IndiaInternationalLatest

ഇന്ത്യൻ ഹൈക്കമ്മീഷന് മുകളിൽ ഡ്രോൺ പറത്തി പ്രകോപനം

“Manju”

ന്യൂഡൽഹി : ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ കെട്ടിടത്തിനു മുകളിൽ ഡ്രോൺ പറത്തി പ്രകോപനം സൃഷ്ടിച്ച സംഭവത്തിൽ ശക്തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യ. സംഭവത്തിൽ പാകിസ്താൻ അന്വേഷണം നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. വിവിധ വിഷയങ്ങളിൽ പ്രതികരിക്കാൻ ഡൽഹിയിൽ വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം പ്രതിഷേധം അറിയിച്ചത്.

ജൂൺ 26 ന് ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ കെട്ടിടത്തിന് മുകളിൽ ഡ്രോൺ കണ്ടെത്തിയ വിവരം സത്യമാണ്. ഇക്കാര്യം പാക് സർക്കാരുമായി ചർച്ച ചെയ്തു. സംഭവത്തിൽ സർക്കാർ അന്വേഷണം നടത്തുമെന്നും, ഭാവിയിൽ സുരക്ഷാ ഭീഷണി ഉയർത്തുന്ന ഇത്തരം നടപടികൾ തടയുമെന്നും പ്രതീക്ഷിക്കുന്നതായും ബാഗ്ചി വ്യക്തമാക്കി.

അഫ്ഗാനിൽ ഭീകരവാദം വർദ്ധിച്ചുവരുന്നതിൽ ഇന്ത്യയ്ക്കും ആശങ്കയുണ്ട്. അഫ്ഗാനിലെ ഇന്ത്യക്കാർക്കായി സുരക്ഷാ മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ താലിബാൻ നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന മാദ്ധ്യമ വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം അറിയിച്ചു.

വാക്‌സിനേഷൻ പ്രക്രിയയുടെ ഭാഗമായി ആഭ്യന്തര വാക്‌സിനേഷൻ ഉത്പാദനത്തിനാണ് പ്രാധാന്യം നൽകുന്നത്. വാക്‌സിൻ ഉത്പാദനം ത്വരിതപ്പെടുത്താൻ ആവശ്യമായതെല്ലാം സർക്കാർ ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹൈക്കമ്മീഷന്റെ കെട്ടിട സമുച്ചയത്തിന് മുകളിലും സമീപത്ത് ഉദ്യോഗസ്ഥർ താമസിക്കുന്ന ഭാഗത്തുമായിട്ടാണ് ഡ്രോൺ പറന്നത്. എല്ലാ ഉദ്യോഗസ്ഥരും ഹൈക്കമ്മീഷനിൽ ഉണ്ടായിരുന്ന സമയത്താണ് ഡ്രോൺ പറന്നത്. ഇത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുകയാണ്. കർശന സുരക്ഷാ മേഖലയായിട്ടുകൂടി ഡ്രോണുകൾ പറന്നത് പാക് രഹസ്യാന്വേഷണ വിഭാഗത്തിന്റെ വീഴ്ചയാണെന്ന വിലയിരുത്തലിലാണ് ഇന്ത്യ.

Related Articles

Back to top button