IndiaLatest

എല്ലാ വിവരങ്ങളും നല്‍കണം; ഇലക്ട്രല്‍ ബോണ്ട് കേസില്‍ എസ്ബിഐയ്ക്ക് വീണ്ടും കോടതിയുടെ വിമര്‍ശനം

“Manju”

ഡല്‍ഹി: ഇലക്ട്രല്‍ ബോണ്ട് കേസില്‍ എസ്ബിഐയെ വിമര്‍ശിച്ച് സുപ്രീം കോടതി. എസ്ബിഐയെ കോടതി വിധി ഓര്‍മ്മിപ്പിച്ച സുപ്രീം കോടതി, എല്ലാ വിവരങ്ങളും വെളിപ്പെടുത്തണമെന്നാണ് വിധിയെന്ന് അഭിപ്രായപ്പെട്ടു. എന്തുകൊണ്ടാണ് എസ്ബിഐ എല്ലാ വിവരങ്ങളും പുറത്തുവിടാത്തതെന്നും കോടതി ചോദിച്ചു.

വിധി അനുസരിക്കാനുള്ള ബാധ്യത എസ്ബിഐ ചെയര്‍മാനുണ്ടെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വിമര്‍ശിച്ചു. തിരഞ്ഞെടുത്ത വിവരങ്ങള്‍ മാത്രം പ്രസിദ്ധീകരിക്കാനാവില്ല. എല്ലാ വിവരങ്ങളും പ്രസിദ്ധീകരിക്കണം. കോടതി ഓരോന്നായി പറയൂന്നു. വെളിപ്പെടുത്താം എന്ന നിലപാട് ശരിയല്ല. എല്ലാ വിവരങ്ങളും എന്നാല്‍ കൈയ്യിലുള്ള എല്ലാ വിവരങ്ങളും എന്നാണ് അര്‍ത്ഥമാക്കുന്നതെന്നും കോടതി പറഞ്ഞു.

വിവരങ്ങള്‍ മറച്ചുവെച്ചില്ലെന്ന് എസ്ബിഐ സത്യവാങ്മൂലം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. വ്യാഴാഴ്ച അഞ്ച് മണിക്കകം എസ്ബിഐ സത്യവാങ്മൂലം നല്‍കണം. എല്ലാ വിവരങ്ങളും എസ്ബിഐ വെളിപ്പെടുത്തണം. ഒരു വിവരങ്ങളും തടഞ്ഞുവച്ചിട്ടില്ലെന്നും അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു. തിരഞ്ഞെടുപ്പ് ബോണ്ടുകളുടെ സീരിയല്‍ നമ്പര്‍, ബോണ്ട് പണമാക്കിയ പാര്‍ട്ടി, ബോണ്ട് തുക എന്നിവ എസ്ബിഐ വെളിപ്പെടുത്തണം. എല്ലാ വിവരങ്ങളും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയെന്നും ഒരു വിവരങ്ങളും തടഞ്ഞുവച്ചിട്ടില്ലെന്നും എസ്ബിഐ സത്യവാങ്മൂലം നല്‍കണം.

ബോണ്ടുകളുടെ സീരിയല്‍ നമ്പര്‍ എസ്ബിഐ തിരിച്ചറിയുന്നതെങ്ങനെയെന്നായിരുന്നു സുപ്രീം കോടതിയുടെ മറ്റൊരു ചോദ്യം. ബോണ്ടുകളുടെ സീരിയല്‍ നമ്പര്‍ സുരക്ഷാ കാരണങ്ങളാല്‍ തിരിച്ചറിയാനാവില്ലെന്ന് എസ്ബിഐ വിശദീകരിച്ചു. എങ്കില്‍ വ്യാജ ബോണ്ടുകള്‍ വഴി രാഷ്ട്രീയ പാര്‍ട്ടികള്‍ പണം കൈമാറാന്‍ സാധ്യതയുണ്ടല്ലോയെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. തിരഞ്ഞെടുപ്പ് ബോണ്ട് കേസില്‍ ചീഫ് ജസ്റ്റിസിന് കത്തയച്ച സുപ്രീം കോടതി അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റ് അദ്ദിഷ് അഗര്‍വാലയെയും സുപ്രിംകോടതി വിമര്‍ശിച്ചു.

 

 

Related Articles

Back to top button