലിയ ചോദ്യത്തിനുമുള്ള മറുപടിയായി മാറിയിരിക്കുന്നത്.

സ്വർണഖനിയുടെ ആഴങ്ങളിലെ പാറകളിലുണ്ടായിരുന്ന യുറേനിയമാണ് ഈ സൂക്ഷ്മജീവികളുടെ ‘ആഹാര’മെന്നായിരുന്നു ഗവേഷകർ കണ്ടെത്തിയത്. ഇതേ രീതിയിൽത്തന്നെ മറ്റ് ഗ്രഹങ്ങളിലെ ജീവജാലങ്ങളും മനുഷ്യന് ഹാനികരമായ റേഡിയോ ആക്ടീവ് വികിരണങ്ങളുപയോഗിച്ച് ജീവൻ നിലനിർത്തുന്നുണ്ടാകുമെന്നാണ് വാഷിങ്ടണിലെ ബ്ലൂ മാർബിൾ സ്പേസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ഗവേഷകർ ദിമിത്ര അത്രി കണ്ടെത്തിയിരിക്കുന്നത്.

ഖനിക്കടിയിലെ യുറേനിയത്തിൽ നടക്കുന്ന റേഡിയോ ആക്ടിവിറ്റിയിൽ നിന്നാണ് ഡിസൾഫോറിഡീസിനു വേണ്ട ഊർജം ലഭിക്കുന്നത്. ഇങ്ങനെയുണ്ടാകുന്ന റേഡിയേഷൻ പാറയിലെ സൾഫറിനെയും ജലതന്മാത്രകളെയും വിഘടിപ്പിക്കുന്നു. അതുവഴി സൾഫേറ്റും ഹൈഡ്രജൻ പെറോക്സൈഡുമെല്ലാം രൂപപ്പെടുന്നു. ഊർജസംഭരണികളാണിവ.

ഇത് ശരീരത്തിലേക്കു സ്വീകരിക്കുകയാണ് ബാക്ടീരിയ ചെയ്യുക. ആവശ്യമുള്ള ഊർജം വലിച്ചെടുത്ത് ശേഷിച്ചവ പുറന്തള്ളും. ജീവൻ നിലനിർത്തുന്നതും പ്രത്യുൽപാദനം സാധ്യമാക്കുന്നതും ഈ ഊർജത്തിന്റെ ഒരു ഭാഗം ചെലവഴിച്ചാണ്. റേഡിയേഷൻ വഴി ശരീരത്തിനുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാനാണ് ശേഷിക്കുന്ന ‘ഊർജം’ ഉപയോഗപ്പെടുത്തുക.

ദശലക്ഷക്കണക്കിനു വർഷങ്ങളായി ഈ രീതിയിൽ ഇവ ജീവിക്കുന്നു. അതിനാൽത്തന്നെ ഇത്തരം സൂക്ഷ്മജീവികളുടെ ഒരു കോളനി തന്നെ ഭൂമിയുടെ അഗാധതയിൽ, പലയിടത്തും രൂപപ്പെട്ടിട്ടുമുണ്ട്. ലോകത്തിലെ ഏറ്റവും ചൂടുള്ള കലിഫോർണിയയിലെ ഡെത്ത്‌വാലിയിൽ പോലും ഇവയെ കണ്ടെത്തിയിരുന്നു.

മനുഷ്യന് ഒരുതരത്തിലും താങ്ങാനാകാത്ത ജീവിതസാഹചര്യങ്ങളിൽ ഇത്തരത്തിൽ അനായാസം ജീവിക്കുന്ന ഈ സൂക്ഷ്മജീവികളാണിപ്പോൾ അന്യഗ്രഹജീവികളുടെ ജീവന്റെ രഹസ്യത്തിലേക്കുള്ള താക്കോലാകുന്നത്. ബഹിരാകാശത്തോ മറ്റു ഗ്രഹങ്ങളിലോ ഉള്ള റേഡിയോആക്ടീവ് യുറേനിയമായിരിക്കില്ല അവിടെ അവയ്ക്ക് സഹായകരമാകുക. മറിച്ച് നക്ഷത്രങ്ങൾ പൊട്ടിത്തെറിച്ചും(സൂപ്പർനോവ) മറ്റുമുണ്ടാകുന്ന ഗാലക്റ്റിക് കോസ്മിക് കിരണങ്ങളായിരിക്കും.

പ്രപഞ്ചം നിറയെയുണ്ട് ഈ കോസ്മിക് കിരണങ്ങൾ. ഭൂമിക്ക് കാന്തികമണ്ഡലവും അന്തരീക്ഷവുമുള്ളതിനാൽ ഇവിടെയെത്തുമ്പോൾ അവ ദുർബലമാകുകയാണു പതിവ്. പക്ഷേ ചൊവ്വയിൽ ഇത് രണ്ടുമില്ല. അതിനാൽത്തന്നെ ചറപറ കോസ്മിക് കിരണങ്ങളുടെ ആക്രമണമുണ്ടാകും. അതുവഴിയാകട്ടെ ഡിസൾഫോറിഡീസ് ഓഡക്സായറ്ററിനു സമാനമായ ജീവജാലങ്ങൾക്ക് സുഖമായി ജീവിക്കാനുള്ള ഊർജവും ലഭിക്കും.

അന്തരീക്ഷമില്ല, അതിനാൽത്തന്നെ ജീവനു യാതൊരു സാധ്യതയുമില്ല എന്നു പറഞ്ഞ് നാം തള്ളിക്കളഞ്ഞ പ്ലൂട്ടോയിലും ചന്ദ്രനിലും വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപ്പയിലും ശനിയുടെ ഉപഗ്രഹം എൻസെലെഡസിലുമെല്ലാം ഇത്തരത്തിൽ ജീവന്റെ സാന്നിധ്യമുണ്ടായേക്കാമെന്നാണ് അത്രിയുടെ വാദം.

സൂര്യന്റെയത്രയും ഊർജം പകരാനാകാത്തതിനാൽ ചെറിയ ജീവികൾക്കോ സൂക്ഷ്മാണുക്കൾക്കോ ആവശ്യമായ ഊർജം മാത്രമേ കോസ്മിക് കിരണങ്ങളിലൂടെ ലഭ്യമാകൂ എന്നും അദ്ദേഹം പറയുന്നു. സൗരയൂഥത്തിനപ്പുറത്തെ കാണാഗ്രഹങ്ങളിൽ പോലും ഇതുവഴി ജീവന്റെ സാന്നിധ്യമുണ്ടായേക്കാം.

വൻതോതിൽ കോസ്മിക് കിരണങ്ങളേല്‍ക്കുന്നതും ധാതുസമ്പന്നവുമായതിനാൽ ചൊവ്വാഗ്രഹത്തിൽത്തന്നെ ഇത്തരം ജീവന്റെ സാന്നിധ്യമുണ്ടാകാൻ സാധ്യതയേറെയാണെന്നും ജേണൽ ഓഫ് ദ് റോയൽ സൊസൈറ്റി ഇന്റർഫേസിലെ റിപ്പോർട്ടിൽ അത്രി പറയുന്നു.

ചൊവ്വയിലും യൂറോപ്പയിലുമെല്ലാം കാണുന്ന തരം കോസ്മിക് കിരണങ്ങൾ കൃത്രിമമായി സൃഷ്ടിച്ച് അത് ഡിസൾഫോറിഡീസുകൾക്ക് മേൽ പതിപ്പിക്കാനാണ് അത്രിയുടെ അടുത്ത ശ്രമം. ആ കിരണങ്ങളെയും വിജയകരമായി നേരിടാനായാൽ പ്രപഞ്ചത്തിൽ ഭൂമിയിലല്ലാതെയുള്ള ജീവന്റെ സാന്നിധ്യം സംബന്ധിച്ച നിർണായക കണ്ടെത്തലായിരിക്കും അത്.

കോസ്മിക് കിരണങ്ങളേറ്റു വളരുന്ന ഒരു അന്യഗ്രഹതലമുറ വളർന്നു വരുന്നുണ്ടെന്നു പോലും വിശ്വസിപ്പിക്കുന്നതായിരിക്കും ആ കണ്ടെത്തൽ

Related Articles

Back to top button