ന്യൂഡല്‍ഹി: ചലച്ചിത്രലോകത്ത് രാജ്യമെമ്പാടുമുള്ള ആരാധരെ വിട്ടകന്ന ബോളിവുഡ് താരം ദിലീപ് കുമാര്‍ സമാനതകളില്ലാത്ത അഭിനയ പ്രതിഭയായിരുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. ചലച്ചിത്ര ഇതിഹാസമായി അദ്ദേഹം ഓര്‍മിക്കപ്പെടും -മോദി ട്വീറ്റ് ചെയ്തു.
“തനതായ അഭിനയ മികവിലൂടെ തലമുറകളായുള്ള പ്രേക്ഷകരെ അദ്ദേഹം ആരാധകരാക്കി മാറ്റി. സാംസ്കാരിക ലോകത്തിന് കനത്ത നഷ്ടമാണ് ദിലീപ് കുമാറിന്റെ വിയോഗം. കുടുംബാംഗങ്ങളേയും സുഹൃത്തുക്കളേയും ആരാധകരേയും അനുശോചനമറിയിക്കുന്നു .” മോദി ട്വീറ്റില്‍ കുറിച്ചു .
ഇന്ന് രാവിലെയാണ് ബോളിവുഡ് ഇതിഹാസ താരമായ ദിലീപ് കുമാര്‍ (98) വിട പറഞ്ഞത്. മുംബൈയിലെ ഹിന്ദുജ ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. കഴിഞ്ഞ ബുധനാഴ്ച ശ്വാസതടസ്സത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.