LatestThiruvananthapuram

കെ.എസ്.ആര്‍.ടി.സിക്ക് കൂടുതല്‍ ഇലക്ട്രിക് ബസുകള്‍

“Manju”

കെ.എസ്.ആര്‍.ടി.സി. സിറ്റി സര്‍ക്കുലര്‍ രണ്ടാം ബാച്ച് ഇലക്ട്രിക് ബസുകള്‍ എത്തിത്തുടങ്ങി. സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി വാങ്ങുന്ന 113 ഇലക്ട്രിക് ബസുകളില്‍ നാലെണ്ണം ആനയറയിലെ സ്വിഫ്റ്റ് ആസ്ഥാനത്ത് എത്തി. ഐഷര്‍ കമ്പനിയുടെ അറുപതും പി.എം.ഐ. ഫോട്ടോണിന്റെ 53 ബസുകളുമാണ് വാങ്ങുന്നത്. ഇവയെല്ലാം നഗര ഉപയോഗത്തിനുള്ള ഒന്‍പത് മീറ്റര്‍ ബസുകളാണ്.

ഇപ്പോള്‍ 50 ഇലക്ട്രിക് ബസുകളാണ് ഓടുന്നത്. ജൂലായ് അവസാനത്തോടെ സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍പ്പെട്ട 113 ബസുകളും സിറ്റി സര്‍ക്കുലറിന്റെ ഭാഗമാകും. ഡീസല്‍ ബസുകളില്ലാത്ത സംസ്ഥാനത്തെ ആദ്യ ഹരിതനഗരമായി തലസ്ഥാനത്തെ മാറ്റാനാണ് നീക്കം. നഗരത്തിലെ ഗതാഗതസംവിധാനം പഠിച്ചശേഷം തയ്യാറാക്കിയ സിറ്റി സര്‍ക്കുലര്‍ റൂട്ടുകളിലേക്കാണ് പുതിയ ബസുകള്‍ വിന്യസിക്കുക.

നിലവിലുള്ള ഡീസല്‍ ബസുകള്‍ കൊച്ചി, കോഴിക്കോട് നഗരങ്ങളിലേക്കു മാറ്റും. കിഫ്ബിയുടെ രണ്ടാംഘട്ട ധനസഹായമായ 455 കോടി രൂപയ്ക്ക് 225 ഇലക്ട്രിക് ബസുകള്‍കൂടി വാങ്ങുന്നതിനും പദ്ധതി സമര്‍പ്പിച്ചിട്ടുണ്ട്.

സിറ്റി സര്‍ക്കുലര്‍ ബസുകളുടെ ടിക്കറ്റ് നിരക്ക് പത്ത് രൂപയില്‍ നിന്ന് അഞ്ച് രൂപയായി കുറയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. ഇതില്‍ അന്തിമതീരുമാനം എടുത്തിട്ടില്ല. ദിവസം ഒരുലക്ഷം യാത്രക്കാരെയാണ് ലക്ഷ്യമിടുന്നത്. ഇപ്പോള്‍ 46000 യാത്രക്കാരുണ്ട്. ടിക്കറ്റ് നിരക്ക് കുറച്ചതോടെയാണ് യാത്രക്കാര്‍ കൂടിയത്. വിശദമായ പഠനം നടത്തിയശേഷമാകും നിരക്ക് കുറയ്ക്കുന്നത് സംബന്ധിച്ച് തീരുമാനം എടുക്കുകയെന്നും മന്ത്രി വ്യക്തമാക്കി.

Related Articles

Back to top button