വിവിധ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയിലുടനീളം നാളെ നടക്കുന്ന മോക്ക് ഡ്രില്ലിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് മോക്ക് ഡ്രില്‍ സംഘടിപ്പിയ്ക്കുന്നത്.
കേസുകള്‍ വര്‍ധിച്ചാല്‍ ഈ സാഹചര്യത്തെ നേരിടുന്നതിന് എല്ലാ സംസ്ഥാനങ്ങളിലേയും ആരോഗ്യ കേന്ദ്രങ്ങളെ സജ്ജമാക്കുന്നതിനായാണ് മോക്ക് ഡ്രില്‍ നടത്തുന്നത്. ജില്ലാ കളക്ടര്‍മാരുടെ മേല്‍നോട്ടത്തിലായിരിക്കും ആരോഗ്യവകുപ്പ് മോക്ഡ്രില്‍ നടത്തുക. ഇതിനായി കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ് സംസ്ഥാന ആരോഗ്യ സെക്രട്ടറിമാര്‍ക്ക് വിശദമായ നിര്‍ദേശങ്ങള്‍ കൈമാറിയിട്ടുണ്ട്. നാളെ വൈകീട്ട് തന്നെ മോക്ക് ഡ്രില്‍ ഫലം എല്ലാ സംസ്ഥാനങ്ങളും അപ്ലോഡ് ചെയ്യും.
ഓരോ സംസ്ഥാനങ്ങളിലേയും ആകെയുള്ള ഐസൊലേഷന്‍ വാര്‍ഡുകളുടെയും ഐ.സി.യു, വെന്റിലേറ്റര്‍ സൗകര്യങ്ങളുടെയും ലഭ്യത ഇതിലൂടെ പരിശോധിക്കും.