KeralaLatest

നഗരം സാമൂഹ്യ വിരുദ്ധരുടെ പിടിയില്‍

“Manju”

കോട്ടയം: നഗരം സാമൂഹ്യ വിരുദ്ധരുടെ പിടിയിലെന്ന് തെളിയിക്കുന്ന സംഭവം വീണ്ടും അരങ്ങേറി. വ്യാഴാഴ്ച വൈകിട്ട് 7ന് നഗരമദ്ധ്യത്തില്‍ ടിബി റോഡില്‍ ആലുക്കാസ് ജൂവലറിക്കു സമീപമാണ് സംഭവം.മദ്യപിച്ച ശേഷം പോര്‍വിളികളുമായി നടപ്പാതയിലൂടെ നടന്നു വന്ന സ്ത്രീയും പുരുഷനും തമ്മിലാണ് സിനിമയെ വെല്ലുന്ന കൈയ്യാങ്കളിയും അസഭ്യവര്‍ഷവും നടത്തിയത്.

പുരുഷന്റെ മര്‍ദ്ദനമേറ്റ് സ്ത്രീ റോഡരുകില്‍ ബോധമില്ലാതെ വീണു. തുടര്‍ന്നും സ്ത്രീയെ ആക്രമിക്കാനെത്തിയ പുരുഷനെ നാട്ടുകാര്‍ തടഞ്ഞു നിര്‍ത്തി. വിവരം പോലീസിനെയും അറിയിച്ചു.ഉടന്‍ തന്നെ ബൈക്കില്‍ പട്രോളിംഗ് പോലീസും പുറകെ പിങ്ക് പോലീസും എത്തി. വീണു കിടന്ന സ്ത്രീയുടെ മുഖത്ത് വെള്ളം തളിച്ച്‌ എഴുന്നേല്പിക്കുവാന്‍ ശ്രമിച്ചെങ്കിലും അവര്‍ എഴുന്നേറ്റില്ല. തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ ഇവരെ ആശുപത്രിയില്‍ എത്തിക്കുവാന്‍ ശ്രമിച്ചെങ്കിലും പോലീസ് ഉദ്യോഗസ്ഥരില്ലാതെ ഓട്ടോയില്‍ ഇവരുമായി ആശുപത്രിയിലേയ്ക് പോകാന്‍ ഓട്ടോ ഡ്രൈവര്‍ വിസമ്മതിച്ചു. തുടര്‍ന്ന് പോലീസുമായിട്ടാണ് ഓട്ടോ ആശുപത്രിയിലേയ്ക്ക് പോയത്.

നഗരത്തില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഇവര്‍ സ്ഥിരം പ്രശ്‌നക്കാരാണെന്ന് കച്ചവടക്കാര്‍ പറയുന്നു. ഓടുന്ന വാഹനങ്ങള്‍ക്കു മുമ്ബില്‍ ചാടി വീണ് പണം തട്ടുന്നവരാണ് ഇവരെന്നും പറയപ്പെടുന്നു. ഇങ്ങനെയുള്ള സാമൂഹ്യ വിരുദ്ധരുടെ കൈയ്യിലാണ് നഗരത്തിന്റെ നിയന്ത്രണമെന്നാണ് ഈ സംഭവം തെളിയിക്കുന്നത്. ക്രിസ്തുമസ് ദിനത്തില്‍ തിരുനക്കര മൈതാനത്തിനു പിന്‍വശത്തും, തിരുനക്കര ക്ഷേത്രക്കുളത്തിനു സമീപവും സാമൂഹ്യ വിരുദ്ധരും കഞ്ചാവ് മാഫിയയും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു.

Related Articles

Back to top button