KeralaLatest

18 മുതൽ മഴ ശക്തമാവും, ജാഗ്രത നിർദേശം

“Manju”

തിരുവനന്തപുരം: കന്യാകുമാരി കടലിനു മുകളിലും തെക്കന്‍ തമിഴ്‌നാട് തീരത്തോടും ചേര്‍ന്ന് രണ്ട് ചക്രവാതച്ചുഴികള്‍ നിലനിൽക്കുന്നതിനാൽ കേരളത്തിലും തമിഴ്‌നാട്ടിലും 18 മുതൽ ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷകർ അറിയിക്കുന്നു. തെക്കന്‍ തമിഴ്‌നാട് തീരത്തോട് ചേര്‍ന്ന് ന്യൂനമര്‍ദത്തിന് സമാനമായ അന്തരീക്ഷസ്ഥിതി ഉടലെടുക്കുന്നതിനാല്‍ അന്തരീക്ഷത്തിന്റെ മധ്യ ഉയരങ്ങളില്‍ ശക്തമായ കാറ്റ് മഴക്ക് കാരണമാകും. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ പൈനാവ്, കട്ടപ്പന, പീരുമേട്, കോതമംഗലം, ഈരാറ്റുപേട്ട തുടങ്ങിയ പ്രദേശങ്ങളില്‍ അതിശക്തമായ മഴക്ക് സാധ്യതയുണ്ട്. 18 ന് തന്നെ കേരളത്തില്‍ പലയിടങ്ങളിലായി ശക്തമായ മഴ ലഭിക്കും. 20 നും 21 നും സംസ്ഥാനത്തെ മഴയുടെ ശക്തികൂടും. മധ്യ, തെക്കന്‍ ജില്ലകള്‍ക്ക് പുറമേ വടക്കന്‍ കേരളത്തിലും ഈ ദിവസങ്ങളില്‍ കനത്ത മഴക്ക് സാധ്യത. മലപ്പുറം ജില്ലയുടെ കിഴക്കന്‍ മലനിരകളിലും പാലക്കാട് ജില്ലയിലെ മലയോര പ്രദേശങ്ങളിലും ജാഗ്രത നിർദേശമുണ്ട്.

തീരദേശത്തും കിഴക്കന്‍ മലയോരത്തും ഒരുപോലെ ശക്തമായ മഴ ലഭിക്കുന്ന സാഹചര്യമാണ് ഇപ്പോഴത്തെ അന്തരീക്ഷസ്ഥിതി വ്യക്തമാക്കുന്നത്. ഇത് നഗരങ്ങളില്‍ വെള്ളക്കെട്ടുകളുണ്ടാക്കുകയും കിഴക്കന്‍ മലയോരമേഖലയില്‍ മലവെള്ളപ്പാച്ചിലുണ്ടാക്കുകയും ചെയ്യുമെന്നാണ് കാലാവസ്ഥ നിരീക്ഷകർ വിലയിരുത്തുന്നത്. കോഴിക്കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള തീരദേശത്തും മഴ ലഭിക്കും. കിഴക്കന്‍ മേഖലയിലേക്കുള്ള അനാവശ്യ യാത്രകള്‍ തീവ്രമഴ സാധ്യത മുൻനിർത്തി ഒഴിവാക്കണമെന്ന് മുന്നറിയിപ്പുണ്ട്.

ഇതിനിടെ, കാലവര്‍ഷം മെയ് 19 ഓടെ തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തെക്കന്‍ ആന്‍ഡമാന്‍ കടല്‍, നിക്കോബാര്‍ ദ്വീപ് എന്നിവിടങ്ങളില്‍ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തുടര്‍ന്ന് 31 ഓടെ കാലവർഷം കേരളത്തില്‍ എത്തും.

Related Articles

Back to top button