KeralaLatest

ചൂട് കൂടുന്നു; സൂര്യതാപ സാധ്യത; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടിയ സാഹചര്യത്തില്‍ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്. കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി വരെയും തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 36ഡിഗ്രി വരെയും (സാധാരണയെക്കാള്‍ 3 – 4 ത്ഥഇ കൂടുതല്‍) താപനില ഉയരാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് കഴിഞ്ഞ ദിവസം അറിയിച്ചത്.

പകല്‍ 11 മണി മുതല്‍ മൂന്നു മണി വരെയുള്ള സമയം വിശ്രമവേളയായി പരിഗണിച്ച് ജോലി സമയം ക്രമീകരിക്കണം. സൂര്യാതപമേറ്റാല്‍ ഉടനടി ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചൂട് കൂടുന്നത് നിര്‍ജലീകരണത്തിന് കാരണമാകും. അതുകൊണ്ട് ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ചൂടേറ്റ് ശരീരത്തില്‍ തടിപ്പുകളോ പൊള്ളലോ ഉണ്ടായാല്‍ ചികിത്സ ഉടനടി തേടണം. പൊള്ളലേറ്റ് ഉണ്ടാകുന്ന കുമിളകള്‍ പൊട്ടിക്കരുതെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്നു

ചൂടേറ്റ് ശരീര താപം ഉയര്‍ന്നാല്‍ സൂര്യാഘാതം ഉണ്ടായേക്കാം. അബോധാവസ്ഥയിലേക്ക് പോയിമരണം വരെ സംഭവിക്കാവുന്നതാണ്. മുതിര്‍ന്ന പൗരന്മാര്‍, ഗര്‍ഭിണികള്‍, കുഞ്ഞുങ്ങള്‍, ഗുരുതര രോഗമുള്ളവര്‍, വെയിലത്ത് ജോലി ചെയ്യുന്നവര്‍ എന്നിങ്ങനെയുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. വളര്‍ത്തു മൃഗങ്ങളെയും ചൂട് സാരമായി ബാധിക്കും എന്നതിനാല്‍ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണമെന്ന് നിര്‍ദേശത്തില്‍ പറയുന്നു.

 

Related Articles

Back to top button