പ്രവാസി വിഷയങ്ങള്‍ അവഗണിക്കപ്പെടുന്നു…
കുവൈത്ത് സിറ്റി: പ്രവാസി സമൂഹം ചരിത്രത്തിലില്ലാത്ത ദുരിതങ്ങളിലൂടെയും അനിശ്ചിതത്വങ്ങളിലൂടെയും കടന്നുപോകുമ്പോഴും പ്രവാസി വിഷയങ്ങള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ അര്‍ഹമായ രീതിയില്‍ ചര്‍ച്ചയാകുന്നില്ല.വിശ്വാസവും വിവാദങ്ങളും കിറ്റും രംഗം കൈയടക്കിയപ്പോള്‍ പ്രവാസി കളത്തിനു പുറത്തായി. വോട്ടുവിമാനങ്ങളും സ്വന്തംനിലക്ക് നാട്ടിലെത്തി വോട്ടുചെയ്യുന്ന സാഹചര്യവും ഇല്ലാതായത് അവഗണനക്ക് ആക്കംകൂട്ടി.സംഘടിത വോട്ടുബാങ്കായി രൂപപ്പെടാത്തതുകൊണ്ട് തങ്ങളുടെ പ്രശ്നങ്ങള്‍ മുഖ്യധാര രാഷ്ട്രീയ കക്ഷികളുടെ പ്രധാന അജണ്ടകളില്‍ ഉള്‍പ്പെടുത്താന്‍ പ്രവാസികള്‍ക്ക് ആവുന്നില്ല.മുന്‍കാലങ്ങളില്‍ വിമാനടിക്കറ്റ് നിരക്കും മറ്റുമായിരുന്നു പ്രശ്നമെങ്കില്‍ ഇപ്പോള്‍ അക്ഷരാര്‍ഥത്തില്‍ നിലനില്പ് ഭീഷണിയിലാണ്.
തൊഴില്‍ നഷ്ടപ്പെട്ട് പതിനായിരങ്ങളാണ് ഗള്‍ഫില്‍നിന്ന് നാടണഞ്ഞത്. ഗള്‍ഫിലുള്ളവര്‍ക്കും തൊഴില്‍നഷ്ട ഭീഷണിയുണ്ട്.സ്വന്തം സംരംഭങ്ങളുള്ളവര് വരവും ചെലവും ഒത്തുപോകാതെ കഷ്ടത്തിലാണ്. തിരിച്ചെത്തിയാല്‍ എന്ത് എന്ന ചോദ്യത്തിനു മുന്നില്‍ അവര്‍ പകച്ചുപോകുന്നു. മുന്നണികളുടെ പ്രകടനപത്രികയില്‍ പ്രവാസി പുനരധിവാസവും തൊഴില്‍ നൈപുണ്യ വികസനവും ഇടംപിടിച്ചിട്ടുണ്ടെങ്കിലും പ്രചാരണ രംഗത്ത് ഇവ ചര്‍ച്ചയാകുന്നില്ല.