AlappuzhaKeralaLatest

ദൈവഭൂമിയിലൂടെ ഒരു അവധൂതയാത്ര

“Manju”

പോത്തൻകോട്: ആദ്ധ്യാത്മികഅനുഭൂതിക്കും അറിവിനും അനുഭവത്തിനും വേണ്ടി ശിഷ്യപരമ്പരയുടെ ആത്മസമര്‍പ്പണമായി ഗുരുവിന്റെ ത്യാഗജീവിതത്തിലൂടെയുള്ള പ്രയാണമായ ‘ശാന്തിഗിരി അവധൂത യാത്ര’ മെയ് 1 മുതല്‍ 4 വരെ നടക്കും. മഹാത്മാക്കള്‍ ദൈവനീതി നടപ്പിലാക്കാന്‍ ജന്മമെടുക്കുകയും അവരുടെ ത്യാഗജീവിതം കൊണ്ട് ഭൗമമണ്ഡലങ്ങളെ വരുംകാലത്തിന്റെ നന്മയ്ക്കുവേണ്ടി പരിവര്‍ത്തനം ചെയ്ത സൂക്ഷ്മാന്തരീക്ഷങ്ങളിലൂടെ സഞ്ചരിച്ച് അവയെ സ്വന്തം ജീവനിലേക്ക് സ്വാംശീകരിച്ചെടുക്കാന്‍ ദൈവനിശ്ചയപ്രകാരം നടത്തുന്നതാണ് അവധൂത യാത്ര. ഗുരുവിന്റെ ജീവിത മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച 25 സ്ഥലങ്ങളിലേക്ക് സംഘടിപ്പിക്കുന്ന ഈ യാത്ര ആത്മസുകൃതത്തിന്റെ വഴിയിലേക്ക് ശിഷ്യനെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ പര്യാപ്തമാകുന്നു. സന്ന്യാസി സന്ന്യാസിനിമാരും ബ്രഹ്മചാരി ബ്രഹ്മചാരിണിമാരും ഗൃഹസ്ഥ ശിഷ്യരും ഈ യാത്രയില്‍ പങ്കുചേരുന്നു.

ചന്ദിരൂരുള്ള ഗുരുവിന്റെ ജന്മഗൃഹത്തില്‍ നിന്ന് മെയ് 1ന് രാവിലെ 5 മണിക്ക് അവധൂതയാത്ര ആരംഭിക്കും. പൂര്‍ണ്ണതയണഞ്ഞ ത്യാഗം ധര്‍മ്മമായി, കാലത്തിന്റെ അച്ചുതണ്ടായി കല്പാന്ത്യത്തോളമുള്ള യുഗഭ്രമണങ്ങളുടെ പൂര്‍ണ്ണതയായി അതിമാനസ തേജസായി പൊന്‍പുലരിയുടെ ബ്രഹ്മയാമത്തില്‍ പ്രകാശരൂപനായ ഗുരു പിറന്നുവീണത് ഇവിടെയാണ്. ഗുരുവിന്റെ ജന്മംകൊണ്ട് പവിത്രമായ പുണ്യഭൂമിയാണിത്. കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴയിലാണ് ചന്ദിരൂര്‍ ഗ്രാമം. ചന്ദ്രന്റെ ഊര് ആയ ചന്ദിരൂരില്‍ 1927 ല്‍ ചിങ്ങമാസത്തിലെ ചോതി നക്ഷത്രത്തിലാണ് ഗുരു ഭൂജാതനായത്. അന്തരീക്ഷത്തില്‍ നിന്ന് ദൈവിക പ്രകാശം ഏറ്റവും കൂടുതല്‍ ഭൂമിയിലേക്ക് പതിക്കുന്ന ഇടമാണ് ചന്ദിരൂര്‍.

ഒരു കാലത്ത് ഈ സ്ഥലം വാല്‍ക്കിണറുകളാലും ശുദ്ധജലത്താലും സമൃദ്ധമായിരുന്നു. കാലക്രമത്തില്‍ അത് മലീമസപ്പെടുകയും ചെയ്തു. ഇന്ന് അത് ശുദ്ധത പ്രാപിച്ചുവരുന്നു. ഗുരുവിന്റെ ജന്മം കൊണ്ട് ഇത് ഒരു ദൈവഭൂമിയായി മാറപ്പെടുമെന്നത് കാലം സാക്ഷ്യപ്പെടുന്നതാണ്. മഹത്തുക്കളായ തിരുവള്ളുവര്‍, ചാത്തനാര്‍ തുടങ്ങിയവരുടെ സഞ്ചാര ഭൂമികയായിരുന്നു ഇവിടം. ഇത് ചരിത്രത്തിന്റെ ഏടുകളില്‍ മറഞ്ഞിരിക്കുന്ന സത്യമാണ്.

കൈതപ്പുഴ കായലും പച്ചനെല്‍പ്പാടങ്ങളാലും മനോഹരമാണ് ചന്ദിരൂര്‍ ഗ്രാമം. ഗുരു ജനിച്ച വീട് താഴ്മയേറിയ ഒരു കുടിലായിരുന്നു. ഇന്നത് ഗുരുവിന്റെ ജന്മഗൃഹം എന്ന തീര്‍ത്ഥാടന കേന്ദ്രമായി വികാസം പ്രാപിച്ചിരിക്കുന്നു. ചന്ദിരൂര്‍ ഗ്രാമത്തിലെ ജനജീവിതത്തിന് ഇന്ന് ഒഴുക്കും തഴപ്പും ഉണ്ട്. അതിന് ചേര്‍ന്ന കെട്ടിടങ്ങളും സഞ്ചാരപഥങ്ങളും ഉണ്ട്. എല്ലാം ജന്മഗൃഹം വന്നതിനുശേഷമുള്ള മാറ്റങ്ങള്‍. മുന്‍പ് ആ ഗ്രാമത്തിലെ താമസക്കാര്‍ സാമാന്യത്തില്‍ നിന്നും താഴെപ്പെട്ടവരായിരുന്നു. സാമ്പത്തികമായും സാംസ്കാരികമായും. എന്നാല്‍ പൂര്‍വ്വികമായി ഉന്നതമായ ഒരു പാരമ്പര്യം അവര്‍ക്കുണ്ടായിരുന്നു. വൈദ്യന്‍, ജ്യോതിഷം, സാത്വിക ജീവിതം… അങ്ങനെ ഈ പാരമ്പര്യത്തിന്റെ വിസ്മയകരമായ ഒരു പൊട്ടിവിരിയലാണ് ഗുരു.

ഗുരുവിന്റെ ജന്മഗൃഹസമുച്ചയം പണിതീരുന്നതോടെ ലോകത്തിന്റെ ആരാമകേന്ദ്രമായി ചന്ദിരൂര്‍ ഗ്രാമം മാറും. ജൻമഗൃഹത്തിൽ നിന്ന് തിരിക്കുന്ന അവധൂതയാത്ര കാലടിയിലുള്ള ആഗമാനന്ദാശ്രമത്തിലേക്കാണ് ആദ്യം പോകുന്നത്.

Related Articles

Back to top button