KeralaLatest

സിദ്ധാര്‍ത്ഥന്റെ മരണം ; സിബിഐ സംഘം വയനാട്ടിലെത്തി, നടപടിക്രമങ്ങള്‍ ആരംഭിച്ചു

“Manju”

കല്‍പ്പറ്റ: വയനാട് പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാര്‍ഥിയായ സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സിബിഐ അന്വേഷണത്തിനായി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കിയതിന് പിന്നാലെ സിബിഐ സംഘം വയനാട്ടിലെത്തി നടപടി ക്രമങ്ങള്‍ ആരംഭിച്ചു. സിബിഐ എസ്പി ഉള്‍പ്പടെയുള്ള നാലംഗ സംഘമാണ് വനാട്ടിലെത്തിയത്. ഇവര്‍ ജില്ലാ പോലീസ് മേധാവിയും അന്വേഷണ ഉദ്യോഗസ്ഥനുമായിരുന്ന കല്പ്പറ്റ ഡിവൈഎസ്പിയുമായി കൂടികാഴ്ച്ച നടത്തി.

എസ്പിയും ഡിവൈഎസ്പിയും രണ്ട് ഇന്‍സ്‌പെക്ടര്‍മാരുമടങ്ങുന്നതാണ് അന്വേഷണസംഘമെന്നാണ് ലഭിക്കുന്ന വിവരം. കേസുമായി ബന്ധപ്പെട്ട പ്രാഥമിക വിവരശേഖരമാണ് ഇന്ന് നടത്തിയത്. ഫയലുകള്‍ അന്വേഷണസംഘത്തില്‍ നിന്നും ശേഖരിച്ചതായും റിപ്പോര്‍ട്ടുണ്ട്. സിബിഐ അന്വേഷണം വൈകുന്നതില്‍ അതൃപ്തി അറിയിച്ച് സിദ്ധാര്‍ത്ഥന്റെ അച്ഛന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹര്‍ജി പരിഗണിച്ച ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനോട് സിബിഐ അന്വേഷണം ആരംഭിക്കാന്‍ ഉത്തരവിറക്കാന്‍ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിടുന്നത്.

അന്വേഷണം വൈകുന്ന ഓരോ നിമിഷവും കുറ്റവാളികള്‍ക്ക് നേട്ടമാകുമെന്ന് വിലയിരുത്തിയ കോടതി ഏപ്രില്‍ ഏഴിന് മുമ്പ് വിജ്ഞാപനമിറക്കണമെന്ന് കേന്ദ്രത്തോട് ഉത്തരവിട്ടിരുന്നു. സിബിഐ അന്വേഷണം വൈകിയാണെങ്കിലും ആരംഭിച്ചതില്‍ ആശ്വാസമുണ്ടെന്നും കുറ്റക്കാര്‍ക്കെതിരെ നീതിയുക്തമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും സിദ്ധാര്‍ത്ഥന്റെ അച്ഛന്‍ ജയപ്രകാശ് പറഞ്ഞു.

Related Articles

Check Also
Close
Back to top button