HealthKeralaLatest

മ്യൂക്കർമൈക്കോസിസ് രോഗം കേരളത്തിലും

“Manju”

കോശങ്ങളെ തിന്നു തീർക്കുന്ന പൂപ്പൽ

കൊച്ചി : കോശങ്ങൾ തിന്നു തീർക്കുന്ന പൂപ്പൽ രോഗം മ്യൂക്കർമൈക്കോസിസ് കേരളത്തിലും . കോട്ടയത്ത് ഒരാൾ മരിച്ചതോടെയാണ് അപൂർവ്വമായ ഈ ഫംഗസ് രോഗം ആശങ്ക പരത്തുന്നത് . ഇത്തരം ഫം​ഗസ് ബാധയെ തുടർന്ന് പത്തോളം പേ‍ർ മരിച്ചതായാണ് കണക്ക്. അഹമ്മദാബാദിൽ 44 പേർക്കും, ഡൽഹിയിൽ 13 പേർക്കും ഫംഗസ് ബാധയേറ്റു. കാഴ്ചശക്തി നഷ്ടമായതുൾപ്പെടെ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ബാധിച്ചവരും ഏറെയാണ്.

കൊറോണ മുക്തി നേടിയ ആളിന്റെ താടിയെല്ലിനു ഫംഗസ് ബാധ റിപ്പോർട്ട് ചെയ്തിരുന്നു. ക്യാൻസർ, പ്രമേഹം തുടങ്ങിയവയ്ക്കു ചികിത്സ തേടിയവർ, അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായവർ തുടങ്ങിയവർ ഫംഗസ് പിടിപെടാൻ സാധ്യതയുള്ളവരുടെ പട്ടികയിൽപെടുന്നു എന്നാണ് ആരോ​ഗ്യ വി​ദ​ഗ്ധർ നൽകുന്ന മുന്നറിയിപ്പ്.

കൊറോണ പോസിറ്റീവ് ആകുന്നവരിലെ സ്റ്റിറോയ്ഡ് ഉപയോഗമാണ് മ്യൂക്കർമൈക്കോസിസ് ബാധിക്കാനുള്ള ഒരു കാരണമായി ചൂണ്ടിക്കാട്ടുന്നത് . ഇത് പ്രതിരോധ ശേഷി ഇല്ലാതാക്കുന്നു. നിയന്ത്രണാതീതമായ പ്രമേഹമുള്ളവരും ‘ഹൈ റിസ്ക്’ വിഭാഗത്തിലാണ്. ആരോഗ്യമുള്ളവരിൽ സാധാരണ ഗതിയിൽ ഈ രോഗം കാണാറില്ല. അപകടത്തിൽ കോശങ്ങൾ ചതഞ്ഞ് പോകുന്ന അവസ്ഥയിൽ എത്തിയവർ‌ക്കും ഇത്തരത്തിൽ രോഗം കണ്ടെത്തിയിട്ടുണ്ട്.

ശരീരത്തിലെ രോഗ പ്രതിരോധ ശേഷി നഷ്ടപ്പെടുന്ന അവസ്ഥയിൽ ഇതു കോശങ്ങളെ ബാധിക്കുമ്പോഴാണ് അപകടമുണ്ടാക്കുന്നത്. കോശങ്ങളെ പൂപ്പൽ തിന്നു തീർക്കുന്നു. യഥാസമയം രോഗം കണ്ടെത്തി, ചികിത്സ തുടങ്ങിയില്ലെങ്കിൽ മരണ കാരണം വരെയാകാറുണ്ട് മ്യൂക്കർമൈക്കോസിസ്. തലച്ചോറിനെയും ശ്വാസകോശത്തേയും ബാധിച്ചാൽ രോഗം ഗുരുതരമാകുന്നു.

മസ്തിഷ്കം, തലയോട്ടിക്കുള്ളിലെ അറകൾ, ശ്വാസകോശം എന്നിവയെയാണ് മ്യൂക്കർമൈക്കോസിസ് പ്രധാനമായി ബാധിക്കുക. ഏത് അവയവത്തെയാണോ ബാധിച്ചത് എന്നത് അനുസരിച്ച് രോഗലക്ഷണങ്ങളും മാറും. മുഖത്തെ ഒരുഭാഗത്തു തടിച്ചു നീരുവരിക, പനി, തലവേദന തുടങ്ങിയവയാണു പൊതുവായ ലക്ഷണങ്ങൾ.

രോഗബാധയുണ്ടായാൽ ശരീരത്തിലെ ഒരു പ്രദേശത്ത് ആകെ ബാധിക്കും. ഇതു വേഗത്തിൽ പടരുകയും കോശങ്ങളെ ജീർണിപ്പിക്കുകയും ചെയ്യും. രക്തധമനികളിൽ ബാധിക്കുന്നതോടെ ശരീരത്തിന്റെ ആ ഭാഗത്തേക്ക് രക്തയോട്ടം ഇല്ലാതാകും. ശരീരത്തിൽ കുത്തിവയ്ക്കുന്ന മരുന്ന് മറ്റു ഭാഗത്തേക്ക് എത്തുന്നതു പോലും ഇതു തടയും.

വേഗത്തിൽ കണ്ടെത്തുകയും മറ്റ് ഭാഗങ്ങളിലേക്ക് പകരുന്നതിനു മുൻപ് ചികിത്സ ആരംഭിക്കുകയും ചെയ്യുകയാണ് പ്രധാനം. ക്യാന്‍സർ ചികിത്സ പോലെ ഫംഗസ് ബാധിച്ച കോശങ്ങളെ ഇല്ലാതാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. എന്നാൽ കൂടുതൽ പ്രദേശത്തേക്ക് ബാധിച്ചാൽ ചികിത്സയ്ക്ക് പരിമിതിയുമുണ്ടാകും

Related Articles

Back to top button