KeralaLatest

സംസ്ഥാനത്ത് വീണ്ടും വന്യമൃഗാക്രമണം

“Manju”

വയനാട്: സംസ്ഥാനത്ത് വീണ്ടും വന്യമൃഗാക്രമണം. വയനാട് സുല്‍ത്താന്‍ബത്തേരി പഴൂരില്‍ പശുവിനെ കടുവ ആക്രമിച്ചു. കോട്ടൂക്കര കുര്യാക്കോസിന്റെ പശുവിനെയാണ് കടുവ പിടികൂടിയത്. ഫോറസ്റ്റ് സ്റ്റേഷന് സമീപം മേയാന്‍ വിട്ട പശുവിനെ ഇന്നലെ മുതല്‍ കാണാനില്ലായിരുന്നു. വനം വകുപ്പ് ജീവനക്കാരും പൊലീസും പ്രദേശത്ത് തിരച്ചില്‍ നടത്തിയിരുന്നു.

എറണാകുളം കോതമംഗലം കുട്ടമ്പുഴയില്‍ ജനവാസ മേഖലയില്‍ വീണ്ടും കാട്ടാനക്കൂട്ടത്തിന്റെ ആക്രമണമുണ്ടായി. മാമലക്കണ്ടം കൂനന്‍മലയിലാണ് പുലര്‍ച്ചെ കാട്ടാനക്കൂട്ടമെത്തിയത്. വീടും കൃഷിയിടത്തിലെ കെട്ടിടവും കൃഷിയും നശിപ്പിച്ചു. കൂനന്‍മല സ്വദേശി കെ കെ തോമസിന്റെ വീടാണ് കാട്ടാനക്കൂട്ടം തകര്‍ത്തത്. വീടിന്റെ വരാന്തയില്‍ കയറി വാതിലും ജനാലയും തകര്‍ക്കുകയായിരുന്നു.

ആനക്കൂട്ടമെത്തിയപ്പോള്‍ തോമസും കുടുംബവും ബന്ധുവീട്ടിലായിരുന്നു. റബ്ബര്‍ ഷീറ്റുകള്‍ ഉണക്കാന്‍ വേണ്ടി നിര്‍മ്മിച്ച ജോണ്‍സണ്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള പുകപ്പുരയും ആനകള്‍ നശിപ്പിച്ചു. കവുങ്ങ് ഉള്‍പ്പെടെയുള്ള കൃഷിയും ചവിട്ടിമെതിച്ചു. ഒരാഴ്ചയായി കാട്ടാനക്കൂട്ടം ഈ മേഖലയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

Related Articles

Back to top button