IndiaLatest

ഒറ്റത്തവണത്തെ ഉപയോഗം അടിമയാക്കും; ആദിത്യ പാർട്ടിയിൽ വിളമ്പിയത് ‘എക്സ്റ്റസി’

“Manju”

ബെംഗളൂരു• കന്നഡ സിനിമാമേഖലയുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിൽ എഫ്ഐആർ റജിസ്റ്റർ ചെയ്ത് പതിമൂന്ന് ദിവസം പിന്നിടുമ്പോഴും മുഖ്യപ്രതിയും ലഹരി പാർട്ടിയുടെ ആസൂത്രകനുമായ ആദിത്യ ആൽവ എവിടെയാണെന്നു യാതൊരു സൂചനയുമില്ലാതെ ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് പൊലീസ്.

ഹെബ്ബാൾ തടാകത്തോടു ചേർന്ന് നാല് ഏക്കറോളമുള്ള ആദിത്യയുടെ ഫാം ഹൗസിലും പ്രൊഡക്‌ഷൻ കമ്പനി ഉടമ വിരേൻ ഖന്നയുടെ അപാർട്മെന്റിലും വച്ചാണ് ലഹരി പാർട്ടികൾ നടത്തിയിരുന്നതെന്ന് കൃത്യമായ തെളിവുകളും മൊഴികളും ലഭിച്ചിട്ടും കഴിഞ്ഞ ദിവസം മാത്രമാണ് ഫാം ഹൗസിൽ റെയ്ഡ് നടന്നത്.

ബോളിവുഡ് നടൻ വിവേക് ഒബ്റോയിയുടെ ഭാര്യാ സഹോദരനും കർണാടക മുൻമന്ത്രി ജീവരാജ് ആൽവയുടെ മകനുമായ ആദിത്യ ആൽവയെ സംരക്ഷിക്കാൻ ഉന്നതതല നീക്കം നടക്കുന്നതായി പരക്കെ ആക്ഷേപം ഉയരുന്നതിനിടെയായിരുന്നു ക്രൈംബ്രാഞ്ചിന്റെ പരിശോധന. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന രാസ ലഹരിമരുന്നായ മെത്തലിൻ ഡയോക്സി മെത്തഫിറ്റമിൻ എന്ന എംഡിഎംഎ ലഹരി പാർട്ടികളിൽ വ്യാപകമായി ഉപയോഗിച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി.

എക്സ്റ്റസി, മോളി, എക്‌സ് തുടങ്ങിയ പേരുകളിലും ഇത് അറിയപ്പെടുന്നു. ഒറ്റത്തവണത്തെ ഉപയോഗം കൊണ്ടുതന്നെ അടിമയാകും. ചികിത്സാരംഗത്ത് ഇത് ഉപയോഗിക്കുന്നതിനു സ്വീകാര്യത ലഭിച്ചിട്ടില്ല. ഒരു ഗുളികയ്ക്ക് 1500 മുതൽ 2500 വരെ രൂപ വില വരുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

സിനിമാ സെറ്റുകളിലെത്തുന്ന ചില നടിമാരുടെ വാനിറ്റി ബാഗുകളിൽ ലഹരിമരുന്ന് പതിവാണെന്നും കന്നഡ സിനിമയിലെ പല താരങ്ങളും ലഹരിക്ക് അടിമയാണെന്നും ചലച്ചിത്ര സംവിധായകൻ ഇന്ദ്രജിത് ലങ്കേഷ് വെളിപ്പെടുത്തിയതിനെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് നടി രാഗിണി ദ്വിവേദി, രാഗിണിയുടെ സുഹൃത്ത് രവിശങ്കർ, പ്രൊഡക്‌ഷൻ കമ്പനി ഉടമ വിരേൻ ഖന്ന, സഞ്ജന ഗൽറാണി തുടങ്ങി നിരവധി പ്രമുഖർ അറസ്റ്റിലായത്.

മാസങ്ങൾക്ക് മുമ്പ് കർണാടക പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റുമായി ബന്ധപ്പെട്ട് കളിക്കാരെ ഹണിട്രാപ്പിൽ കുടുക്കി വാതുവയ്പിനു പ്രേരിപ്പിച്ചതായി വാർത്തകൾ വന്നിരുന്നു. കന്നഡ നടിമാർക്കൊപ്പം കളിക്കാർ വിദേശത്ത് സമയം ചെലവഴിച്ചതിന് തെളിവുകളും പുറത്തു വന്നിരുന്നു. സംഭവത്തിൽ ലഹരി ഇടപാടുകൾ സംശയിച്ച് പൊലീസ് രംഗത്തു വന്നിരുന്നുവെങ്കിലും ആർക്കെതിരെയും നടപടി എടുത്തിരുന്നില്ല. ആദിത്യ ആൽവയുടെയും വിരേൻ ഖന്നയുടെ നേതൃത്വത്തിൽ, നടിമാരെ ഉപയോഗിച്ച് നിരവധിപ്പേരെ ഹണിട്രാപ്പിൽ കുടുക്കിയതായി വാർത്തകൾ വന്നിരുന്നുവെങ്കിലും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.

Related Articles

Back to top button