സംസ്ഥാന ആരോഗ്യവകുപ്പ് രൂപം നല്കിയ ഇ ഹെല്‍ത്ത് വെബ് പോര്‍ട്ടല്‍ (ehealth.kerala.gov.in) വഴി ആശുപത്രികളിലെ മുന്‍കൂട്ടിയുള്ള അപ്പോയ്മെന്റ് എടുക്കാന്‍ സാധിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പദ്ധതി നടപ്പാക്കിയിട്ടുള്ള ആശുപത്രികളിലായിരിക്കും ഈ സൗകര്യം. നിലവിൽ സംസ്ഥാനത്തെ മുന്നൂറ് സര്‍ക്കാര്‍ ആശുപത്രികളെ കൂട്ടിയിണക്കിയാണ് ഇ ഹെല്‍ത്ത് പദ്ധതി നടപ്പാക്കുന്നത്. മുന്‍കൂട്ടിയുള്ള ഓണ്‍ലൈന്‍ ബുക്കിംഗ് വഴി നിശ്ചിത തീയതിയിലും സമയത്തും ഡോക്ടറുടെ സേവനം ലഭ്യമാകും. ഒപി ടിക്കറ്റുകള്‍, ടോക്കണ്‍ സ്ലിപ്പുകള്‍ എന്നിവയുടെ ഓണ്‍ലൈന്‍ പ്രിന്റിംഗ് സാധ്യമാകും. അതേസമയം ആശുപത്രി വഴിയുള്ള അപ്പോയ്മെന്റ് അതുപോലെ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
ഒരാളിന്റെ ആരോഗ്യ സംബന്ധമായ എല്ലാ വിവരങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു ഏകീകൃത തിരിച്ചറിയല്‍ നമ്പരും ഈ വെബ്പോര്‍ട്ടല്‍ വഴി ലഭ്യമാകും. ആശുപത്രിയെക്കുറിച്ചുള്ള വിവരങ്ങള്‍, ലഭ്യമായ സേവനങ്ങള്‍, ചികിത്സാ സമയം, ലാബ് ടെസ്റ്റുകളെക്കുറിച്ചുള്ള വിവരങ്ങള്‍ എന്നിവയും പോര്‍ട്ടല്‍ വഴി അറിയാന്‍ സാധിക്കും.
ഇ ഹെല്‍ത്ത് വഴിയുള്ള സേവനങ്ങള്‍ ലഭിക്കുവാന്‍ ആദ്യമായി ഒരു തിരിച്ചറിയില്‍ നമ്പർ സൃഷ്ടിക്കണം. അതിനായി https://ehealth.kerala.gov.in എന്ന പോര്‍ട്ടലില്‍ കയറി രജിസ്റ്റര്‍ ലിങ്ക് ക്ലിക്ക് ചെയ്യണം. അതില്‍ ആധാര്‍ നമ്പർ നല്‍കുക. തുടര്‍ന്ന് ആധാര്‍ രജിസ്റ്റര്‍ ചെയ്ത നമ്ബറില്‍ ഒ ടി പി വരും. ഈ ഒ ടി പി നല്കിയാല് ഓണ്‍ലൈന്‍ വ്യക്തിഗത ആരോഗ്യ തിരിച്ചറിയല്‍ നമ്പര്‍ ലഭ്യമാകും. ആദ്യതവണ ലോഗിന്‍ ചെയ്യുമ്ബോള്‍ ഇത്തരത്തിലുള്ള 16 അക്ക വ്യക്തിഗത ആരോഗ്യ തിരിച്ചറിയല്‍ നമ്ബറും പാസ്വേഡും മൊബൈലില്‍ മെസേജായി ലഭിക്കും. ഈ തിരിച്ചറിയല്‍ നമ്പറും പാസ്വേഡും ഉപയോഗിച്ച് ആശുപത്രികളിലേക്കുള്ള നിശ്ചിത തീയതിയിലേക്കും സമയത്തും അപ്പോയ്മെന്റ് എടുക്കാന്‍ സാധിക്കും.