KannurKeralaLatest

കണ്ണൂര്‍-മട്ടന്നൂര്‍ സംസ്ഥാന പാതയില്‍ പൊലിസുകാരന്‍ ഓടിച്ച കാറിടിച്ച്‌ വഴിയാത്രക്കാരിക്ക് ദാരുണാന്ത്യം

“Manju”

മട്ടന്നൂര്‍: കണ്ണൂര്‍ -മട്ടന്നൂര്‍ വിമാനത്താവള സംസ്ഥാന പാതയില്‍ അമിത വേഗതയിലെത്തിയ കാറിടിച്ചു വഴിയാത്രക്കാരിയായ മധ്യവയസ്‌ക മരിച്ചു.
ഏച്ചൂര്‍ കമാല്‍ പീടികയ്ക്ക് സമീപം ബുധനാഴ്ച്ച ഉച്ചയ്ക്കാണ് അപകടമുണ്ടായത്. മുണ്ടേരി വനിതാ സഹകരണ സംഘം ബില്‍ കലക്ടര്‍ ബി. ബീനയാണ് മരിച്ചത്. അമിത വേഗതയില്‍ നിയന്ത്രണം വിട്ട കാര്‍ വഴിയാത്രക്കാരിയെ ഇടിച്ചതിനു ശേഷം ഏറെ മുന്‍പോട്ടു പോയാണ് നിന്നത്.
നാട്ടുകാര്‍ ഇവരെ കണ്ണൂരിലെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാറിന്റെ അമിത വേഗത വ്യക്തമാക്കുന്ന സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ പൊലിസിന് ലഭിച്ചിട്ടുണ്ട്. കണ്ണൂര്‍ ടൗണ്‍ പൊലിസ് സ്റ്റേഷനിലെ പൊലിസുകാരന്‍ ലിതേഷ് ഓടിച്ച കാറാണ് അപകടമുണ്ടാക്കിയത്. ഇയാള്‍ക്കെതിരെ പൊലിസ് കേസെടുത്തിട്ടുണ്ട്. വാഹനം പൊലിസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി.
മരിച്ച ബീനയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി ഇന്‍ക്വസ്റ്റ് നടത്തി കണ്ണൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. റോഡരികിലൂടെ പോയ വഴി യാത്രക്കാരിയെയാണ് കാറിടിച്ചു വീഴ്ത്തിയത്. തൊട്ടടുത്ത വീട്ടിലെ സിസിടിവി ക്യാമറയില്‍ നിന്നാണ് അപകട ദൃശ്യങ്ങള്‍ പൊലിസിന് ലഭിച്ചത്. കാലവര്‍ഷം തുടങ്ങിയതോടെ അപകടമരണങ്ങളും കണ്ണൂരില്‍ പെരുകുകയാണ്.
ദേശീയപാതയിലും മാഹി-തലശേരി ബൈപ്പാസ് റോഡിലും നിരവധിയാളുകളാണ് കൊല്ലപ്പെട്ടത്. ഇരുചക്രവാഹനക്കാരും കാര്‍ യാത്രക്കാരും വഴിയാത്രക്കാരുമാണ് കൊല്ലപ്പെടുന്നവരില്‍ കൂടുതലെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.

Related Articles

Back to top button