KeralaLatest

പന്നിയെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു; പിന്നാലെ പന്നിയും, അതിസാഹസികമായി രക്ഷപ്പെടുത്തി വേട്ടസംഘം

“Manju”

മലപ്പുറം: ചോക്കാട് പഞ്ചായത്തിലെ പന്നിവേട്ടക്കിടെ കിണറ്റില്‍ വീണ യുവാവിനെ അതിസാഹസികമായി വേട്ട സംഘം രക്ഷപ്പെടുത്തി. പെരിന്തല്‍മണ്ണ സ്വദേശി താമരത്ത് അയ്യപ്പനാണ് പന്നിയുടെ ആക്രമണത്തില്‍ കിണറ്റില്‍ വീണത്. വ്യാഴാഴ്ച നാട്ടിലിറങ്ങിയ പന്നികളെ ഗ്രാമപഞ്ചായത്തിന്റെ അനുമതിയോടെ വെടിവെയ്ക്കുന്ന ദൗത്യത്തിനിടയിലായിരുന്നു സംഭവം. സക്കീര്‍ ഹുസൈന്‍, നവീന്‍, ദിലീപ് മേനോന്‍ തുടങ്ങിയ ഷൂട്ടര്‍മാരുടെ നേതൃത്വത്തിലാണ് അയ്യപ്പനെ രക്ഷപ്പെടുത്തിയത്.

അയ്യപ്പനൊപ്പം പന്നിയും കിണറ്റില്‍ വീണിരുന്നു. അതോടെ സംഭവം കൂടുതല്‍ ഗുരുതരമാവുകയായിരുന്നു. അതിസാഹസികമായാണ് വേട്ടസംഘം അയ്യപ്പനെ രക്ഷപ്പെടുത്തിയത്. കാട്ടില്‍ ഒളിഞ്ഞിരിക്കുന്ന പന്നികളെ പുറത്ത് ചാടിക്കുന്ന വേട്ട സംഘത്തിലെ തെളിക്കാരനാണ് അപകടത്തില്‍പ്പെട്ട അയ്യപ്പന്‍. ചോക്കാട് പഞ്ചായത്തിലെ മാളിയേക്കല്‍ മോരംപാടത്തെ കാവില്‍വെച്ചാണ് അയ്യപ്പന്‍ പന്നിയെ കണ്ടത്. പിന്നീട് അയ്യപ്പനുനേരെ പന്നി തിരിയുകയായിരുന്നു. പ്രകോപിതനായി വരുന്ന പന്നിയുടെ മുന്നില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ അയ്യപ്പന്‍ സമീപത്തെ കിണറ്റില്‍ വീഴുകയായിരുന്നു. പിന്നാലെ പന്നി കിണറ്റിലേക്ക് ചാടുകയും ചെയ്തു.

കിണറ്റില്‍ ചാടിയ പന്നി വെള്ളത്തില്‍െ വച്ച് പലതവണ അയ്യപ്പനെ ആക്രമിക്കാന്‍ ശ്രമിച്ചു. പന്നി അടുത്തെത്തുമ്പോള്‍ വെള്ളത്തില്‍ മുങ്ങിയും താണുമാണ് ആക്രമണത്തില്‍ നിന്ന് അയ്യപ്പന്‍ രക്ഷപ്പെട്ടത്. കൂടുതല്‍ സമയം പന്നിയും അയ്യപ്പനും ഒരുമിച്ച് കിണറ്റില്‍ കഴിയുന്നത് ജീവന്‍ അപകടത്തിലാകുന്നതിനുള്ള സാഹചര്യം ഉണ്ടാക്കുമെന്ന് കിണറിന്റെ കരയില്‍ നില്‍ക്കുന്ന വേട്ടക്കാര്‍ ഭയപ്പെട്ടിരുന്നു. തോക്കുണ്ടായിരുന്നെങ്കിലും വെടി ഉതിര്‍ക്കാന്‍ ഭയപ്പെട്ടിരുന്നു.

വൈകിയാല്‍ സ്ഥിതി വഷളാകുമെന്ന് മനസിലാക്കിയതോടെ വേട്ടസംഘത്തിലെ ഷൂട്ടറായ ദിലീപ് മേനോന്‍ രണ്ടും കല്‍പിച്ച് പന്നിക്ക് നേരെ വെടിവെച്ചു. വെടി ഉതിര്‍ക്കുന്നതിന് തൊട്ടുമുമ്പ് അയ്യപ്പന് വെള്ളത്തില്‍ മുങ്ങാന്‍ നിര്‍ദേശവും നല്‍കി. അയ്യപ്പന്‍ സമ്മതിച്ചതോടെയാണ് ദിലീപ് വെടി ഉതിര്‍ത്തത്. പന്നിക്ക് വെടി തട്ടിയില്ലെങ്കില്‍ സ്ഥിതി കൂടുതല്‍ വഷളാവും എന്ന വസ്തുതയും എല്ലാവരിലും ആശങ്ക ഉണ്ടാക്കിയിരുന്നു. എന്നാല്‍ ഭാഗ്യവശാല്‍ ഉന്നം പിഴച്ചില്ല, പന്നിക്ക് വെടിയേറ്റു. ശേഷം ആദ്യം അയ്യപ്പനെ കിണറ്റില്‍ നിന്ന് രക്ഷപ്പെടുത്തി. പിന്നീട് വെടിയേറ്റ പന്നിയേയും കരക്കെത്തിച്ചു. അയ്യപ്പന്റെ കാലിന് ചെറിയ പരിക്കേറ്റിട്ടുണ്ട്.

 

 

Related Articles

Back to top button