InternationalLatest

ഫ്രഞ്ച് ഓപ്പൺ: റാഫേൽ നദാൽ ആദ്യ റൗണ്ടിൽ പുറത്ത്

“Manju”

പാരീസ്: ഫ്രഞ്ച് ഓപ്പണിൽ നിന്ന് സ്പാനിഷ് ഇതിഹാസം റാഫേൽ ന​ദാൽ പുറത്ത്. മുൻ ചാമ്പ്യനായ നദാൽ ആദ്യ റൗണ്ടിൽ തന്നെ തോൽവി വഴങ്ങിയാണ് പുറത്തായത്. ജർമൻ താരവും നാലാം സീഡുമായ അലക്സാണ്ടർ സ്വരേവാണ്‌ നദാലിനെ കീഴടക്കിയത്. നേരിട്ടുള്ള സെറ്റുകൾക്കാണ് സ്വരേവിന്റെ ജയം. സ്കോർ- 6-3, 7-6(7-5), 6-3

ഏറെക്കാലത്തിന് ശേഷം കളിമൺകോർട്ടിലേക്ക് മടങ്ങിയെത്തിയ നദാലിന് റോളണ്ട് ​ഗാരോസിൽ മികച്ച പ്രകടനം കാഴ്ചവെക്കാനായില്ല. ആദ്യ സെറ്റ് തന്നെ 6-3 ന് നഷ്ടപ്പെട്ടു. എന്നാൽ രണ്ടാം സെറ്റിൽ നദാൽ ശക്തമായി പൊരുതി. സ്കോർ 6-6 ആയതോടെ ടൈ ബ്രേക്കറിലേക്ക് നീങ്ങി. 7-5 ന് ടൈ ബ്രേക്കറിലും വിജയിച്ച് സ്വരേവ് രണ്ടാം സെറ്റ് നേടി. മൂന്നാം സെറ്റിലും കാര്യമായ തിരിച്ചുവരവ് നടത്താൻ നദാലിനായില്ല. ആദ്യ സെറ്റിന്റെ ആവർത്തനമെന്നപോലെ 6-3 -ന് സെറ്റും മത്സരവും പരാജയപ്പെട്ടു.

ഇതാദ്യമായാണ് നദാൽ ഫ്രഞ്ച് ഓപ്പണിൽ ആദ്യ റൗണ്ടിൽ പരാജയപ്പെടുന്നത്. 2005-ൽ ഫ്രഞ്ച് ഓപ്പണിൽ അരങ്ങേറ്റം കുറിച്ചതിന് ശേഷമുള്ള വെറും നാലാമത്തെ മാത്രം തോൽവിയാണിത്. 14-ഫ്രഞ്ച് ഓപ്പൺ കിരീടമുൾപ്പെടെ 22-ഗ്രാൻഡ്സ്ലാം കിരീടങ്ങളാണ് നദാൽ നേടിയത്. 2005-മുതൽ 2008 വരെയും, 2010-മുതൽ 2014-വരെയും, 2017-മുതൽ 2020-വരെയും 2022-ലും നദാൽ ഫ്രഞ്ച് ഓപ്പണിൽ മുത്തമിട്ടു. നാല് യു.എസ് ഓപ്പണും രണ്ട് വീതം വിംബിൾഡൺ, ഓസ്ട്രേലിയൻ ഓപ്പൺ കിരീടങ്ങളും നേടിയിട്ടുണ്ട്. ഈ വർഷം വിരമിക്കുമെന്ന് നദാൽ നേരത്തേ തന്നെ സൂചിപ്പിച്ചിരുന്നു.

Related Articles

Back to top button