KeralaLatest

സിദ്ധാര്‍ത്ഥ് കേസ്: സിബിഐ അന്വേഷണം വൈകുന്നതില്‍ ഉത്തരവാദി ആര്? നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി

“Manju”

കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാര്‍ത്ഥന്റെ മരണം സംബന്ധിച്ച് സിബിഐ അന്വേഷണത്തിന് വിജ്ഞാപനമിറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി. സിബിഐ അന്വേഷണം വൈകുന്നതില്‍ ആരാണ് ഉത്തരവാദിയെന്നും കോടതി ആരാഞ്ഞു. കാലതാമസം അന്വേഷണത്തെ ബാധിക്കുമെന്നും കാലതാമസമുണ്ടായാല്‍ ഇരയ്ക്ക് നീതി കിട്ടിയെന്ന് വരില്ലെന്നും കോടതി വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. നിലവില്‍ ക്ലറിക്കല്‍ നടപടികള്‍ മാത്രമാണല്ലോ ബാക്കിയെന്നും ഇത് അന്വേഷണം ഏറ്റെടുക്കാന്‍ തടസമാണോയെന്നും ഹൈക്കോടതി ചോദിച്ചു. അന്വേഷണത്തിനുള്ള നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കണം. സിബിഐ അന്വേഷണത്തിനുള്ള ഫയലുകള്‍ കൈമാറുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ കാലതാമസം വരുത്തരുതെന്നും കോടതി വ്യക്തമാക്കി.

കേന്ദ്ര സര്‍ക്കാര്‍ അടക്കമുള്ള എതിര്‍കക്ഷികള്‍ക്കാ് നോട്ടീസയക്കാനും കോടതി നിര്‍ദേശിച്ചു. അന്വേഷണം സിബിഐ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് സിദ്ധാര്‍ഥന്റെ പിതാവ് നല്‍കിയ ഹര്‍ജി ജസ്റ്റിസ് ബച്ചുകുര്യന്‍ ചൊവ്വാഴ്ച പരിഗണിക്കാന്‍ മാറ്റി. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം സിബിഐക്ക് വിട്ട് മാര്‍ച്ച് ഒമ്പതിന് അഡീഷണല്‍ ചീഫ് സെക്രട്ടറി ഉത്തരവിറക്കിയെങ്കിലും രേഖകള്‍ കൈമാറിയില്ല.

സംസ്ഥാന സര്‍ക്കാറിന്റെ ഉത്തരവിന് പിന്നാലെ സിബിഐ അന്വേഷണം ആരംഭിക്കുമെന്ന ധാരണയാണ് ഉണ്ടായിരുന്നത്. നടപടികള്‍ വൈകിയപ്പോള്‍ നടത്തിയ അന്വേഷണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന അപേക്ഷക്കൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍ നല്‍കിയിട്ടില്ലെന്നും കുറഞ്ഞത് രണ്ട് മാസമെങ്കിലും വേണ്ടി വരുമെന്നുമാണ് അണ്ടര്‍ സെക്രട്ടറി അറിയിച്ചത്.

കേന്ദ്ര ഏജന്‍സി അന്വേഷണം വൈകിപ്പിക്കാനോ കഴിയുമെങ്കില്‍ തടയാനോ ഉള്ള ബോധപൂര്‍വമായ ശ്രമമാണ് സര്‍ക്കാറില്‍ നിന്നുണ്ടായതെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നാണ് ഹര്‍ജിയെലെ ആരോപണം.

Related Articles

Back to top button