IndiaKeralaLatest

കോവിഡ് പ്രതിരോധം പരാജയം; ഉദ്യോഗസ്ഥ സംഘത്തെ മാറ്റി യോഗി

“Manju”

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കോവിഡിനെതിരായ പ്രതിരോധം പരാജയമാണെന്നതിനെ തുടര്‍ന്ന് തന്റെ കീഴിലുള്ള ‘ടീം 11’ലെ ഉദ്യോഗസ്ഥ സംഘത്തെ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മാറ്റി. 11 പ്രധാന ഉദ്യോഗസ്ഥരടങ്ങുന്ന ‘ടീം 11’ ആയിരുന്നു ഇതുവരെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്. ഇതിന് പകരം ‘ടീം 9’ രൂപീകരിച്ചിരിക്കുകയാണ് യോഗി. ഇതില്‍ ഉദ്യോഗസ്ഥര്‍ക്ക് പുറമെ രണ്ട് മന്ത്രിമാരുമുണ്ട്.
ബ്യൂറോക്രസിയുടെ സഹായത്തോടെ കോവിഡിനെ നിയന്ത്രിക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം പരാജയപ്പെട്ടെന്ന് ബെയ്രിയ എം.എല്‍.എ സുരേന്ദ്ര സിങ് വെള്ളിയാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഉദ്യോഗസ്ഥരല്ല, തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ കേന്ദ്രീകരിച്ചായിരിക്കണം സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘കോവിഡിനെ ഫലപ്രദമായി കൈകാര്യം ചെയ്യാനും അനുബന്ധ ജോലികള്‍ക്കുമായാണ് മുഖ്യമന്ത്രി പുതിയ ടീം 9 രൂപീകരിച്ചത്. ഈ സംഘം മുഖ്യമന്ത്രിയെ നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയും വിവിധ മേഖലകളില്‍ പ്രധാനപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യും’ ^സര്‍ക്കാര്‍ വക്താവ് അറിയിച്ചു.
ടീമിലെ അംഗമായ സംസ്ഥാന മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി സുരേഷ് കുമാര്‍ ഖന്നക്ക് വാക്‌സിനേഷന്‍, ആശുപത്രി കിടക്കകളുടെ ലഭ്യത, മാനവ വിഭവശേഷി എന്നിവയുടെ ചുമതലയാണുള്ളത്. പരിശോധന, ആരോഗ്യ കേന്ദ്രങ്ങളിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കല്‍, രോഗികളുടെ വീട്ടുനിരീക്ഷണം എന്നിവക്ക് ആരോഗ്യമന്ത്രി ഹിതേഷ് ചന്ദ്ര അവസ്തി നേതൃത്വം നല്‍കും.
ചീഫ് സെക്രട്ടറി ആര്‍.കെ. തിവാരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേന്ദ്ര സര്‍ക്കാറുമായുള്ള കാര്യങ്ങള്‍ ഏകോപിപ്പിക്കുക. അഡീഷണല്‍ ചീഫ് സെക്രട്ടറി (ഹോം) ഓക്‌സിജന്റെ ലഭ്യതയില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. കോവിഡ് നിയന്ത്രണങ്ങള്‍ നടപ്പാക്കലാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസിന്‍െഖ ചുമതല. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവരെ നിരീക്ഷിക്കല്‍, ശുചിത്വ പാലനം എന്നിവക്കും ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.
സംസ്ഥാനത്തെ ഓരോ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലും 20 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ ലഭ്യമാക്കണമെന്ന് വെള്ളിയാഴ്ചത്തെ യോഗത്തില്‍ യോഗി നിര്‍ദേശിച്ചിട്ടുണ്ട്. റെംഡെസിവിര്‍ മരുന്നിന്റെ വിതരണവും ആവശ്യവും ജില്ല മജിസ്ട്രേറ്റ് നിരീക്ഷിക്കണം. ഇപ്പോള്‍ അടച്ചിട്ടിരിക്കുന്ന സ്‌കൂളുകളില്‍ മെയ് അവസാനം വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ പാടില്ലെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

Related Articles

Back to top button