IndiaLatest

ഇന്ത്യയില്‍ കള്ളനോട്ടിന്റെ എണ്ണം കുറഞ്ഞു : റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ

“Manju”

ശ്രീജ.എസ്

മുംബൈ: ഇന്ത്യയില്‍ കള്ളനോട്ടിന്റെ എണ്ണം കുറഞ്ഞതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. എന്നാല്‍ വെല്ലുവിളി ഇപ്പോഴും ശക്തമാണെന്നും കേന്ദ്ര ബാങ്കിന്റെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
കള്ളനോട്ടുകള്‍ തടയാനെന്ന പേരില്‍ രാജ്യത്ത് നടപ്പാക്കിയ നോട്ട് അസാധുവാക്കലിനു ശേഷം പുറത്തിറക്കിയ 500 രൂപ നോട്ടിന്റെ വ്യാജപതിപ്പ് കണ്ടെത്തുന്നതില്‍ 37.5 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. റിസര്‍വ് ബാങ്കിന്റെ 2019-’20 വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. 2019 ഏപ്രില്‍മുതല്‍ 2020 മാര്‍ച്ചുവരെയുള്ള കാലയളവില്‍ 30,054 കള്ളനോട്ടുകളാണ് 500 രൂപയുടേതായി കണ്ടെത്തിയത്. മുന്‍വര്‍ഷമിത് 21,865 എണ്ണമായിരുന്നു.

പത്ത് രൂപയുള്ള കള്ളനോട്ടില്‍ 144.6 ശതമാനത്തിന്റെയും 50 രൂപയുടേതില്‍ 28.7 ശതമാനത്തിന്റെയും 200 രൂപയുടെ നോട്ടില്‍ 151.2 ശതമാനത്തിന്റെയും വര്‍ധനവുണ്ടായി. അതേസമയം, 2000 രൂപയുടെ കള്ളനോട്ടുകളുടെ എണ്ണത്തില്‍ 22.1 ശതമാനത്തിന്റെ കുറവുണ്ടായി. 21,847 എണ്ണത്തില്‍നിന്ന് 17,020 എണ്ണമായാണ് കുറഞ്ഞത്.
എന്നാല്‍ 20 രൂപയുടെ കള്ളനോട്ടില്‍ 37.7 ശതമാനത്തിന്റെയും 100 രൂപയുടെ നോട്ടില്‍ 23.7 ശതമാനത്തിന്റെയും ഇടിവുണ്ടായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ ബാങ്കുകള്‍ 95.4 ശതമാനം കള്ളനോട്ടും റിസര്‍വ് ബാങ്ക് 4.6 ശതമാനം കള്ളനോട്ടുകളും കണ്ടെത്തിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

2019-’20 കാലത്ത് ആകെ 2,96,695 കള്ളനോട്ടുകളാണ് പിടിച്ചെടുത്തത്. മുന്‍വര്‍ഷമിത് 3,17,384 എണ്ണമായിരുന്നു. പിടിച്ചെടുത്തതില്‍ കൂടുതല്‍ 100 രൂപാ നോട്ടുകളാണ് 1,68,739 എണ്ണം.

Related Articles

Back to top button