കുട്ടികള്‍ക്കായി യൂട്യൂബ് ചാനല്‍
തിരുവനന്തപുരം: ‘കിടു കിഡ്സ്’ എന്ന പേരില്‍ കുട്ടികള്‍ക്കായി പുതിയ യുട്യൂബ് ചാനലുമായി സിപിഐഎം. കുട്ടികളുടെ പ്രതിഭ തിരിച്ചറിഞ്ഞ് സമൂഹത്തിന്റെ മുന്‍ നിരയിലേക്ക് കൊണ്ടുവരിക എന്നതാണ് ചാനലിന്റെ പ്രധാന ലക്ഷ്യം. ഭിന്നശേഷിക്കാരായ കുട്ടികളെ പ്രോത്സാഹിപ്പിക്കാനും പ്രത്യേക പരിപാടികളും ചാനലിന്റെ ഭാഗമായി അവതരിപ്പിക്കും.
ജൂലൈ 24-ന് ചാനലിന് വരിക്കാരെ വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന വ്യാപകമായി പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കും. സംസ്ഥാനത്ത ബാലസംഘം യൂണിറ്റുകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്താനും സിപിഐഎം തീരുമാനിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെയോ വര്‍ഗബഹുജന സംഘടനകളുടെയോ നേരിട്ടുള്ള ഉടമസ്ഥതയിലല്ലാതെ സ്വതന്ത്രമായിട്ടായിരിക്കും ചാനലിന്റെ പ്രവര്‍ത്തനം. ചാനലില്‍ സംപ്രേഷണം ചെയ്യാനുള്ള കുട്ടികളുടെ പരിപാടികള്‍ ബാലസംഘം വഴി നല്‍കും.
സിപിഐഎം നവമാധ്യമ വിഭാഗം രൂപകല്‍പ്പന ചെയ്ത ചാനലിന്റെ പരീക്ഷണ ഓട്ടം ആരംഭിച്ചു. കുട്ടികള്‍ അവതരിപ്പിക്കുന്ന കാവ്യാലാപനം, നൃത്തം, നാടകം തുടങ്ങിയ കലാപരിപാടികളും ശാസ്ത്രബോധം വളര്‍ത്തുന്ന പരിപാടികളുമാണ് ചാനലിന്റെ ഉള്ളടക്കം. ബാലസംഘവും സിപിഐഎമ്മിന്റെ നവമാധ്യമവിഭാഗവും ചേര്‍ന്നാകും ചാനല്‍ പ്രവര്‍ത്തനം ഏകോപിപ്പിക്കുക.സങ്കീര്‍ണമായ ശാസ്ത്രതത്വങ്ങളും ശാസ്ത്രകൗതുകങ്ങളും ലളിതവും രസകരവുമായി അവതരിപ്പിക്കുന്ന എഴുത്തുകാരന് പ്രൊഫ. എസ് ശിവദാസിന്റെ പരിപാടികളും സംപ്രേഷണം ചെയ്യും.