KeralaLatest

വേനലിലും കുളിരായി പാലരുവി വെള്ളച്ചാട്ടം

“Manju”

പുനലൂർ: കിഴക്കൻ മേഖലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് പാലരുവി വെള്ളച്ചാട്ടം. കുംഭച്ചൂടിലും ഉറവ വറ്റാതെ സഞ്ചാരികളുടെ മനംകവരുകയാണ് ഇവിടം. കടുത്ത വേനലിനെയും അതിജീവിച്ച്‌ പാല്‍ പോലെ ഒഴുകിയിറങ്ങുന്നത് കാണാൻ നിരവധി പേരാണ് ഇപ്പോള്‍ ഇവിടെയ്ക്ക് എത്തുന്നത്. കേരളീയരെ കൂടാതെ തമിഴ്നാട്ടില്‍ നിന്നും ഒരുപാട് സഞ്ചാരികള്‍ എത്തുന്നുണ്ട്.

നീരൊഴുക്ക് കുറഞ്ഞിട്ടുണ്ടെങ്കിലും ഇവിടേക്കെത്തുന്ന സഞ്ചാരികളുടെ മനസ്സിന് ലഭിക്കുന്ന ഉന്മേഷത്തിനും കുളിര്‍മക്കും കുറവൊന്നുമില്ല. സ്കൂളുകളില്‍ നിന്നും ട്രക്കിങ്ങിനും പാലരുവി കാണാനും ദിവസേന നിരവധി കുട്ടികളാണെത്തുന്നത്. ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ പാലരുവിക്ക് ഏതാണ്ട് 91 മീറ്റര്‍ ഉയരമുണ്ട്. സഹ്യപര്‍വതനിരകളില്‍പെട്ട രാജക്കൂപ്പ് മലനിരകളില്‍ നിന്നും ഉത്ഭവിച്ച്‌ പാല്‍ ഒഴുകുന്നത് പോലെ വെള്ളം പതഞ്ഞ് താഴേക്ക് പതിക്കുന്നതിനാലാണ് പാലരുവിക്ക് ഈ പേര് ലഭിച്ചത്. കല്ലടയാറിന്റെ തുടക്കമായ മഞ്ഞുതേരി, കരിനാല്ലത്തിയേഴ്, രാജക്കൂപ്പ് എന്നീ അരുവികള്‍ സംഗമിച്ചാണ് പാലരുവി വെള്ളച്ചാട്ടം രൂപ്പപ്പെടുന്നത്. രാജഭരണക്കാലത്തിന്റെ അവശേഷിപ്പുകളായ കുതിരാലയവും ഒരു കല്‍മണ്ഡപവും ഇവിടെ ഇപ്പോഴും നിലനിര്‍ത്തിയിരിക്കുന്നു.

ഇവയും സഞ്ചാരികള്‍ക്ക് ഇഷ്ടപ്പെട്ട കാഴ്ചയാണ്. കൊല്ലം തിരുമംഗലം ദേശീയപാതയില്‍ പാലരുവി ജങ്ഷനില്‍ എത്തിയാല്‍ ടൂറിസം വകുപ്പിന്റെ ബസിലാണ് പിന്നീടുള്ള യാത്ര. സംരക്ഷിത വനമേഖലയിലൂടെയുള്ള യാത്ര ആയതിനാല്‍ തന്നെ സ്വകാര്യവാഹനങ്ങള്‍ക്ക് പ്രവേശനമില്ല.

പാലരുവിയിലേക്ക് വനത്തിനുള്ളിലൂടെയുള്ള ഈ ബസ് യാത്രയും അതിമനോഹരമാണ്. സിംഹവാലന്‍ കുരങ്ങ്, വിവിധതരം ചിത്രശലഭങ്ങള്‍ എല്ലാം ഈ യാത്രയില്‍ കാണാന്‍ കഴിയും. ശലഭങ്ങളുടെ ആവാസവ്യവസ്ഥക്ക് അനുയോജ്യമായ പ്രകൃതിദത്ത സാഹചര്യങ്ങള്‍ സൃഷ്ടി ശലഭോദ്യാനവും ഇവിടെയുണ്ട്. ഉള്‍‌വനങ്ങളിലെ ഔഷധസസ്യങ്ങള്‍ വളരുന്ന മേഖലയിലൂടെ ഒഴുകി വരുന്ന വെള്ളച്ചാട്ടത്തിന് ഔഷധഗുണമുണ്ടാകും എന്നൊരു വാദവുമുണ്ട്.

വെള്ളച്ചാട്ടം വീഴുന്ന ഭാഗത്ത് സഞ്ചാരികള്‍ക്ക് ഇറങ്ങുന്നതിനായി വെള്ളംകെട്ടി നിർത്തിയിട്ടുണ്ട്. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഇവിടെയിറങ്ങാം. വെള്ളച്ചാട്ടത്തിനോട് ചേര്‍ന്ന് തന്നെയാണ് കല്‍മണ്ഡപവും കുതിരാലയവുമൊക്കെ സ്ഥിതിചെയ്യുന്നത്.

16 കല്‍മണ്ഡപം ഉണ്ടായിരുന്നു. എന്നാല്‍ 93ലെ വെള്ളപ്പൊക്കത്തില്‍ അതൊക്കെ നശിച്ചുപോയി. പാലരുവി ഇക്കോടൂറിസത്തിനാണ് വെള്ളച്ചാട്ടത്തിന്റെയും അനുബന്ധ സംവിധാനങ്ങളുടെയും ചുമതല. മുതിര്‍ന്നവര്‍ക്ക് 70 രൂപയും കുട്ടികള്‍ക്ക് 30 രൂപയും വിദ്യാർഥികള്‍ക്ക് 35 രൂപയുമാണ് ടിക്കറ്റ് ചാര്‍ജ്. വിദേശികള്‍ക്ക് 200 രൂപയാണ് നിരക്ക്.

Related Articles

Back to top button