KeralaLatest

വനിതാ കമ്മിഷന്റെ അന്താരാഷ്ട്ര വനിതാ ദിനാചരണം മാര്‍ച്ച്‌ ആറിന്

“Manju”

കേരള വനിതാ കമ്മിഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന അന്താരാഷ്ട്ര വനിതാദിനാചരണം മാര്‍ച്ച്‌ ആറിന് രാവിലെ 10ന് തിരുവനന്തപുരം ജവഹര്‍ബാലഭവന്‍ ഹാളില്‍ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. സമൂഹത്തിന് മാതൃകയായ വനിതകളെ മന്ത്രി ആദരിക്കും. മികച്ച ജാഗ്രതാ സമിതികള്‍ക്കുള്ള പുരസ്‌കാരവും മാധ്യമ പുരസ്‌കാരവും മന്ത്രി വിതരണം ചെയ്യും.

ഗോത്ര വിഭാഗത്തില്‍പ്പെട്ടവര്‍ മാത്രം അഭിനയിച്ച ലോകത്തിലെ ആദ്യ സിനിമ ധബാരി ക്യുരുവിയിലെ നായിക മീനാക്ഷി, വനിതകളുടെ നേതൃത്വത്തില്‍ രൂപകല്‍പ്പന ചെയ്ത രാജ്യത്തെ ആദ്യ ഉപഗ്രഹം വി സാറ്റ് വികസിപ്പിച്ച തിരുവനന്തപുരം പൂജപ്പുരയിലെ എല്‍ബിഎസ് വനിതാ കോളജിലെ ടീം, തൃശൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പ്രസാധനരംഗത്തെ പെണ്‍കൂട്ടായ്മ സമത, മലയാളത്തിലെ ആദ്യ ട്രാന്‍സ് വുമണ്‍ കവയിത്രി വിജയരാജമല്ലിക, ഡ്രൈവിംഗ് ലൈസന്‍സ് നേടിയ, ഇരു കൈകളുമില്ലാതെ വാഹനം ഓടിക്കുന്ന ആദ്യ ഏഷ്യക്കാരി ജിലുമോള്‍, തിരുനെല്ലിയിലെ കിഴങ്ങ് വൈവിധ്യ സംരക്ഷണ കേന്ദ്രമായ നൂറാങ്ക് നടത്തുന്ന പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെടുന്ന 10 കുടുംബശ്രീ വനിതകള്‍ എന്നിവരെയാണ് ആദരിക്കുന്നത്.

വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി അധ്യക്ഷത വഹിക്കും. വിപ്ലവ ഗായിക പി.കെ. മേദിനി വിശിഷ്ട സാന്നിധ്യമാകും. മേയര്‍ ആര്യാ രാജേന്ദ്രന്‍ മുഖ്യാതിഥിയാകും. വി.കെ. പ്രശാന്ത് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാര്‍ എന്നിവര്‍ വിശിഷ്ടാതിഥികളാകും.വനിതാ കമ്മിഷന്‍ അംഗങ്ങളായ അഡ്വ. ഇന്ദിരാ രവീന്ദ്രന്‍, അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, വി.ആര്‍. മഹിളാമണി, അഡ്വ. പി. കുഞ്ഞായിഷ, നവകേരള മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. ടി.എന്‍. സീമ, ആസൂത്രണ ബോര്‍ഡ് വിദഗ്ധ അംഗം പ്രൊഫ. മിനി സുകുമാര്‍, വനിത ശിശു വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഷര്‍മ്മിള മേരി ജോസഫ്, വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ ഹരിത വി കുമാര്‍, ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്, വനിതാ കമ്മിഷന്‍ ഡയറക്ടര്‍ ഷാജി സുഗുണന്‍, വാര്‍ഡ് കൗണ്‍സിലര്‍ ഡോ. കെ.എസ്. റീന, ജെന്‍ഡര്‍ കണ്‍സള്‍ട്ടന്റ് ഡോ. ടി.കെ. ആനന്ദി, വനിതാ കമ്മിഷന്‍ മെമ്പര്‍ സെക്രട്ടറി സോണിയാ വാഷിംഗ്ടണ്‍ എന്നിവര്‍ സംസാരിക്കും.ഉച്ചകഴിഞ്ഞ് രണ്ടിന് പ്രശസ്ത കവി മുരുകന്‍ കാട്ടാക്കട ആവിഷ്‌കാരം നിര്‍വഹിച്ച്‌ കലാഞ്ജലി ഫൗണ്ടേഷന്‍ സൗമ്യ സുകുമാരന്‍ അവതരിപ്പിക്കുന്ന ദൃശ്യകാവ്യം പെണ്ണകം. 2.40ന് നാട്യകലാക്ഷേത്രം ലിസി മുരളീധരനും സംഘവും അവതരിപ്പിക്കുന്ന നൃത്തസംഗീതം സ്ത്രീശബ്ദം.

Related Articles

Back to top button